കൈക്കൂലി നാടിനും വകുപ്പിനും ദുഷ്പേരുണ്ടാക്കിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മണ്ണാർക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്‍റിനെ കൈക്കൂലിക്കേസിൽ പിടിച്ച സംഭവം നാടിനും വകുപ്പിനും സർവിസിനും മൊത്തം ദുഷ്പേരുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ (കെ.എം.സി.എസ്.യു) 54-ാം സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി ഏറ്റവും കുറവുള്ള നാടെന്ന നിലയിൽ ഖ്യാതി നേടിയ നാട്ടിൽ അഴിമതിയിൽ ഡോക്ടറേറ്റ് എടുത്ത ചിലരുമുണ്ട്. അത്തരത്തിൽ ഒരു ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വില്ലേജ് ഓഫിസ് എന്നത് ചെറിയ ഓഫിസാണ്. അവിടെ ഇരിക്കുന്നവർക്കെല്ലാം പരസ്പരം കാണാൻ കഴിയും. അതിലൊരാൾ വഴിവിട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നു. എന്നിട്ടും സാങ്കേതികമായി ‘ഞാനറിയില്ല, ഞാൻ കൈക്കൂലി വാങ്ങിയില്ല’ എന്ന് അവിടെയുള്ളവർക്ക് പറയാം. പക്ഷേ, ഈ ‘മഹാൻ’ ഇത്തരമൊരു ജീവിതം നയിക്കുമ്പോൾ മറ്റുള്ളവർക്ക് തീരെ മനസ്സിലാക്കാൻ കഴിയില്ലേ. ഇതാണ് നാം ആലോചിക്കേണ്ടത്. ഒരാൾ തെറ്റായ ജീവിതരീതി സ്വീകരിച്ചാൽ സഹപ്രവർത്തകർ ഇടപെട്ട് തിരുത്തണം.
ജനങ്ങൾ കൂടുതൽ പ്രശ്നം നേരിടുന്നത് രണ്ടിടത്തുനിന്നാണ്. പ്രധാനമായും റവന്യൂ, തദ്ദേശ സ്ഥാപന ഓഫിസുകൾ. ഇതുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളാണ് താലൂക്ക്തല അദാലത്തിൽ ഉയർന്നുവന്നത്. സർക്കാറിനെ സംബന്ധിച്ചിടത്തോളം അഴിമതിയോട് വിട്ടുവീഴ്ചയില്ല. അഴിമതിക്കാരെ സംരക്ഷിക്കില്ല. സർവിസ് മേഖല ഇത് മനസ്സിലാക്കണം. ഇന്നത്തെ കാലം ഒന്നും അതിരഹസ്യമല്ല. എല്ലാം എല്ലാവരും മനസ്സിലാക്കുന്നുണ്ട്. പിടികൂടപ്പെടുന്നത് ചിലപ്പോൾ മാത്രമായിരിക്കും. അതിൽനിന്ന് രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാൻ കഴിയില്ല. പിടികൂടിയാൽ വലിയ തോതിലുള്ള പ്രയാസം അനുഭവിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് എൻ.എസ്. ഷൈൻ അധ്യക്ഷത വഹിച്ചു.