മുതലപ്പൊഴി അപകടം: മൂന്ന് മൃതദേഹങ്ങൾ കിട്ടി
text_fieldsകഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സുരേഷ് ഫെർണാണ്ടസ് (56), റോബിൻ (48) ബിജു (49) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന തിങ്കളാഴ്ച രാവിലെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ (40) അബോധാവസ്ഥയിൽ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകടം നടന്ന അന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ ആറോടെ നാവികസേന, മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചിരുന്നു. ഉച്ചക്ക് 12 ഓടെ പുലിമുട്ടിൽ കുരുങ്ങിയനിലയിൽ സുരേഷ് ഫെർണാണ്ടസിന്റെയും വൈകീട്ട് നാലോടെ പുലിമുട്ടിലെ പാറയിടുക്കിൽനിന്ന് ബിജുവിന്റെയും മൃതദേഹം കണ്ടെടുത്തു. വൈകീട്ട് അഞ്ചോടെ തിരച്ചിൽ നിർത്തി. വൈകീട്ട് ആറോടെ മുതലപ്പൊഴി ഹാർബർ ലേലപ്പുരക്ക് സമീപത്തെ കായലിൽനിന്ന് റോബിന്റെ മൃതദേഹവും കണ്ടെത്തി. കായൽക്കരയിൽ ചൂണ്ടയിടുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
പുതുക്കുറിച്ചി സ്വദേശി ആൻറണി ലോപ്പസിന്റെ ഉടമസ്ഥതയിലുള്ള പരലോകമാത ബോട്ടാണ് തിങ്കളാഴ്ച പുലർച്ച നാലോടെ അപകടത്തിൽപെട്ടത്. നാലു പേരടങ്ങുന്ന സംഘമാണ് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മുതലപ്പൊഴി ഹാർബർ കവാടം കടക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.
അപകടമറിഞ്ഞ് സംഭവദിവസം മുതലപ്പൊഴിയിലെത്തിയ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു എന്നിവരെ തടഞ്ഞ മത്സ്യത്തൊഴിലാളികൾ രണ്ടിടത്ത് റോഡ് ഉപരോധിച്ചു. പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്ത് മൂന്ന് മന്ത്രിമാരുടെ നേരെയും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമുണ്ടായി. തുടർച്ചയായി അപകടമുണ്ടായിട്ടും സർക്കാർ ഇടപെടാത്തത് മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തു. കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളോട് ഷോ വേണ്ടെന്ന മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണത്തോടെയാണ് പ്രതിഷേധം നടന്നത്.
മത്സ്യത്തൊഴിലാളികളും മന്ത്രിമാരും വാക്കേറ്റം രൂക്ഷമായതോടെ അപകടമുണ്ടായ പ്രദേശത്തേക്ക് പോകാതെ മന്ത്രിമാർ മടങ്ങി.വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം പൊളിഞ്ഞതിലുള്ള ദേഷ്യമാണോ മന്ത്രിമാരോട് തീർത്തതെന്നറിയില്ല എന്നായിരുന്നു തിരുവനന്തപുരത്ത് തിരിച്ചെത്തിയശേഷം മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.
മന്ത്രിമാർ മടങ്ങിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികൾ ആദ്യം പെരുമാതുറ റോഡും പിന്നീട് പുതുക്കുറിച്ചി റോഡും ഉപരോധിച്ചു. കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും പ്രതിഷേധത്തിനെത്തി.
കേസ് പൊലീസ് സ്വമേധയാ എടുത്തത്, അന്വേഷിക്കട്ടെ -ആന്റണി രാജു
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അനിഷ്ടസംഭവങ്ങളിൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തതെന്നും അവർ അന്വേഷിക്കട്ടെയെന്നും മന്ത്രി ആന്റണി രാജു. പൊലീസ് അവിടെയുണ്ടായിരുന്നു. മുതലപ്പൊഴിയിൽ അശാസ്ത്രീയ നിർമാണമാണെന്ന് എല്ലാവർക്കും അറിയാം. അത് ആരുടെ കാലത്താണെന്ന് നിർമിച്ചതെന്ന് അവിടെ വന്ന കോൺഗ്രസുകാർക്കും അറിയാം. അശാസ്ത്രീയ നിർമാണം പരിഹരിക്കണമെന്ന ആവശ്യത്തിന് മുന്നിൽ സർക്കാറും ഉണ്ടാകും. ഇത് കോൺഗ്രസിന് ഭൂഷണമല്ല. പാർട്ടിയുടെ പേരിൽ പ്രതിഷേധിക്കാൻ കഴിയാത്തത് കൊണ്ടാണ് മറ്റ് ചില ബാനറുകളുടെ പേരിൽ പ്രതിഷേധിക്കാൻ ശ്രമിച്ചത്.
കോൺഗ്രസിലെ ഒരു വനിത നേതാവാണ് പ്രതിഷേധിക്കാൻ മുന്നിലുണ്ടായിരുന്നത്. രൂപതയുടെ വനിത സംഘടനയുടെ പ്രതിനിധി കൂടിയായ ഇവർ കോൺഗ്രസ് നേതാവായാണോ രൂപത പ്രതിനിധിയായാണോ വന്നതെന്ന് അറിയില്ല.
മരിച്ചയാളുടെ വീട്ടിൽ തങ്ങൾ മൂന്നുപേരും പോയശേഷമാണ് മടങ്ങിയത്. സീൻ ഉണ്ടാക്കേണ്ടെന്ന് കരുതിയാണ്, അല്ലാതെ ഇവരാരെയും പേടിച്ചല്ല പ്രതിഷേധ സ്ഥലത്തുനിന്ന് വേഗത്തിൽ മടങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.