മലപ്പുറം: ‘അന്ധരായവരെ അംഗീകരിക്കാൻ സമൂഹത്തിന് പ്രയാസമാണ്. എത്ര കഴിവ് തെളിയിച്ചാലും കണ്ടില്ലെന്ന് നടിക്കാനുള്ള മനോഭാവം കൂടുതലാണ്... ഷറഫുന്നീസയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത് ഇച്ഛാശക്തിയുടെ കരുത്ത്. മലപ്പുറം ഗവ. ഗേൾസ് എച്ച്.എസ്.എസിലെ വായനാമുറിക്കുള്ളിൽ, ആ അധ്യാപികയുടെ വാക്കുകളിലെ പ്രകാശം തിളങ്ങിനിന്നു. അരിമ്പ്രയിലെ കൂലിപ്പണിക്കാരനായ ഉപ്പയുടെ ഒമ്പത് മക്കളിൽ മൂന്നാമത്തവൾ. ആറുവയസ്സ് വരെ കണ്ണുകളിൽ മുഴുവൻ ഇരുട്ടായിരുന്നു. പിന്നീട് കുറച്ച് വെളിച്ചം കാണാൻ തുടങ്ങി.
കോഴിക്കോട് കൊളത്തറ ഭിന്നശേഷി വിദ്യാലയത്തിൽ ഏഴുവരെ പഠനം. അരിമ്പ്ര ജി.എച്ച്.എസ്.എസിൽനിന്ന് ഡിസ്റ്റിങ്ഷനോടെ പത്താംക്ലാസ് പാസായി. ഡി.ഡി.ഇയുടെ പ്രത്യേകാനുവാദം വാങ്ങിയാണ് അന്ന് സാധാരണ സ്കൂളിൽ പഠിച്ചത്. അധ്യാപകനായ മജീദിെൻറ സഹായത്തോടെയാണ് റെക്കോഡ് ചെയ്ത പാഠഭാഗവും ബ്രയിൽ ലിപി പുസ്തകങ്ങളും ലഭിച്ചത്.
പ്രീഡിഗ്രിയും ഡിഗ്രിയും ഫാറൂഖ് കോളജിൽ. 2003ൽ ടി.ടി.സിക്കുശേഷം സ്വപ്നമായ അധ്യാപനജോലിയിൽ. കൊണ്ടോട്ടി ചെറയിൽ ജി.യു.പി.എസിലായിരുന്നു നിയമനം. 2006ൽ അവധിയിൽ പ്രവേശിച്ച് ബി.എഡിന് ചേർന്നു. ബി.എഡിനുശേഷം സ്ഥാനക്കയറ്റത്തോടെ സർവിസിലേക്ക് തിരിച്ചെത്തി. ഒരു വിദ്യാർഥി തന്നെക്കുറിച്ചെഴുതിയ നാല് പേജ് നല്ല വാക്കുകൾ ഹൃദയത്തിൽ ചേർത്ത് വെക്കാവുന്ന അനുഭവമാണെന്ന് ടീച്ചർ പറയുന്നു.
കാഴ്ചപരിമിതരായ അധ്യാപകർക്ക് എല്ലാവരെയും പോലെ പഠിപ്പിക്കാൻ സാധിക്കും. താൻ ടീച്ചറാണെന്ന് കേൾക്കുമ്പോൾ പലർക്കും അമ്പരപ്പാണ്- ഷറഫുന്നീസ പറഞ്ഞു. സഹപ്രവർത്തകരുടെ സഹകരണവും വിദ്യാർഥികളുടെ മനോഭാവവുമൊക്കെ കാഴ്ചപരിമിതരായ അധ്യാപകരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇത്തരം അധ്യാപകർക്കുള്ള ഐ.ടി പരിശീലനം ലഭിക്കുന്നില്ലെന്നും അത് അത്യാവശ്യമാണെന്നുമാണ് ടീച്ചർക്ക് ആവശ്യപ്പെടാനുള്ളത്. ഇനിയുള്ള സ്വപ്നം മലയാളത്തിൽ ഡോക്ടറേറ്റ് എടുക്കണമെന്നതാണ്. അധ്യാപകനായ സുധീറാണ് ഭർത്താവ്. ഇദ്ദേഹവും ഉമ്മയും സഹോദരവും കാഴ്ചപരിമിതിയുള്ളവരാണ്.