തിരുവനന്തപുരം: പരിസ്ഥിതി പരിഗണിക്കാതെയുള്ള വികസനം വരുത്തിയ ദുരന്തങ്ങളുടെ വിറങ്ങലിക്കുന്ന നേരനുഭവങ്ങൾക്കുമുന്നിൽ സിൽവർ ലൈനിലടക്കം പുനരാലോചനകൾക്ക് ആവശ്യമേറുന്നു. സംസ്ഥാനത്തിെൻറ ഗതാഗത വികസനത്തിൽ കാര്യമായ മുൻഗണനയല്ലാത്തതും കേരളം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങെള കൂടുതൽ രൂക്ഷമാക്കുന്നതുമാണ് സിൽവർ ലൈനെന്നാണ് വിമർശനമേറെയും. പാതയുടെ പകുതിയോളവും നാലു മുതൽ എട്ടു വരെ മീറ്റർ ഉയരത്തിൽ ഭിത്തി കെട്ടി ഉയർത്തിയാണ് പദ്ധതിയിൽ പാളങ്ങൾ നിർമിക്കുന്നത്. ഇതിന് പ്രകൃതി വിഭവങ്ങൾ നല്ല തോതിൽ ഉപയോഗിക്കേണ്ടിവരും. ആകെ 532.19 കിലോമീറ്ററിൽ 292.73 കിലോമീറ്ററും ഇത്തരത്തിലാണ് നിർമിക്കേണ്ടത്.
കോട്ടയത്ത് സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്നത് കൊടൂരാറിെൻറ തീരത്താണ്. വർഷത്തിൽ പകുതിയിലേറെയും വെള്ളക്കെട്ടുള്ള ഇവിടം നികത്തൽ പ്രായോഗികമല്ല. പാത കടന്നുപോകുന്ന പലയിടങ്ങളും ചതുപ്പുനിലമാണ്. ഇരുവശങ്ങളിലും സുരക്ഷാ മതിൽ കെട്ടാൻ ആഴത്തിലുള്ള പൈലിങ് ആവശ്യമാണ്. 300 ലക്ഷം ലിറ്റർ വെള്ളം നിർമാണത്തിനുവേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇത്തരം പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി ജനങ്ങളെ ബോധവത്കരിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി സംഘടനകളും ആക്ഷൻ കൗൺസിലുകളും.
സിൽവർ ലൈൻ നിർമാണം പരിസ്ഥിതിക്ക് വിനാശകരമായ പദ്ധതിയാണെന്നും പൊതുഗതാഗതത്തിൽ ഒരു മുൻഗണനയുമില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന് മേധാവി ഡോ. കെ.ജി. താര 'മാധ്യമ'ത്തോട് പറഞ്ഞു. ''കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് പൂജ്യം ശതമാനമാണ് ഇത്തരമൊരു പദ്ധതിയുടെ മുൻഗണന. അതുകൊണ്ടുതന്നെ എതിർക്കപ്പെടേണ്ടതുമാണ്. ദൗർഭാഗ്യകരമാണെങ്കിലും ഒാർമപ്പെടുത്തലെന്നോണം പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിേശഷിച്ചും. വലിയ കോൺക്രീറ്റ് നിർമിതികളാണ് ഇതിലേറെയും. പാതക്ക് 25-30 മീറ്ററാണ് ഏറ്റെടുക്കുന്നതെന്നാണ് പറയുന്നതെങ്കിലും 100 മീറ്ററെങ്കിലും വേണ്ടിവരുെമന്നും'' അവർ ചൂണ്ടിക്കാട്ടുന്നു.