Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആധാർ...

ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷനില്ല

text_fields
bookmark_border
aadhaar 7222
cancel

തൃശൂർ: റേഷൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർക്ക് ഇനി റേഷൻ നൽകാനാവില്ലെന്ന് പൊതുവിതരണ വകുപ്പ്. ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി പൊതുവിതരണം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് കർശന നടപടി. ഈമാസം 20നകം പ്രക്രിയ പൂർത്തിയാക്കുവാനാണ് നിർദേശം. അതുകൊണ്ടുതന്നെ ആധാറില്ലാത്ത അംഗങ്ങളുടെ പേരുകൾ കാർഡിൽനിന്ന് ഒഴിവാക്കുകയാണ്.

റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുകളിലും സംസ്ഥാന സബ്സിഡി (നീല), പൊതു (വെള്ള) കാർഡുകളിലും ഇനിയും അംഗങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അതേസമയം, കാർഡിന് വിഹിതം ലഭിക്കുന്ന മഞ്ഞ, വെള്ള കാർഡുകളിലെ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന റേഷൻ കുറയില്ല. എന്നാൽ, അംഗങ്ങൾക്ക് വിഹിതമുള്ള പിങ്ക്, നീല കാർഡുകളിൽ അംഗങ്ങളെ ഒഴിവാക്കിയാൽ ലഭിക്കുന്ന അളവ് കുറയും.

മൂന്നു ജില്ലകളിൽ സമ്പൂർണമായി ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലാണ് ആദ്യമായി ഇത് പൂർത്തിയായത്. പിന്നാലെ പത്തനംതിട്ടയിലും കൊല്ലത്തും നടന്നു. ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട് ജില്ലകൾ പിറകിലാണ്. ആദിവാസികൾ അടക്കമുള്ള റേഷൻകാർഡ് ഉടമകളുള്ള ഇടുക്കി, വയനാട് ജില്ലകളിൽ ബയോമെട്രിക് രേഖകൾ തെളിയാത്തവർ ഏറെയാണ്. ഇവരുടെ കാര്യത്തിൽ റേഷൻ കാർഡിൽ പ്രത്യേക പരിഗണന നൽകും. കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മാനസിക വൈകല്യമുള്ളവർ, ഓട്ടിസം ബാധിച്ചവവർക്കും ഈ ആനുകൂലം ലഭിക്കും. കഴിഞ്ഞ കേരള പിറവി ദിനത്തിൽ സ്മാർട്ട് റേഷൻ കാർഡ് വരുന്നതിന്റെ ഭാഗമായി റേഷൻ കാർഡ് അംഗങ്ങളുടെ ആധാർ ബന്ധിപ്പിക്കൽ 100 ശതമാനവുമാവുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാലിത് പൂർത്തിയാവാത്ത സാഹചര്യത്തിലാണ് കർശന നടപടികളുമായി വീണ്ടും രംഗത്തുവന്നത്.

സംസ്ഥാനത്ത് 92,88,126 റേഷൻ കാർഡുകളാണുള്ളത്. ഈ റേഷൻ കാർഡുകളിൽ 3,54,30,614 അംഗങ്ങളുമാണുള്ളത്. ഇതിൽ 98 ശതമാനം അംഗങ്ങൾ ആധാർ ബന്ധിപ്പിച്ചു കഴിഞ്ഞു. ആറു ലക്ഷത്തിൽ അധികം അംഗങ്ങൾ ഇനിയും ബന്ധിപ്പിക്കാനുണ്ട്.

Show Full Article
TAGS:ration shop aadhaar card 
News Summary - No more ration for those who do not link Aadhaar
Next Story