മന്ത്രി മനസ്സിൽ കരുതിയത് നിജോമോൻ പേപ്പറിലെഴുതിക്കാട്ടി, സദസിന്റെ കൈയടി നേടി എട്ടാം ക്ലാസ് വിദ്യാർഥി
text_fieldsചെങ്ങന്നൂർ: മന്ത്രി മനസ്സിൽ വിചാരിച്ചത് പേപ്പറിൽ എഴുതിക്കാണിച്ച എട്ടാം ക്ലാസ് വിദ്യാർഥിയുടെ പ്രകടനം സദസിന്റെ കൈയടി നേടി. വ്യാപാര ഭവനിൽ നടന്ന ‘മാന്നാർ മീഡിയസെന്ററി’ന്റെ ഓണാഘോഷ- കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി സജി ചെറിയാൻ. ദൃശ്യമാധ്യമ പ്രവർത്തകനുമായ മല്ലപ്പള്ളി തുരുത്തിക്കാട് ചെറുകുന്നേൽ നിബു-ജ്യോതി ദമ്പതികളുടെ മകനും 12 വയസ്സുകാരനുമായ നിജോമോൻ നിബുവാണ് മന്ത്രിയെയും സദസ്സിനെയും ഒരുപോലെ വിസ്മയിപ്പിച്ചത്.
തന്റെ കൈവശമുണ്ടായിരുന്ന ചെറിയ ബുക്കിൽ എഴുതിവെച്ചിരുന്ന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുടെ നീണ്ടനിരയിൽ നിന്നും ഒരാളെ മനസ്സിൽ കരുതാൻ മന്ത്രിയോട് നിജോമോൻ അഭ്യർഥിക്കുകയായിരുന്നു. മെന്റലിസത്തിലൂടെ അത് കണ്ടെത്തി സജി ചെറിയാനെ എഴുതിക്കാണിച്ചു. മനസ്സിൽ കരുതിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുതന്നെ നിജോമോൻ കണ്ടെത്തിയപ്പോൾ മന്ത്രി സജി ചെറിയാൻ അമ്പരന്നു. നിജോ എഴുതിയത് ശരിയാണെന്ന് മന്ത്രി സ്ഥിരീകരിച്ചതോടെ സദസ്സിൽ കരഘോഷങ്ങളുയർന്നു.
മെന്റലിസത്തിന്റെ സാധ്യതകൾ മനസിലാക്കി ചെറുപ്രായത്തിൽ തന്നെ സ്വന്തം പിതാവിൽ നിന്നും സ്വായത്തമാക്കിയ കഴിവിന്റെ അരങ്ങേറ്റം കൂടിയായിരുന്നു അത്. പുതുശ്ശേരി എം.ജി.ഡി ഹൈസ്‌കൂൾ വിദ്യാർഥിയായ നിജോമോൻ പിതാവിൽ നിന്നും പകർന്നു കിട്ടിയ ജാലവിദ്യകൾ കാട്ടി കൂട്ടുകാരെ വിസ്മയിപ്പിക്കാറുണ്ട്. എന്നാൽ, മന്ത്രിയുടെ അടുത്ത് തന്റെ കഴിവു പ്രദർശിപ്പിക്കാനെത്തിയപ്പോൾ അൽപം ടെൻഷനുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ ഏറെ സന്തോഷവാനായി.
കൂടുതൽ ഉയരങ്ങളിലേക്കെത്തുവാൻ കഴിയട്ടെയെന്ന ആശംസയോടെ മന്ത്രി മീഡിയ സെന്റർ വക ഉപഹാരo, നിജോമോന് സമ്മാനിച്ചു. ഫോട്ടോ: മന്ത്രി സജി ചെറിയാൻ മനസ്സിൽ വിചാരിച്ചത് പേപ്പറിൽ എഴുതിക്കാണിച്ച എട്ടാം ക്ലാസ് വിദ്യാർഥിയായ നിജോമോൻ നിബു,