മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവം; പൊലീസ് കൈ കാണിച്ചിട്ടാണ് ആംബുലൻസ് മുന്നോട്ടെടുത്തതെന്ന് ഡ്രൈവർ
text_fieldsകൊട്ടാരക്കര: മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ വിവാദം അവസാനിക്കുന്നില്ല. ട്രാഫിക് പൊലീസ് കൈകാണിച്ചിട്ടാണ് ആംബുലൻസ് മുന്നോട്ടെടുത്തതെന്ന് ഡ്രൈവർ നിതിൻ പറയുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു.
ആംബുലൻസ് വാഹനത്തെക്കാൾ പൊലീസ് പ്രാധാന്യം നൽകിയത് മന്ത്രിയുടെ പൈലറ്റ് വാഹനത്തിനാണെന്നാണ് സി.സി ടി.വിയിലെ ദൃശ്യവും കാണിക്കുന്നത്. അതേ കാര്യംതന്നെയാണ് ആംബുലൻ ഡ്രൈവറും പറയുന്നത്. ആംബുലൻസ് ഡ്രൈവറുടെ സഹോദരൻ സന്തോഷ് പരാതിയുമായി സംഭവദിവസംതന്നെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
എന്നാൽ, പരാതി സ്വീകരിക്കാതെ സഹോദരനെ പൊലീസ് ആക്ഷേപിച്ച് വിട്ടത്രെ. കേസിന്റെ അന്വേഷണം കൊട്ടാരക്കര സി.ഐക്കാണ്. സി.ഐ പറഞ്ഞതുപ്രകാരം ആംബുലൻസിന്റെ രേഖകളും ലൈസൻസും നേരിട്ട് നിതിൻ ഹാജരാക്കി. റൂറൽ എസ്.പി മൊബൈൽ ഫോൺ വഴിയും ഡിവൈ.എസ്.പി നേരിട്ടും മൊഴി രേഖപ്പെടുത്തി. പൊലീസിന് പറ്റിയ വീഴ്ച ആംബുലൻസ് ഡ്രൈവറുടെമേൽ ചുമത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.