Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒഴുകിയെത്തുന്നു പണം;...

ഒഴുകിയെത്തുന്നു പണം; ഉറവിടമറിയാതെ

text_fields
bookmark_border
ഒഴുകിയെത്തുന്നു പണം; ഉറവിടമറിയാതെ
cancel

ലാഭ നഷ്ടങ്ങളുടെ ഏത് മാനദണ്ഡംവെച്ച് നോക്കിയാലും മലയാള സിനിമ ലാഭകരമായ വ്യവസായ രംഗമല്ല. കുറേ വര്‍ഷമായി മുടക്കുമുതല്‍ തിരിച്ചുനല്‍കാത്ത വ്യവസായമാണ് മലയാള സിനിമ. വര്‍ഷം മൊത്തം റിലീസാകുന്ന സിനിമകളില്‍ 20 ശതമാനംവരെ മാത്രമാണ് മുടക്കുമുതല്‍ തിരികെ നല്‍കുന്നവ. ബാക്കി 80 ശതമാനവും നഷ്ടക്കണക്കാണ് പറയുന്നത്. 20 ശതമാനത്തോളം സിനിമകള്‍ വെളിച്ചം കാണുന്നേയില്ല. അതായത് കോടികള്‍ മുടക്കിയയാള്‍ക്ക് ഒരു രൂപപോലും വരുമാനമായി തിരികെ നല്‍കുന്നില്ളെന്ന്. 

2015ല്‍ 151 സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങി. ഇതില്‍ 36 സിനിമകളാണ് നിര്‍മാതാവിന് മുടക്കുമുതല്‍ തിരികെ നല്‍കിയത്. പത്തില്‍ താഴെ സിനിമകളാണ് മെഗാ ഹിറ്റ് എന്നോ ഹിറ്റ് എന്നോ വിശേഷിപ്പിക്കാവുന്ന വിജയചിത്രങ്ങളുടെ ഗണത്തിലുള്ളത്. 115 സിനിമകള്‍ ദയനീയമായി പരാജയപ്പെട്ടു. പോസ്റ്റര്‍മാത്രം വെളിച്ചം കണ്ട സിനിമകളുമുണ്ട്. ആ വര്‍ഷം 520 കോടിയോളം രൂപയാണ് മൊത്തം മുതല്‍മുടക്ക്. ഇതില്‍ നിര്‍മാതാക്കള്‍ക്ക് തിരികെ ലഭിച്ചത് 350 കോടി രൂപ മാത്രം. ബാക്കി 170 കോടിയും നഷ്ടം. ഈ 350 കോടി കാണികള്‍ തിയറ്ററില്‍ കയറിയ വകയിലുള്ള വരുമാനം മാത്രമല്ല. സാറ്റലൈറ്റ് റൈറ്റ് വിറ്റ വകയിലും ഓവര്‍സീസ് റൈറ്റ്, വിഡിയോ വിതരണാവകാശം എന്നിവയൊക്കെ വിറ്റ വകയില്‍ ലഭിച്ചതുംകൂടി ചേര്‍ത്തുവെച്ചതാണ്. ആ വര്‍ഷം ‘പ്രേമം’, ‘എന്ന് നിന്‍െറ മൊയ്തീന്‍’ തുടങ്ങിയ പണംവാരി സിനിമകള്‍ പുറത്തിറങ്ങിയിട്ട് കൂടിയാണ് ഈ സ്ഥിതി. 

2016ലെ കണക്കുകള്‍ ഇനിയും പൂര്‍ണമായി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഒരുകോടിയില്‍ താഴെ മുടക്കുമുതല്‍ 32 കോടി രൂപവരെ ചെലവാക്കിയ സിനിമവരെ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങി. ആദ്യമായി മലയാള സിനിമ നൂറുകോടി ക്ളബിലും അംഗമായി എന്നതാണ് 2016ലെ പ്രധാന നേട്ടം. ‘പുലിമുരുകന്‍’ സിനിമ മാത്രം 130 കോടിക്കപ്പുറം കലക്ട് ചെയ്തിട്ടും 2016 ലെ മൊത്തം കലക്ഷന്‍ 2015നൊപ്പം എത്തും എന്ന് ഇന്‍ഡസ്ട്രിയിലാരും ഉറപ്പ് പറയുന്നില്ല. റിലീസാകുന്ന സിനിമകളുടെ എണ്ണവും താഴേക്കാണ്. 2013ല്‍ 158 സിനിമകള്‍ പുറത്തിറങ്ങിയ സ്ഥാനത്ത് 2014ല്‍ 153ഉം 2015ല്‍ 151ഉം സിനിമകളാണ് പുറത്തിറങ്ങിയത്. 2016 ല്‍ ഇത് കുത്തനെ കുറഞ്ഞ് 121 സിനിമകളായി. ഇതൊക്കെയായിട്ടും പക്ഷേ, മലയാള സിനിമയില്‍ മുതല്‍ മുടക്കാന്‍ പുതുമുഖങ്ങള്‍ ഏറെയത്തെുന്നു എന്നതാണ് കൗതുകകരം. ഇവരുടെ പിന്നാമ്പുറങ്ങളാണ് മിക്കവര്‍ക്കും അറിയാത്തതും. 

എറണാകുളത്ത് ബ്ളേഡ് കമ്പനി നടത്തി പണമുണ്ടാക്കിയ പലരും ഇപ്പോള്‍ സിനിമാനിര്‍മാണ രംഗത്താണ്. ബ്ളേഡ് കമ്പനിയുടെ ചീത്തപ്പേര് മാറ്റാന്‍ നിര്‍മാതാവിന്‍െറ വേഷം. ഇതിനിടെചില ഭൂമി തട്ടിപ്പ് കേസിലും ഈ നിര്‍മാതാക്കളുടെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുമുണ്ട്. ഷൂട്ടിങ് ലൊക്കേഷനില്‍ സര്‍വ സ്വാതന്ത്ര്യം മാത്രമല്ല, സ്ക്രീനില്‍ മുഖം കാണിക്കാന്‍ അവസരവും വേണം ഇക്കൂട്ടര്‍ക്ക്. നിര്‍മാതാവിന്‍െറ മറ്റ് ബിസിനസില്‍ ക്വട്ടേഷന്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നവരും ഇങ്ങനെ വാലുകളായി എത്തുന്നുണ്ട്.  

അച്ചടക്കംകൊണ്ടുവരണം സംഘടനകള്‍
സിനിമാ രംഗത്ത് ഓരോ വിഭാഗത്തിനും ഇന്ന് സംഘടനകളുണ്ട്. തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് സിനിമയില്‍ ‘അച്ചടക്കം’ കൊണ്ടുവരാന്‍ ഈ സംഘങ്ങള്‍ മുമ്പും മുതിര്‍ന്നിട്ടുമുണ്ട്. കിടമത്സരത്തിന്‍െറ ഭാഗമായി സിനിമ പരസ്യങ്ങള്‍ പത്രങ്ങളില്‍ അരപ്പേജും കടന്ന് മുഴുപ്പേജിലേക്ക് കടന്നപ്പോഴാണ് ഇത്തരത്തിലുള്ള പ്രധാന ഇടപെടലുകളിലൊന്ന് ഉണ്ടായത്. അങ്ങനെയാണ് പത്രങ്ങളില്‍ സിനിമാ പരസ്യങ്ങളുടെ വലുപ്പം ഏകീകരിക്കപ്പെട്ടത്. 

സിനിമാ താരങ്ങള്‍ വ്യാപകമായി ടി.വി സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങുകയും തിയറ്ററില്‍ ആളുകുറയുകയും ചെയ്തപ്പോള്‍ അടുത്ത ഇടപെടലുണ്ടായി. താരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കുന്നതിന്‍െറ പേരിലുമുണ്ടായി ഇടപെടലുകള്‍. ഇത്തരം നിയന്ത്രണങ്ങളുടെയൊക്കെ പേരില്‍ താരസംഘടനയും നിര്‍മാതാക്കളുടെ സംഘടയുമൊക്കെ പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. സ്റ്റേജ് ഷോകളുടെ കാര്യത്തിലും ഇത്തരം ഇടപെടലുണ്ടായി. തങ്ങളുടെ അംഗങ്ങള്‍ക്ക് തൊഴിലുറപ്പ് നല്‍കുന്ന കാര്യത്തില്‍ മാക്ടയും ഫെഫ്കയുമൊക്കെ ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയിരുന്നു. പക്ഷേ, സിനിമയില്‍ മുതല്‍ മുടക്കുന്നവരുടെയും ജോലിക്ക് എത്തുന്നവരുടെയുമൊക്കെ പശ്ചാത്തലം വിലയിരുത്തുന്ന കാര്യത്തിലും നടിമാര്‍ അടക്കമുള്ളവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കാര്യത്തിലുമൊന്നും ഇത്തരത്തില്‍ ഗൗരവമുള്ള ഇടപെടല്‍ ഉണ്ടായില്ളെന്ന് മാത്രം. 
നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായപ്പോഴാണ് തങ്ങള്‍ക്ക് ചുറ്റും ഉള്ളവര്‍ ആരാണ് എന്താണ് എന്നൊക്കെ അന്വേഷിക്കണമെന്ന് സിനിമക്കുള്ളിലുള്ളവര്‍ക്കും നിര്‍മാതാക്കള്‍ക്കുമൊക്കെ ബോധമുണ്ടായത്. ഇനിമുതല്‍ സിനിമയില്‍ ജോലിക്കെടുക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കണമെന്ന് നിര്‍മാതാക്കള്‍ ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. വിവിധ സാങ്കേതിക ജോലിക്കാരുടെ സംഘടനകളില്‍ അംഗങ്ങളാക്കി ഷൂട്ടിങ് ലൊക്കേഷനിലേക്ക് ജോലിക്ക് നിയോഗിക്കുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന് ഫെഫ്കയിലും മാക്ടയിലുമൊക്കെ അഭിപ്രായമുയര്‍ന്നു കഴിഞ്ഞു. 

ഇനി സ്ത്രീകളെ അപമാനിക്കുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കില്ളെന്ന് പരസ്യമായി പ്രഖ്യാപിച്ച് താരങ്ങളും രംഗത്തത്തെി. ഈ ഒരവസരം മുതലാക്കി മുഴുവന്‍ രംഗത്തും അച്ചടക്കം കൊണ്ടുവരാന്‍ ചലച്ചിത്ര സംഘടനകള്‍ ഒന്നിക്കുകയാണ് വേണ്ടത്. ചലച്ചിത്ര രംഗത്തെ പ്രവണതകള്‍ പ്രമേയമാക്കിയുള്ള ‘ഉദയനാണ് താരം’ സിനിമയില്‍ മോഹന്‍ലാല്‍ ഒടുവില്‍ പറയുന്ന ഒരു ഡയലോഗുണ്ട് ‘നൂറുകണക്കിനുപേരുടെ ചോരയും നീരും കണ്ണീരുമാണ് സിനിമ. അത് നശിപ്പിക്കാന്‍ ഒരുത്തനെയും അനുവദിക്കില്ല’. അനുവദിക്കരുത്.

(അവസാനിച്ചു)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam film industry
News Summary - malayalam film industry
Next Story