തെരുവില്‍ അന്തിയുറങ്ങുന്നവർക്ക് രാപാര്‍ക്കാന്‍ ‘തണലോരം'
text_fieldsകല്പറ്റ: തെരുവില്‍ അന്തിയുറങ്ങുന്നവർക്ക് രാപാര്‍ക്കാന്‍ തണലോരം പദ്ധതി. ഭിക്ഷാടനത്തിനും മറ്റുമായി കൽപറ്റ നഗരത്തിലെത്തി രാത്രി കടത്തിണ്ണകളിലും ബസ് സ്റ്റാൻഡുകളിലും കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാനാണ് നഗരസഭ മുണ്ടേരിയില്‍ തണലോരം എന്ന പേരില്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മിച്ചത്. ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയാണ് മുണ്ടേരിയില്‍ ഷെല്‍ട്ടര്‍ ഹോം നിര്‍മിച്ചത്. ഒന്നരക്കോടി രൂപ ചെലവില്‍ പണിത മൂന്നു നില കെട്ടിടത്തില്‍ 16 മുറികളും രണ്ടു ഹാളും അടുക്കള ഉള്‍പ്പെടെ അനുബന്ധ സൗകര്യങ്ങളുമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 60 പേർക്ക് ഇവിടെ താമസിക്കാം.
2020ല്‍ ആരംഭിച്ചതാണ് ഷെല്‍ട്ടര്‍ ഹോം നിർമാണ പ്രവൃത്തി. നഗരസഭ ഏപ്രില്‍ മൂന്നാം വാരം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ ആറു കുടുംബങ്ങളിലെ അംഗങ്ങളടക്കം 27 പേരെ തുടക്കത്തില്‍ ഇവിടെ താമസിപ്പിക്കും. ഉപജീവനത്തിനു നഗരത്തില്‍ ചെയ്യുന്ന തൊഴിൽ തുടരാന്‍ ഇവരെ അനുവദിക്കും. വൈകുന്നേരം ആറിനു മുമ്പ് തിരിച്ചെത്തണമെന്ന വ്യവസ്ഥയിലാണ് അന്തേവാസികളെ ദിവസവും രാവിലെ പുറത്തുവിടുക. മാനേജരും സ്ത്രീകളടക്കം മൂന്നു കെയര്‍ ടേക്കര്‍മാരും ഷെല്‍ട്ടര്‍ ഹോമില്‍ ഉണ്ടാകും.
തണലോരത്തില് പാര്‍പ്പിക്കുന്നതിനു കണ്ടെത്തിയവരില്‍ അധികവും അന്തർ സംസ്ഥാനക്കാരാണ്. അന്തേവാസികള്‍ക്കു വായനക്കും വിനോദത്തിനും പിന്നീട് സംവിധാനം ഒരുക്കും. ഷെല്‍ട്ടര്‍ ഹോം 27ന് വൈകീട്ട് നാലിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കുമെന്ന് മുനിസിപ്പല്‍ ചെയര്മാന് കെയെംതൊടി മുജീബ്, വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. എ.പി. മുസ്തഫ, അഡ്വ. ടി.ജെ. ഐസക്, ജൈന ജോയി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.