കൽപറ്റ: നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിര്‍മിച്ച ജില്ലയിലെ ആറ് വിദ്യാലയങ്ങള്‍ മേയ് 30ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച് എസ്.എസ് തരിയോട്, ജി.യു.പി.എസ് കോട്ടനാട്, ജി.എല്‍.പി.എസ് വിളമ്പുകണ്ടം, ജി.എല്‍.പി.എസ് പനവല്ലി എന്നീ സ്‌കൂളുകള്‍ക്കായി പുതിയതായി നിർമിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ജില്ലയിലെ സ്‌കൂള്‍തല പരിപാടികളില്‍ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വെള്ളമുണ്ട, ആനപ്പാറ സ്‌കൂളുകള്‍ക്ക് കിഫ്ബിയില്‍നിന്ന് മൂന്നു കോടി രൂപ വീതം വകയിരുത്തിയാണ് കെട്ടിടങ്ങള്‍ നിർമിച്ചത്. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തരിയോട്, കോട്ടനാട്, വിളമ്പുകണ്ടം, പനവല്ലി ഹൈസ്കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണം. വെള്ളമുണ്ട ഗവ. മോഡല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ ഒമ്പത് ക്ലാസ്മുറികള്‍, സ്റ്റാഫ് റൂം, ഐ.ടി ലാബ്, ഓഫിസ് റൂം, ടോയ്‍ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പടെ 16,000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
14 ക്ലാസ് മുറികള്‍, മൂന്ന് ലാബുകള്‍, ശുചിമുറി എന്നിവ ഉൾപ്പെടെ 14,000 സ്‌ക്വയര്‍ഫീറ്റിലാണ് ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടനിർമാണം. സംസ്ഥാന സര്‍ക്കാർ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി വിദ്യാകിരണം മിഷനിലുള്‍പ്പെടുത്തി സംസ്ഥാനത്ത് പണി പൂര്‍ത്തീകരിച്ച 75 സ്‌കൂള്‍ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.