Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതകർന്നടിഞ്ഞ്​...

തകർന്നടിഞ്ഞ്​ വിനോദസഞ്ചാര മേഖല; കോവളത്തിന് പ്രതാപം വീണ്ടെടുക്കാൻ കടമ്പക​േ​ളറെ

text_fields
bookmark_border
clossed ponmudi
cancel
camera_alt

പൊന്മുടിയിൽ അടഞ്ഞുകിടക്കുന്ന അമിനിറ്റി സെൻറർ

തിരുവനന്തപുരം: കോവിഡി​െൻറ രണ്ടാം വരവ് ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ കനത്ത തിരിച്ചടിയാണ് നൽകിയത്​. ഇൗ മേഖലയെ മാത്രം ആശ്രയിച്ച് അന്നം തേടിയിരുന്ന നൂറുകണക്കിന് പേര്‍ക്ക് സ്വന്തം വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതായി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കിട്ടിയാല്‍പോലും ടൂറിസം കേന്ദ്രങ്ങള്‍ പഴയനിലക്കെത്താന്‍ ഇനിയും മാസങ്ങള്‍ കഴിയണം. ഇത് ടൂറിസം രംഗത്തെ ആശ്രയിച്ച് ജീവിക്കുന്നവരെ കൂടുതല്‍ ദുരിതത്തിലാക്കും.

സഞ്ചാരികളുടെ വരവ് നില​ച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കച്ചവടസ്ഥാപനങ്ങളും ഹോംസ്​റ്റേകളും ഹോട്ടലുകളും അടച്ചുപൂട്ടി. വഴിയോരങ്ങളെ ജീവിത കേന്ദ്രങ്ങളാക്കി അന്നം തേടിയിരുന്ന കച്ചവടക്കാര്‍ കടുത്ത ദുരിതത്തിലാണ്. തകര്‍ന്ന വിനോദസഞ്ചാര മേഖലയെ തിരിച്ചുപിടിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ്​ ഇൗ രംഗത്തുള്ളവരുടെ പരാതി.

2019 ൽ 45,010 കോടി രൂപയാണ് ടൂറിസത്തില്‍നിന്ന്​ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. 2019ല്‍ 2,10,000 കോടി വിദേശനാണ്യവും രാജ്യത്തിന് ലഭിച്ചു. എന്നാല്‍, കോവിഡിനെതുടര്‍ന്ന് 2020ല്‍ 25,000 കോടിയായിരുന്നു നഷ്​ടം.

വിജനമായി ശംഖുംമുഖം

ശംഖുമുഖം തീരം

ശംഖുംമുഖം: അറബിക്കടലി​െൻറ മനോഹാരിതയും രാജഭരണത്തി​െൻറ ശേഷിപ്പുകളായി തലയുര്‍ത്തി നില്‍ക്കുന്ന കല്‍മണ്ഡപങ്ങളും ആറാട്ടുകുളവും കൊട്ടാരങ്ങളുമൊക്കെയായി സഞ്ചാരികളുടെ മനം കവര്‍ന്നിരുന്ന ശംഖുംമുഖം ബീച്ചി​െൻറ അവസ്ഥ ഏറെ പരിതാപകരമാണ്.

കോവിഡ് ഭീതിയെക്കാള്‍ ഇവിടെ കൂടുതല്‍ ദുരിതം വിതച്ചത് ശക്തമായ കടലാക്രമണമാണ്. കോവിഡി​െൻറ നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ ബീച്ചിനെ ആശ്രയിച്ച് വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന നൂറിലധികം വഴിയോരകച്ചവക്കാരുടെ പ്രതീക്ഷയാണ്​ ബീച്ച് കടൽക്ഷോഭത്തിൽ തകര്‍ന്നതിലൂടെ നഷ്​ടമായത്. കടലാക്രമണത്തില്‍ ബീച്ചിലെ നടപ്പാതകളും തീരവും പൂര്‍ണമായും ഇല്ലാതായി. ഇത്​ പഴയനിലയിലെത്തിക്കാന്‍ ഏറെ കാത്തിരിക്കണം. മൂന്നുവര്‍ഷം മുമ്പുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്ന റോഡി​െൻറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും ഒച്ചിഴയുന്ന വേഗം മാത്രമേയുള്ളൂ. ശംഖുംമുഖം ബീച്ചിനെയും പരിസരങ്ങളെയും ആശ്രയിച്ചിരുന്ന നൂറിലധികം കുടുംബങ്ങൾ മറ്റ് വരുമാനമാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലാണ്.

കുട്ടികള്‍ക്കുവരെ കടലിലിറങ്ങി കളിക്കാന്‍ കഴിയുമെന്നതായിരുന്നു ശംഖുംമുഖം ബീച്ചി​െൻറ പ്രത്യേകത. സംസ്ഥാനത്തുതന്നെ ഇത്രയും സുരക്ഷിതമായ മറ്റൊരു ബീച്ചില്ല. ഒാരോ തവണയും നവീകരണത്തിനും പുത്തന്‍ പദ്ധതികള്‍ക്കുമായി മാറിമാറി വരുന്ന സര്‍ക്കാറുകളും നഗരസഭയും കോടികള്‍ മുടക്കുമ്പോഴും ജനം ആഗ്രഹിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അറിഞ്ഞ് നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.

ശംഖുംമുഖം ബീച്ചിനെ പഴയരീതിയിലാക്കുന്നതിനായി 5.32 കോടിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉൾപ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ചത്​. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇൻസ്​റ്റിറ്റ്യൂട്ട്് പുനര്‍നിർമാണ രൂപരേഖ തയാറാക്കുകയും ചെയ്​തെങ്കിലും നടപടികള്‍ വൈകുന്നു. ഇതിനുപുറമെ ബീച്ചിനെ മോടിപിടിപ്പിക്കാനായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ രണ്ടുകോടി ചെലവിട്ട് തുടങ്ങിയ 'ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ശംഖുംമുഖം' പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പകുതിവഴിയിലാണ്. വേണ്ടരീതിയില്‍ സംരക്ഷിക്കാന്‍ കഴിയാത്ത കാരണം സൂനാമി പുനരധിവാസ ഫണ്ടില്‍നിന്ന് 2.37 കോടി ചെലവാക്കി നിര്‍മിച്ച പാര്‍ക്ക് കാടുകയറി നശിക്കുന്നു.

കോവളത്തിന് പ്രതാപം വീണ്ടെടുക്കാൻ കടമ്പക​േ​ളറെ

കോവളം ബീച്ച്​

കോവളം: സഞ്ചാരികളുടെ പറുദീസയായിരുന്ന കോവളത്തിന് പഴയ പ്രതാപം വീണ്ടെടുക്കാൻ ഇനി കടമ്പകളേറെ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ തീരത്തെ പല ഹോട്ടലുകളും അടച്ചുപൂട്ടി. ഇതോടെ, ഇവിടങ്ങളിലെ ജീവനക്കാർ പലരും മറ്റു ജോലികൾ തേടിപ്പോയി. സഞ്ചാരികളെ ആകർഷിക്കാൻ കടം വാങ്ങിയും വായ്​പയെടുത്തും ഹോട്ടലുകൾ മോടിപിടിപ്പിച്ച പലരും ഇപ്പോൾ വലിയ കടക്കെണിയിലാണ്.

ശക്തമായ കടൽക്ഷോഭവും കോവളത്തെ തകർത്തു. തീരത്തെ ഇടക്കല്ലും സീറോക്ക് ബീച്ചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും തകർന്നു. നടപ്പാതയോട് ചേർന്നുനിന്ന തെങ്ങുകളും വൈദ്യുതി പോസ്​റ്റുകളും കടലെടുത്തു. കോവളം സീറോക്ക് ബിച്ചിലെ കടൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. നടപ്പാത തകർന്നതോടെ നടപ്പാതയിൽ സ്ഥാപിച്ചിരുന്ന ടൈലുകൾ പൂർണമായും നശിച്ചു. അപകടഭീഷണിയെത്തുടർന്ന് ബീച്ചിലെ വൈദ്യുതിബന്ധം താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്. കടലാക്രമണത്തില്‍നിന്ന് തീരത്തിന് സുരക്ഷ ഒരുക്കിയില്ലെങ്കിൽ വീണ്ടും നാശനഷ്​ടങ്ങൾ സംഭവിക്കാം.

പുനർജനിക്കായി കൊതിച്ച്​ വേളി

ശംഖുംമുഖം: വിനോദസഞ്ചാര​ കേന്ദ്രമായ വേളി ടൂറിസ്​റ്റ്​് വില്ലേജിനെയും കോവിഡ്​ കടുത്ത പ്രതിസന്ധിയിലാക്കി. കടലും കായലും പ്രകൃതി രമണിയമായ മറ്റ്​ കാഴ്​ചകളും സമ്മാനിക്കുന്ന ഭൂപ്രദേശമാണിത്​. രാജ്യാന്തരതലത്തില്‍തന്നെ അടയാളപ്പെടുത്തപ്പെട്ട ടൂറിസം വി​​േല്ലജ്​ പുനർജനി തേടുകയാണി​പ്പോൾ.

വേളിയെ പഴപ്രതാപത്തിലേക്ക് കൊണ്ടുവരുന്നതിനായി ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ഊട്ടി മാതൃകയില്‍ വിനോദ തീവണ്ടി സര്‍വിസ്, ആംഫി തിയറ്റര്‍ തുടങ്ങിയവ ആരംഭിച്ചിരുന്നു. വേളി വിനോദസഞ്ചാര ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധി രൂപപ്പെടുന്നത്. ഇതോടെ വില്ലേജ് അടച്ചു. വേളിയിലെ ടൂറിസം മേഖല അടഞ്ഞതോടെ ഇൗ മേഖല ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ ദുരിതത്തിലാണ്.

നിരാശയുടെ തീരത്ത്​ വർക്കല ടൂറിസം

വർക്കല: ലോക്ഡൗണിൽ നടുവൊടിഞ്ഞ് വർക്കലയിലെ വിനോദസഞ്ചാര രംഗം. അന്താരാഷ്​ട്ര വിനോദസഞ്ചാര കേ​ന്ദ്രമായ വർക്കല ഒന്നേകാൽ വർഷമായി അടച്ചുപൂട്ടിയിട്ടിരിക്കുകയാണ്. വിദേശ സഞ്ചാരികളൊഴിഞ്ഞ ഇവിടെ ആഭ്യന്തര സഞ്ചാരികൾക്കും വരാനാകാത്തവിധമാണ് കോവിഡ്കാല പ്രതിസന്ധി രൂപപ്പെട്ടത്. ആലിയിറക്കം മുതൽ പാപനാശംവരെ വ്യാപിച്ചുകിടക്കുന്ന വർക്കല ടൂറിസം മേഖല ഇപ്പോൾ ചലമറ്റനിലയിലാണുള്ളത്​.

ലോക്ഡൗണിൽ അടച്ചുപൂട്ടപ്പെട്ട വർക്കല ക്ലിഫിലെ പ്രധാന വ്യാപാരകേന്ദ്രങ്ങൾ

ചെറുതും വലുതുമായ അറുന്നൂറോളം റിസോർട്ടുകളും റെസ്​റ്റാറൻറുകളും അനുബന്ധ സ്ഥാപനങ്ങളുമാണിവിടെ. വർഷത്തിൽ എല്ലാ ദിവസവും വിദേശികളും സ്വദേശികളുമായി പതിനായിരത്തോളം വിനോദ സഞ്ചാരികൾ തങ്ങുന്ന ടൂറിസം കേന്ദ്രത്തിലിപ്പോൾ ശ്മശാന മൂകതയാണ്. താമസിക്കാൻ നാലായിരത്തിലധികം റൂമുകളുള്ളത്​ താഴുവീണ നിലയിലാണ്​. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 1500 ഒാളം തൊഴിലാളികൾ പണിയെടുത്തിരുന്നു. നൂറോളം റസ്​റ്റാറൻറുകളും അടഞ്ഞുകിടക്കുന്നു. പ്രളയാനന്തരം 2020ലെ സീസൺ തരക്കേടില്ലാതെ കടന്നുപോയി. വിദേശസഞ്ചാരികളുടെ വരവിൽ വലിയ ഇടിവുണ്ടായെങ്കിലും രണ്ട് പ്രളയകാലത്തെ തകർച്ചയിൽനിന്ന്​ പിടിച്ചെഴുന്നേൽക്കാനുള്ള അവസരമായിരുന്നു അത്. ഫെബ്രുവരിയോടെ വിദേശികൾ മടങ്ങിയതിന് പിന്നാലെയാണ് കോവിഡ്​ വ്യാപനമുണ്ടായതും തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതും.

വർക്കലയിൽ ലഭ്യമായിരുന്ന ഫ്രഞ്ച്, ജർമൻ സഞ്ചാര സീസണും നഷ്​ടമായി. ജൂൺമുതൽ ആഗസ്​റ്റ്​ വരെ നീളുന്ന ഓണം സീസൺകൂടി നഷ്​ടമായതോടെ ടൂറിസം രംഗം വൻ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. ക്കുന്നത്. റിസോർട്ടുകളെയും റസ്​റ്റോറൻറുകളെയും കൂടാതെ ആയുർവേദ സെൻററുകൾ, മസാജ് പാർലറുകൾ, യോഗ^മെഡിറ്റേഷൻ സെൻററുകൾ, ട്രാവത്സുകൾ, കരകൗശല സ്​റ്റാളുകൾ, തുണിക്കടകൾ, കാശ്മീരി വ്യാപാര കേന്ദ്രങ്ങൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥരും അനുബന്ധ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്.

ആരവങ്ങളൊഴിഞ്ഞ്​ പൊൻമുടിയിലെ പുൽമേടുകൾ

പാലോട്: അടച്ചുപൂട്ടലിൽ ആരവങ്ങളൊഴിഞ്ഞ നിലയിലാണ്​ പൊന്മുടിയിലെ പുൽമേടുകൾ. മഴയും മഞ്ഞുമേറ്റ് മുളപൊട്ടിയ പുതുനാമ്പുകളാൽ സമൃദ്ധവും ഹരിതാഭവുമാണ് കുന്നുകൾ. സഞ്ചാരികൾ ഒഴിഞ്ഞതോടെ മേടുകളുെ​ട നേരവകാശികളായ കാട്ടുപോത്തും മ്ലാവുകളുമടക്കം ഭയാശങ്കകളില്ലാതെ മേയാനെത്തുന്നു. ഏപ്രിൽ 24 മുതൽ അടച്ചിട്ടതാണ് ജില്ലയിലെ പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി.

ഇതോടെ കാര്യമായ വരുമാനങ്ങളൊന്നുമില്ലാത്ത പൊന്മുടിയിലെ തോട്ടം തൊഴിലാളികളുടെ പ്രതീക്ഷകളും കൂടിയാണ് അടഞ്ഞത്. ഇവരെക്കൂടി ഉൾപ്പെടുത്തി വനം വകുപ്പ് രൂപവത്കരിച്ച വനം സംരക്ഷ സമിതിക്കകാണ് പൊന്മുടിയിലെ ടൂറിസം നടത്തിപ്പ് ചുമതല. രണ്ട് ചെക്ക് പോസ്​റ്റുകളിലും അപ്പർ സാനറ്റോറിയത്തിലുമായി ദിവസം നാൽപതോളം പേർ ജോലി ചെയ്തിരുന്നതാണ്. ഇപ്പോൾ ജോലിയുള്ളത് വിരലിലെണ്ണാവുന്നവർക്ക് മാത്രം. ഗോൾഡൻ വാലിമുതൽ പൊന്മുടിവരെയുള്ള 22 ഹെയർപിൻ വളവുകൾക്കിടയിൽ ധാരാളം തൊഴിലാളികൾ വഴിയോര കടകളും നടത്തിയിരുന്നു.

കോവിഡി​െൻറ അടച്ചിടൽ ഇല്ലായിരുെന്നങ്കിൽ ഇടവിട്ട് മഴയും കോടമഞ്ഞും മൂടുന്ന മലമുടിയിലേക്ക് സന്ദർശകർ ഒഴുകിയെത്തേണ്ട സമയമായിരുന്നു ഇത്. കോവിഡി​െൻറ ഒന്നാം തരംഗത്തിൽ രോഗമേൽക്കാതെ പിടിച്ചുനിന്ന തോട്ടം മേഖലക്ക് ഇത്തവണ അതിനായില്ല. നിരവധി പേർക്ക് ഇതിനകം രോഗം വന്നു. എങ്കിലും സ്ഥിതി ആശങ്കജനകമല്ല. വിതുര പൊന്മുടി പാതയിൽ പതിനൊന്നാം വളവിന് സമീപം രൂപപ്പെട്ട വിള്ളൽ ഗതാഗതത്തെ അപകടാവസ്ഥയിലാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourism sector
News Summary - tourism sector collapsed
Next Story