Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 5:28 AM IST Updated On
date_range 13 Aug 2020 5:28 AM ISTഅഞ്ചുതെങ്ങിന് പ്രത്യേക പാക്കേജ് വേണമെന്ന് ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
അഞ്ചുതെങ്ങിൽ ഇതിനകം രോഗം ബാധിച്ചത് 661 പേർക്ക്, പകുതിയിലധികം രോഗമുക്തരായി ആറ്റിങ്ങൽ: കൂടുതൽ കോവിഡ് രോഗികളുള്ളതും ക്രിട്ടിക്കൽ കണ്ടെയ്മൻെറ് സോണുമായ അഞ്ചുതെങ്ങ് പഞ്ചായത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ സർക്കാറിനോട് അഭ്യർഥിച്ചു. കയർ-മത്സ്യത്തൊഴിലാളികളാണ് ഇവിടെ അധികവും. അർധ പട്ടിണിക്കാരായ ജനങ്ങളെ സഹായിക്കാൻ പദ്ധതി ആവശ്യമാണ്. 14 വാർഡുകളിലായി 4200 കുടുംബങ്ങളും ഇരുപത്തയ്യായിരം ജനങ്ങളുമുണ്ട്. വ്യാജ പ്രചാരണങ്ങൾ മൂലം കോവിഡ് പരിശോധനക്ക് ഇപ്പോൾ ആളുകൾ വരുന്നില്ല. ഇതുമൂലം പരിശോധന ഒരു കേന്ദ്രത്തിലാക്കി ചുരുക്കി. വ്യാപകമായ ബോധവത്കരണം ഇവിടെ നടത്തണം. ഇതിന് ആരോഗ്യവകുപ്പിൻെറ പ്രത്യേക ശ്രദ്ധ വേണം. ബുധനാഴ്ച അഞ്ചുതെങ്ങ് മാമ്പള്ളിയിൽ 34 പേരിൽ നടത്തിയ പരിശോധനയിൽ 14 പേർക്കു കൂടി രോഗം കണ്ടെത്തി. ഇതോടെ അഞ്ചുതെങ്ങിൽ മാത്രം 661 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ പകുതിയിലധികം പേർ രോഗമുക്തരായി. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ സ്കൂളിൽ 50 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ആർക്കും രോഗമില്ലെന്ന് കണ്ടെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 17 പേർക്ക് ആൻറിജൻ ടെസ്റ്റും 11 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തി. ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റിവാണ്. ബുധനാഴ്ച അഞ്ചുതെങ്ങിലെ ഒരാൾ മാത്രമാണ് രോഗമുക്തയായത്. ഡോ. രാമകൃഷ്ണ ബാബുവിൻെറ നേതൃത്വത്തിൽ അഞ്ചുതെങ്ങ് മാമ്പള്ളി എൽ.പി സ്കൂൾ, പെരുമാതുറ എൽ.പി.സ്കൂൾ, വക്കം നിലയ്ക്കാമുക്ക് യു.പി.സ്കൂൾ, ചിറയിൻകീഴ് താലൂക്കാശുപത്രി എന്നിവിടങ്ങളിൽ വ്യാഴാഴ്ചയും പരിശോധന ഉണ്ടാകും. സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും വ്യാജ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.ഫിറോസ് ലാൽ പ്രമേയം പിന്താങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story