Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈതപ്പൂ ഗന്ധം പരത്തി...

കൈതപ്പൂ ഗന്ധം പരത്തി കാർത്യായനി ടീച്ചർ യാത്രയായി

text_fields
bookmark_border
വടക്കേക്കാട്: കുന്നത്തൂര് പുറവൂർ വീട്ടിലെ പൂമുഖത്ത് എഴുത്തും വായനയും തന്നെ കാണാനെത്തുന്നവരോട് കുശലം പറച്ചിലുമായി കഴിഞ്ഞുകൂടിയ കാർത്യായനി ടീച്ചർ ഓർമയായി. വന്ദേരി നാടി‍ൻെറ പ്രിയങ്കരിയായ അധ്യാപികയും എഴുത്തുകാരിയുമായ പുന്നയൂർക്കുളം തെണ്ടിയത്ത് കാർത്യായനിയമ്മ ഞായറാഴ്​ച രാവിലെ പാലക്കാട് അയോധ്യ നഗറിൽ മകൾ ഗീതയുടെ വസതിയിലാണ്​ അന്ത്യശ്വാസം വലിച്ചത്​. അഞ്ചുമാസം മുമ്പാണ് ടീച്ചർ മകളുടെ അടുത്തേക്ക് പോയത്. പ്രായാധിക്യത്താലുള്ള അവശതകൾ ഏറിയതോടെ പുന്നയൂർക്കുളത്തേക്കുള്ള തിരിച്ചുവരവ് പ്രയാസമായി. നവതിയിലെത്താൻ രണ്ടു മാസം മാത്രമുള്ളപ്പോഴാണ് മരണം. സംസ്​കാരം പാലക്കാട്ട്​ നടന്നു. അധ്യാപികയാകാൻ കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യമായി കരുതിയ കാർത്യായനിയുടെ ശിഷ്യനിര കൂടല്ലൂരിലും പൊന്നാനി മുതൽ വടക്കേക്കാട് വരെയും വ്യാപിച്ചുകിടക്കുന്നു. പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ ഉൾപ്പെടെ ശിഷ്യരിൽ പലരും നാട്ടിലും മറുനാടുകളിലും ഉന്നത പദവികൾ വഹിക്കുന്നവരായുണ്ട്. നിരവധി പേർ ടീച്ചറുടെ വീട്ടിലെ പതിവു സന്ദർശകരായിരുന്നു. കളിക്കൂട്ടുകാരിയായ നാലപ്പാട്ടെ ആമിയും (കമല സുരയ്യ ) അമ്മാവ‍ൻെറ മകനായ വാസുവും (എം.ടി. വാസുദേവൻ നായർ) ഒത്തുള്ള ബാല്യകാല സഹവാസം ടീച്ചറെ എഴുത്തുകാരിയാക്കുന്നതിൽ സ്വാധീനം ചെലുത്തി. ബാലാമണിയമ്മയുടെ സ്നേഹശാസനയിലാണ് പതിമൂന്നാം വയസ്സിൽ കുയിലിനെ തേടി എന്ന കവിത രചിച്ചത്. നാലു പതിറ്റാണ്ടു നീണ്ട അധ്യാപനവൃത്തിക്കു ശേഷമാണ് സാഹിത്യം സപര്യയാക്കിയത്. ആ നുകാലികങ്ങളിൽ ലേഖനമെഴുത്തിനൊപ്പം നോവലും ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. അകക്കണ്ണുകൾ തുറന്നപ്പോൾ എന്ന പേരിൽ എഴുതിയ ആത്മീയ ഗ്രന്ഥം പുറത്തിറക്കിയ ശേഷമാണ് പാലക്കാട്ടേക്ക് പോയത്. എം.ടിയുമൊത്ത് രണ്ടു പേരുടേയും ആത്മകഥാംശങ്ങൾ ഉൾക്കൊള്ളുന്ന നോവൽ കൂടി എഴുതണമെന്ന ആഗ്രഹം പക്ഷേ സഫലമായില്ല. വന്ദേരി നാട്ടിൽ അമരത്വം വഹിച്ചവരെന്ന് ടീച്ചർ വിശേഷിപ്പിച്ച നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, മാധവിക്കുട്ടി, പുന്നയൂർക്കുളം വി. ബാപ്പു തുടങ്ങിയവരുടെ കൂട്ടത്തിൽ തെണ്ടിയത്ത് കാർത്യായനിയമ്മ എന്ന പേരും കുറിക്കപ്പെടും. സ്വന്തം കഥയുടെ പേര് പോലെ നാടാകെ 'കൈതപ്പൂ സുഗന്ധം' പരത്തിയാണ് കാർത്യായനി ടീച്ചർ വിടവാങ്ങിയത്. ---ചിത്രം tc vadakkekkad karthiyayni teacher കുന്നത്തൂർ പുറവൂർ വീട്ടിൽ കാർത്യായനി ടീച്ചറോടൊപ്പം ശിഷ്യയും പൊതു പ്രവർത്തകയുമായ വടക്കേക്കാട് പുളിക്കൽ ജമീല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story