മൂന്ന് കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsബിജുമോൻ, സാബു
പത്തനംതിട്ട: കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽനിന്ന് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് ഡാൻസാഫ് സംഘവും വെച്ചൂച്ചിറ പൊലീസും ചേർന്ന് പിടികൂടി. വധശ്രമ കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കോട്ടയം മണിമല മൂക്കട ആലയംകവല പുളിക്കൽ വീട്ടിൽ ബിജുമോൻ (37), കോട്ടയം മണിമല ആലയംകവല കിഴക്കേ പുറത്തുകുടിയിൽ സാബു (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കൂത്താട്ടുകുളം ഭാഗത്തുനിന്ന് മടന്തമൺ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരെ കാക്കാനാട്ടുപടിയിൽ വെച്ചാണ് ഞായറാഴ്ച ഉച്ചക്ക് പിടികൂടിയത്.ഒന്നാം പ്രതി ബിജുമോൻ കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് ടീം ജില്ല നോഡൽ ഓഫിസർ, ജില്ല നർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മൂന്ന് മൊബൈൽ ഫോണും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തു. ഇയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. ബിജുമോൻ സാബുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ വാടകക്ക് വിളിച്ച് അതിൽ കഞ്ചാവ് കടത്തുകയായിരുന്നു. ഓട്ടോയുടെ പിന്നിലെ സീറ്റിനു പിറകിൽ കാബിനിൽ രണ്ട് പ്ലാസ്റ്റിക് പൊതികളാക്കി സഞ്ചിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.