പൂഴിക്കാട് വീട്ടമ്മയെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
text_fieldsപേവിഷബാധയേറ്റ നായെ പരിശോധനക്ക് കൊണ്ടുപോകുന്നു
പന്തളം: പൂഴിക്കാട് വീട്ടമ്മയെ കടിച്ച നായ്ക്ക് പേവിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം പന്തളം പൂഴിക്കാട് കളരിക്കൽ വീട്ടിൽ വിജയമ്മയുടെ ഉടമസ്ഥതയിലുള്ള നായ് പരിസരവാസിയായ തടത്തിൽ ശ്രീകലയെയാണ് (38) കടിച്ചത്.
കൂടാതെ നിരവധി വളർത്തുമൃഗങ്ങളെയും കടിച്ച നായെ ഒരു കിലോമീറ്റർ അകലെയുള്ള വയലിന് സമീപം ചത്തനിലയിൽ കണ്ടെത്തിയിരുന്നു. നായ്ക്ക് പേവിഷബാധ ഉള്ളതായി പോസ്റ്റ് മാസ്റ്റർ റിപ്പോർട്ടിൽ സ്ഥിരീകരിച്ചതോടെ പരിസരത്ത് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പും നഗരസഭയും. തനിച്ച് താമസിച്ചു വരുകയായിരുന്ന വയോധികയായ വിജയമ്മയുടെ ഉടമസ്ഥതയിൽ അഞ്ചോളം തെരുവുനായ്ക്കളുണ്ട്.
ഇതിൽ ഒന്നിനാണ് പേവിഷബാധ ഉണ്ടായത്. കൗൺസിലർ മഞ്ജുഷ സുമേഷിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും നഗരസഭയുടെയും മേൽനോട്ടത്തിൽ കുഴിച്ചിട്ട നായെ ഞായറാഴ്ച രാവിലെ പുറത്തെടുത്ത് തിരുവല്ല മഞ്ഞാടി ഗവ. മൃഗസംരക്ഷണ വകുപ്പിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നാലു മാസങ്ങൾക്കു മുമ്പ് വീട്ടിലെത്തിയവരെയും നായ് കടിച്ചിട്ടുണ്ടെന്നും കൗൺസിൽ മഞ്ജുഷ സുമേഷ് പറഞ്ഞു.