Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനത്തെ വലച്ച്​...

ജനത്തെ വലച്ച്​ കെ.എസ്.ആര്‍.ടി.സി

text_fields
bookmark_border
ജനത്തെ വലച്ച്​ കെ.എസ്.ആര്‍.ടി.സി
cancel

പണം കിട്ടിയില്ല; പണി മുടങ്ങി

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യഘട്ട നിര്‍മാണം 45 ദിവസംകൊണ്ട് തീർക്കുമെന്നാണ് തുടക്കത്തിൽ പറഞ്ഞത്. പിന്നീട് സ്ഥലം സന്ദർശിച്ച് മന്ത്രി പറഞ്ഞത് 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന്.

എന്നാലിപ്പോൾ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല ഒരു മാസമായി പണിയും മുടങ്ങി. ബിൽ നൽകിയിട്ടും പണം കിട്ടാത്തതിനാലാണ് നിർമാണം നിർത്തിവെച്ചതെന്ന് കരാറുകാരൻ പറഞ്ഞു. 25 ലക്ഷം രൂപയുടെ ബിൽ നൽകിയിട്ടുണ്ട്. ഇതുവരെ ഒരു രൂപപോലും കിട്ടിയിട്ടില്ല. എം.എൽ.എ ഫണ്ടായതിനാൽ ബിൽ അനുവദിച്ചുകിട്ടുന്നതിലെ നടപടികൾക്ക് താമസം നേരിടുന്നു എന്നാണ് മന്ത്രിയെ സമീപിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നും കരാറുകാരൻ പറയുന്നു.

നിലവിൽ സ്റ്റാൻഡിന്‍റെ ഒരു ഭാഗം നിർമാണത്തിനു കെട്ടിത്തിരിച്ചതിനാൽ ബസുകൾക്ക് വേണ്ടത്ര സ്ഥലമില്ല. പലപ്പോഴും സ്റ്റാൻഡിലേക്കു കയറാൻ കാത്തുകിടക്കുന്ന ബസുകൾ ടി.ബി റോഡിൽ കനത്ത ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുപണിയണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. കാത്തുകാത്തിരുന്നാണ് അടുത്തിടെ പണി തുടങ്ങിയത്. ഇതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നാണ് കരുതിയിരുന്നത്.

എന്നാൽ, ആ പ്രതീക്ഷ അസ്ഥാനത്തായി. ടെര്‍മിനലിന്‍റെ ആദ്യഘട്ടമായി ആറായിരത്തോളം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ് ആരംഭിച്ചത്. ടെര്‍മിനലും യാർഡും പല ഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. ടെര്‍മിനലിന്‍റെയും യാർഡിന്‍റെയും ആദ്യഘട്ടത്തിന് യഥാക്രമം 94 ലക്ഷം രൂപയും 97 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

എം.എല്‍.എ ഫണ്ടില്‍നിന്നുള്ള തുകയാണ് ഇതിനായി വിനിയോഗിക്കുക. വേഗത്തില്‍ പൂര്‍ത്തീകരിക്കാൻ നൂതനവും ചെലവുകുറഞ്ഞതുമായ പ്രീ ഫാബ്രിക്കേറ്റഡ് രീതിയാണ് സ്വീകരിച്ചത്. കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്ത് ആദ്യമായി പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ രീതി പ്രയോജനപ്പെടുത്തുന്നതും കോട്ടയത്താണ്. ആകെ 57 ബസ്

സർവിസുകളുടെ എണ്ണം കുറഞ്ഞതും ഡിപ്പോയെ ബാധിച്ചിട്ടുണ്ട്. കോവിഡിനു മുമ്പ് നൂറിലധികം ബസുകളുണ്ടായിരുന്ന ഡിപ്പോയിൽ ആകെ 74 എണ്ണമേ ഇപ്പോഴുള്ളൂ. അതിൽ 57 എണ്ണം മാത്രമേ സർവിസ് നടത്തുന്നുള്ളൂ. ബാക്കിയെല്ലാം പിൻവലിച്ചു. 19 എണ്ണം ഓർഡിനറിയാണ്.

സൂപ്പർഫാസ്റ്റ് ബസുകൾ ഇല്ലാത്ത പൊൻകുന്നം ഡിപ്പോ

പൊൻകുന്നം: മലയോര മേഖലയുടെ കവാടമായ പൊൻകുന്നം ഡിപ്പോക്ക് 43 ബസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത് 27 എണ്ണം മാത്രം. കാസർകോട് ജില്ലയിലെ പരപ്പയിലേക്ക് സർവിസ് നടത്തിയിരുന്ന രണ്ടു സൂപ്പർഫാസ്റ്റ് ബസ് അധികൃതർ തിരിച്ചെടുത്തതോടെ പൊൻകുന്നം സൂപ്പർഫാസ്റ്റ് ബസുകൾ ഇല്ലാത്ത ഡിപ്പോയായി.

ഒമ്പതു വർഷമായി ലാഭത്തിലോടുന്ന ദീർഘദൂര സർവിസായിരുന്നു ഇത്. സ്ഥലം എം.എൽ.എ കൂടിയായ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഗതാഗതമന്ത്രിയുമായി ചർച്ച നടത്തി മാസങ്ങൾ ആയെങ്കിലും സൂപ്പർ ഫാസ്റ്റുകൾ തിരിച്ചെത്തിയിട്ടില്ല.

ലോക്ഡൗണിന് മുമ്പ് പൊൻകുന്നം ഡിപ്പോയിൽ 43 ബസും 33 സർവിസുമാണ് ഉണ്ടായിരുന്നത്. ഇന്നത് 27 ബസും 25 സർവിസുമായി ചുരുങ്ങി. ലോക് ഡൗൺ കാലത്ത് 13 എണ്ണം തിരിച്ചെടുത്തു. ഒരെണ്ണം പോലും തിരികെ ലഭിച്ചിട്ടില്ല. ബസുകളുടെ കുറവ് സർവിസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാവിലെ 6.05 തിരുവനന്തപുരം, 7.00 മണ്ണാറശാല സർവിസുകൾ റദ്ദാക്കി. ലാഭകരമായി ഓടുന്ന പുനലൂർ, പാലാ ചെയിൻ സർവിസുകൾ വെട്ടിക്കുറച്ചു.

പുനലൂർക്കുള്ള അഞ്ച് ചെയിൻ സർവിസിൽ ഒരെണ്ണവും പാലാ-പൊൻകുന്നം ആറുചെയിൻ സർവിസുകളിൽ മൂന്നെണ്ണവും മാത്രമാണ് ഓടുന്നത്. ബസുകളുടെ കുറവ് യാത്രക്ലേശത്തിനും കാരണമാകുന്നുണ്ട്. മലയോര മേഖലകളായ കണയങ്കവയൽ, അഴങ്ങാട് മേലോരം മേഖലകളിലേക്ക് കൊടുംവളവുകളായതിനാൽ നീളം കുറഞ്ഞ ബസുകളാണ് സർവിസ് നടത്തുന്നത്. വൈകുന്നേരങ്ങളിൽ 150ൽപരം വിദ്യാർഥികളാണ് യാത്രക്കായി ബസിനെ ആശ്രയിക്കുന്നത്. യന്ത്രത്തകരാർ മൂലം ഈ ബസ് പലപ്പോഴും സർവിസ് മുടക്കാറുണ്ട്. പകരം കട്ട് ഷാസി ബസ് ഇല്ലാത്തതിനാൽ ഈ സർവിസ് അപ്പോൾ റദ്ദാക്കുകയാണ് പതിവ്. വിദ്യാർഥികൾ ഓട്ടോകളെ ആശ്രയിക്കും.

പൊൻകുന്നം ഡിപ്പോയിൽനിന്ന് കൊണ്ടുപോയ ബസുകൾ തിരികെ എത്തിക്കുകയും സർവിസുകൾ കൃത്യമായി നടത്തുകയും ചെയ്താൽ ഡിപ്പോക്ക് വരുമാനം വർധിപ്പിക്കാൻ കഴിയും. ഒപ്പം ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രദുരിതത്തിന് പരിഹാരവുമാകും.

ബസുകളില്ലാതെ ചങ്ങനാശ്ശേരി ഡിപ്പോ

ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ഡിപ്പോ നേരിടുന്ന പ്രധാന പ്രശ്നം ബസുകളുടെ അഭാവമാണ്. 77 ബസ് ഉണ്ടായിരുന്ന ഡിപ്പോയിൽ ഇപ്പോൾ 52 എണ്ണമേയുള്ളൂ. കോവിഡിന് മുമ്പ് ദിവസവും 62 ഷെഡ്യൂളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 42 ആയി ചുരുങ്ങി. മുമ്പ് 42 ഓർഡിനറി സർവിസ് ഉണ്ടായിരുന്നത് ഇപ്പോൾ 23 ആയി. കെ.എസ്.ആർ.ടി.സി ബസിനെ മാത്രം ആശ്രയിക്കുന്ന കുട്ടനാട് മേഖലയിലെ കാവാലം, കൈനടി, പുളിങ്കുന്ന്, ചമ്പക്കുളം, വെളിയനാട് മേഖലകളിലേക്കാണ് കൂടുതലും സർവിസ് നടത്തുന്നത്. ദിവസവും 16 ചാൽവരെ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുണ്ട്. നാലായിരത്തോളം വിദ്യാർഥികൾക്കാണ് ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് കൺസഷൻ കാർഡ് നൽകിയിട്ടുള്ളത്. അതിലേറെയും കുട്ടനാട്ടിലേക്കുള്ള വിദ്യാർഥികളാണ്.

കോവിഡിനുശേഷം പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞത് വരുമാനത്തെ ബാധിച്ചിട്ടുണ്ട്. മുമ്പ് ആറര ലക്ഷത്തിനടുത്ത് വരുമാനം ലഭിച്ചിരുന്ന ഡിപ്പോയിൽ നിലവിൽ ശരാശരി മൂന്നര ലക്ഷം രൂപയാണ് ലഭിക്കുന്നത്. വിദ്യാർഥികളുടെ യാത്രസൗകര്യം കൂടി കണക്കിലെടുത്ത് കലക്ഷൻ കുറവാണെങ്കിലും സർവിസ് നടത്തുന്ന സ്ഥിതിയാണ്. കുട്ടനാട്ടിലേക്കുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് ആശ്രയം. എം.സി റോഡുവഴിയുള്ള സർവിസാണ് നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി ഡിപ്പോയിലെ പഴയ കെട്ടിടത്തിൽ ഇപ്പോൾ എൻക്വയറി ഓഫിസ് മാത്രമാണ് പ്രവർത്തിക്കുന്നത്. യാത്രക്ലേശം കൂടുതൽ നേരിടുന്ന മേഖലക്കു പരിഗണന നൽകി കുറ്റമറ്റരീതിയിലാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സ്റ്റേഷൻ മാസ്റ്റർ സന്തോഷ് കുര്യൻ പറഞ്ഞു.

പുതിയ ബസ് ടെർമിനൽ

കെ.എസ്.ആർ.ടി.സി ഡിപ്പോക്കു പുതിയ ബസ് ടെർമിനലിന് ഭരണാനുമതിയായിട്ടുണ്ട്. 35,500 ചതുരശ്രയടി യാർഡും 18,000 ചതുരശ്രയടി കെട്ടിടസമുച്ചയം കഫറ്റീരിയ-ശീതീകരിച്ച വിശ്രമമുറി- ക്ലോക്ക് റൂം-ടേക് ബ്രേക്ക് തുടങ്ങിയ സൗകര്യങ്ങളടക്കമുള്ള കെട്ടിടമാണ് നിർമിക്കുന്നത്.

സ്വകാര്യ വാഹന പാർക്കിങ് സൗകര്യമുണ്ടായിരിക്കും. ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് അഞ്ചുകോടി 15 ലക്ഷം രൂപ അനുവദിച്ചത്. ഭരണാനുമതിയിൽ നിർദേശിച്ചപോലെ ടെൻഡർ നടപടി പൂർത്തിയാക്കി കേന്ദ്ര സർക്കാർ ഏജൻസിയായ എച്ച്.എൽ.എ ലൈഫ് കെയർ ലിമിറ്റഡിന് നിർമാണച്ചുമതല നൽകിയിട്ടുണ്ട്. ഏതാണ്ട് 50 വർഷത്തിലധികം പഴക്കമുള്ള ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റിയശേഷമായിരിക്കും പുതിയ ടെർമിനൽ പണിയുന്നത്.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെ താൽക്കാലിക കാത്തിരിപ്പുകേന്ദ്രം തയാറാക്കും. 18 മാസംകൊണ്ട് പണിപൂർത്തീകരിക്കുകയാണ് ലക്ഷ്യം.

സർവിസുകൾ വെട്ടിക്കുറച്ചു; യാത്രാസൗകര്യമില്ലാതെ വിദ്യാര്‍ഥികള്‍

ഈരാറ്റുപേട്ട: കോവിഡ് സാഹചര്യത്തിൽ വെട്ടിക്കുറച്ച സർവിസുകൾ പുനഃസ്ഥാപിക്കാത്തതിനാൽ യാത്രാസൗകര്യമില്ലാതെ മലയോര മേഖലയിലെ വിദ്യാർഥികളും പൊതുജനങ്ങളും. ഇതോടെ ചോലത്തടം-പറത്താനം മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. ഈ പ്രദേശങ്ങളില്‍നിന്ന് സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന കുട്ടികള്‍ക്കും ജോലിക്കാര്‍ക്കും ഈരാറ്റുപേട്ട ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള ഏകമാര്‍ഗം 8.30ന് ഈരാറ്റുപേട്ടക്കുള്ള കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ്.

രണ്ടു ബസില്‍ കയറേണ്ട ആളുകള്‍ ഒരു ബസില്‍ കയറുന്നതോടെ കുത്തിറക്കവും കൊടുംവളവുമുള്ള ചോലത്തടം- പാതാമ്പുഴ റൂട്ടിലൂടെ യാത്ര അപകടകരമാകുകയാണ്.

ഒരു സര്‍വിസുകൂടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതര്‍ക്ക് നിവേദനം നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച മുതല്‍ ഒരുബസുകൂടി സര്‍വിസ് ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. പരിമിതികൾക്കുള്ളിൽനിന്ന് ഒരാഴ്ചക്കകം മലയോര മേഖലകളിലേക്ക് ഏഴ് സർവിസ് തുടങ്ങാൻ കഴിഞ്ഞതായി ഡിപ്പോ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ പറഞ്ഞു. എന്നാൽ, എറണാകുളം സോണിലെ മികച്ച ഡിപ്പോകളിലൊന്നായ ഈരാറ്റുപേട്ടക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പരാതിയുണ്ട്.

പ്രതിദിനം 65 ബസുവരെ സർവിസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ 36 ബസ് മാത്രമാണ് സർവിസിന് അയക്കുന്നത്. ഡിപ്പോയിൽനിന്ന് രണ്ടു വർഷമായി സൂപ്പർ ഫാസ്റ്റുകൾ ഇല്ല. നല്ല വരുമാനം ഉണ്ടാകാൻ സാധ്യതയുള്ള വടക്കൻ മേഖലകളിലേക്ക് പുതിയ സർവിസുകൾ ആരംഭിച്ചിട്ടില്ല. ഘട്ടംഘട്ടമായി ഡിപ്പോ നിർത്തലാക്കി ഓപറേറ്റിങ് സെന്ററാക്കി മാറ്റാനുള്ള ശ്രമമാണ് അധികൃതർ നടത്തിക്കൊണ്ടിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - KSRTC service problem
Next Story