Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജീവനക്കാർ സമരം...

ജീവനക്കാർ സമരം തുടങ്ങി; മൈലപ്ര ബാങ്ക്​ പ്രവർത്തനം പ്രതിസന്ധിയിലേക്ക്​

text_fields
bookmark_border
പത്തനംതിട്ട: മൈലപ്ര സർവിസ്​ സഹകരണ ബാങ്ക്​​ പ്രവർത്തനം പ്രതിസന്ധിയിൽ. പണം ആവശ്യപ്പെട്ട്​ നിക്ഷേപകർ കൂട്ടമായി എത്താൻ തുടങ്ങിയതോടെ ജീവനക്കാർ പണിമുടക്ക്​ സമരം ആ​രംഭിച്ചു. 123 കോടിയോളം രൂപ നിക്ഷേപമുള്ള ബാങ്കിൽ നിക്ഷേപകർക്ക്​ പണം മടക്കിനൽകാൻ കഴിയാത്ത അവസ്ഥയായതോടെയാണ്​​ ജീവനക്കാർ സമരരംഗത്തേക്ക്​ ​ ഇറങ്ങിയത്​​. ബാങ്കിന്‍റെ പ്രധാന അനുബന്ധ സ്ഥാപനമായ അമൃത ഗോതമ്പ്​​ സംസ്​കരണ ഫാക്ടറി പ്രവർത്തനത്തിന്​ നൽകിയ കോടികളുടെ അഡ്വാൻസ്​ തുക തിരിച്ചുലഭിക്കാതായതോടെയാണ്​ പ്രതിസന്ധിക്കിടയാക്കിയതെന്ന്​ ജീവനക്കാർ പറഞ്ഞു. ഫാക്ടറി പ്രവർത്തനം ഇപ്പോൾ നിർജീവമാണ്​. ​35 കോടിയോളം രൂപ മുടക്കിയാണ്​ ഗോതമ്പ്​ സംസ്​കരണ ഫാക്ടറി വർഷങ്ങൾക്ക്​ മുമ്പ്​ പ്രവർത്തനം ആരംഭിച്ചതെന്ന്​ ജീവനക്കാർ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ജീവനക്കാർ ഭരണസമിതിയോട്​ നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം കണ്ടില്ല. നിക്ഷേപകർക്ക്​ 10,000 രൂപ പോലും നൽകാൻ കഴിയുന്നില്ല. വായ്പ ഇനത്തിൽ 72 കോടിയോളം​ രൂപ നൽകിയിട്ടുണ്ട്. ഇപ്പോൾ ​ദൈനംദിന പ്രവർത്തനം താളംതെറ്റി. വായ്പ തുകകൾ ആളുകൾ തിരിച്ചടക്കാത്തതും വലിയ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. അനർഹമായി വായ്പകൾ നൽകിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ​ബാങ്കിന്‍റെ താൽപര്യം സംരക്ഷിക്കാതെ നാടുമായി ബന്ധമില്ലാത്ത ചില സ്ഥാപനങ്ങളിൽ കോടികൾ നിക്ഷേപിച്ചിട്ടുള്ളതായും ജീവനക്കാർ പറയുന്നു. കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ പലരും വായ്പകൾ തിരിച്ചടച്ചിട്ടില്ല. ബാങ്കിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ്​​​ ആളുകളെ കണ്ട്​ നിക്ഷേപം സ്വീകരിച്ചത്​. ലക്ഷക്കണക്കിന്​ രൂപ നിക്ഷേപിച്ചവരുണ്ട്​. ​ജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന സഹകരണ ബാങ്കുകളിൽ ഒന്നായിരുന്നു ഇത്​. മൂന്നു ബ്രാഞ്ചുകളും അനുബന്ധ സ്ഥാപനങ്ങളായി സൂപ്പർമാർക്കറ്റ്​, അഗ്രിമാർട്ട്​ എന്നിവയും പ്രവർത്തിക്കുന്നു​. പണം ആവശ്യപ്പെട്ട്​ ജീവനക്കാരുടെ വീടുകളിലേക്ക്​ കൂടുതൽ നിക്ഷേപകർ എത്താൻ തുടങ്ങിയതോടെയാണ്​ സമരം ആരംഭിക്കേണ്ടിവന്നത്​. ശമ്പളവും യഥാസമയം കിട്ടുന്നില്ല. സർക്കാറിന്‍റെ സാമൂഹികസുരക്ഷ പെൻഷൻ വകമാറ്റി ചെലവഴിക്കുന്നത്​​ കാരണം അതും ക്യത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല. നാട്ടുകാർ ജീവനക്കാരെ കണ്ടാൽ അസഭ്യം പറയുന്ന അവസ്ഥായാണിപ്പോൾ. ഇതോടെ ജോലിയിൽ കയറാൻ പറ്റാത്ത സാഹചര്യമായി. ഗോതമ്പ്​ ഫാക്ടറിക്ക്​ നൽകിയ അഡ്വാൻസ്​ തുക അടിയന്തരമായി തിരിച്ചടക്കാൻ നടപടി സ്വീകരിക്കണമെന്ന്​ ​ ജീവനക്കാർ ആവശ്യപ്പെട്ടു. ബാങ്കിനെ തകർച്ചയിൽനിന്ന്​ രക്ഷിക്കണമെന്ന്​ ആവ​ശ്യപ്പെട്ട്​ ജീവനക്കാർ ജില്ല സഹകരണസംഘം ജോയൻറ്​ രജിസ്​ട്രാർക്ക്​ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story