ഇനി വിട്ടുപോകില്ലെന്ന് ഉറപ്പുനൽകി ബിന്ദു വീട്ടിലെത്തി
text_fieldsമലമ്പുഴ: മലമ്പുഴ ഡാം പരിസരത്ത് എത്തിയതെങ്ങനെയെന്ന് ചോദിച്ചാൽ പുതുക്കാട് സ്വദേശിനിയായ ബിന്ദുവിന് (40) കൃത്യമായി പറയാനറിയില്ല. വീട്ടിൽനിന്ന് ഇറങ്ങിയത് മാത്രമാണ് ഒാർമ.
ഡാമിന് പരിസരത്ത് മരിക്കാനെന്ന് പറഞ്ഞ് അലഞ്ഞുതിരിയുന്ന യുവതിയെക്കുറിച്ച് വിവരം ലഭിച്ച് സ്ഥലത്തെത്തിയ ടൂറിസം പൊലീസാണ് ബിന്ദുവിനെ മലമ്പുഴ സ്റ്റേഷനിലെത്തിച്ചത്. സ്വന്തം നാടിനെക്കുറിച്ച് പുതുേക്കാടെന്നതിലപ്പുറം ഒന്നും മാനസികദൗർബല്യമുള്ള ബിന്ദുവിന് ഒാർമയുണ്ടായിരുന്നില്ല.
മലമ്പുഴ പൊലീസിെൻറ നേതൃത്വത്തിൽ പുതുേക്കാട്ടുള്ള സന്നദ്ധപ്രവർത്തകയെയും തുടർന്ന് വാർഡ് മെംബറെയും ബന്ധപ്പെട്ടാണ് ബിന്ദുവിനെ തിരിച്ചറിഞ്ഞത്.
ഇതിനിടെ വീട്ടിലേക്ക് തിരിച്ചില്ലെന്ന് ബിന്ദു ആവർത്തിച്ചുപറഞ്ഞുകൊണ്ടിരുന്നത് സ്റ്റേഷനിൽ സങ്കടക്കാഴ്ചയായി. ബിന്ദുവിനെ നല്ല പരിചരണം ലഭിക്കുന്ന ഏതെങ്കിലും കേന്ദ്രത്തിലാക്കാനായിരുന്ന പൊലീസ് പദ്ധതിയിട്ടത്.
എന്നാൽ, കോവിഡ് പരിശോധന നടത്തി 14 ദിവസത്തിന് ശേഷമേ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശനമനുവദിക്കൂ എന്ന നിബന്ധന വില്ലനായതോടെ വീട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
പുതുക്കോട് പഞ്ചായത്ത് അധികൃതരെ ബന്ധപ്പെെട്ടങ്കിലും വാഹനസൗകര്യം ഏർപ്പെടുത്താനാവില്ലെന്ന് അറിയിച്ചതോടെ പൊലീസ് സ്വന്തം വാഹനത്തിൽ ബിന്ദുവിനെ വീട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ബിന്ദു വീട്ടിലെത്തി.
വിദഗ്ധ ചികിത്സയടക്കം സൗകര്യങ്ങൾ ലഭിക്കുന്നിടത്തേക്ക് ബിന്ദുവിനെ മാറ്റാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്നും പൊലീസ് സംഘം വീട്ടുകാരെ അറിയിച്ചു.
ഇനി ബിന്ദുവിനെ നന്നായി നോക്കാമെന്ന് വീട്ടുകാരുടെ ഉറപ്പുകൂടിയായതോടെ കാക്കിക്കുള്ളിലെ നല്ല ഹൃദയങ്ങൾക്കും സന്തോഷം. എ.എസ്.െഎ ഉമ്മർ ഫാറൂഖ്, സിവിൽ പൊലീസ് ഒാഫിസർ സത്യനാരായണൻ, മൻസൂർ, വനിത പൊലീസുകാരായ സന്ധ്യ, ഗായത്രി, സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണ് ബിന്ദുവിനെ വീടെത്തിച്ചത്.