Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വർണക്കവർച്ച ശ്രമം:...

സ്വർണക്കവർച്ച ശ്രമം: അർജുൻ ആയങ്കി പ്രതിയെന്ന്​ എഫ്​.ഐ.ആർ; നിമിഷങ്ങൾക്കകം പിൻവലിച്ച്​ പൊലീസ്​

text_fields
bookmark_border
മലപ്പുറം: കഴിഞ്ഞ ദിവസം കോഴിക്കോട്​ വിമാനത്താവള പരിസരത്ത്​ സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിനെതിരെയും ഗൂഢാലോചനക്കെതിരെയും കരിപ്പൂർ പൊലീസ്​​ രജിസ്റ്റർ ചെയ്ത എഫ്​.ഐ.ആറിലെ പ്രതിപ്പട്ടികയിൽ​ 2021ലെ സ്വർണക്കടത്ത്​ ക്വട്ടേഷൻ കേസ്​ പ്രതിയായിരുന്ന അർജുൻ ആയങ്കിയും. ആഗസ്റ്റ്​ 10ന്​ അർജുൻ ആയങ്കിയടക്കം ആറു പ്രതികളുടെ പേരിൽ കരിപ്പൂർ പൊലീസ് സ്റ്റേഷൻ ക്രൈം 262 72022 U/s 399,120(B) IPC പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു​. എന്നാൽ, പിന്നീട്​ ഈ എഫ്​.ഐ.ആർ വെബ്സൈറ്റിൽനിന്ന്​ പിൻവലിച്ചു. മാധ്യമങ്ങൾക്ക്​ നൽകിയ വിവരത്തിലും അർജുൻ ആയങ്കിയെക്കുറിച്ച​ പരാമർശമില്ല. അർജുൻ ആയങ്കിയെ ഈ കേസിൽ പ്രതിയാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിൽനിന്ന്​ പൊലീസ്​ ഒഴിഞ്ഞുമാറുകയും ചെയ്തു. അതേസമയം, ബുധനാഴ്ച കരിപ്പൂർ പൊലീസ്​ രജിസ്റ്റർ ചെയ്ത എഫ്​.ഐ.ആറിലെ ഉള്ളടക്കത്തിൽ അർജുൻ ആയങ്കിയുടെ പങ്ക്​ വ്യക്തമാക്കുന്ന നിരവധി പരാമർശങ്ങളുണ്ട്​​. പിടികൂടിയ പ്രതികളുടെ മൊഴികളിൽനിന്നും ഫോൺ രേഖകളിൽനിന്നും ഇ​ദ്ദേഹത്തിന്‍റെ പങ്ക്​ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്​. കരിപ്പൂരിൽ സ്വർണക്കവർച്ചക്ക്​ എത്തിയ സംഘത്തിന്‍റെയും സ്വർണം ​കൊണ്ടുവന്ന മഹേഷിന്‍റെയും മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ വാട്​സ്​ആപ്​ മുഖേന അർജുൻ ആയങ്കിയുമായും അറസ്റ്റിലായ മൊയ്തീൻ കോയയുമായും നിരന്തരം ബന്ധപ്പെട്ടതായി പറയുന്നുണ്ട്​. സ്വർണമിശ്രിതം കവർച്ച നടത്താനായി മഹേഷ് വിവരങ്ങൾ ചോർത്തിക്കൊടുത്തതായും ഗൂഢാലോചന നടത്തിയതായും എഫ്​.ഐ.ആറിലുണ്ട്​. സൈബർ സെല്ലിന്‍റെ സഹായത്തോടെ മൊയ്തീൻകോയയുടെ ഫോൺ നമ്പർ ലൊക്കേഷൻ പരിശോധിച്ച്​ പരപ്പനങ്ങാടിയിൽനിന്നാണ്​ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്​. ഇയാളുടെ മൊഴിയിൽ താനും അർജുൻ ആയങ്കിയും സുഹൃത്തുക്കളാണെന്നും അർജുൻ ആയങ്കിയുടെ നിർദേശപ്രകാരമാണ്​ മൂന്നുപേരെ എയർപോർട്ടിലേക്ക്​ അയച്ചതെന്നും ഇക്കാര്യം സ്വർണം ​​കൊണ്ടുവന്ന മഹേഷിന് അറിയാമെന്നും പറയുകയും ചെയ്തു. മഹേഷിന്‍റെ മൊബൈൽ ഫോണിൽനിന്ന്​ നൗഷാദ് എന്ന പ്രവാസി കൊടുത്തയച്ചതാണ് സ്വർണമെന്ന്​ വ്യക്തമായിട്ടുണ്ട്​​. മഹേഷിന്‍റെ വാട്സ്ആപ്പിൽ കണ്ട തെളിവുകൾ പ്രകാരം അർജുൻ ആയങ്കിയുമായും മറ്റുള്ളവരുമായും ഗൂഢാലോചന നടത്തിയാണ് കവർച്ചശ്രമം നടന്നതെന്നും​ വ്യക്തമാണ്​. ----------box---------- അർജുന്‍റെ കാപ്പ റദ്ദാക്കിയത്​ ദിവസങ്ങൾക്കുമുമ്പ്​ മലപ്പുറം: നേരത്തേ കരിപ്പൂർ സ്വർണക്കടത്ത്​ ക്വട്ടേഷൻ കേസ്​ പ്രതിയായിരുന്ന അർജുൻ ആയങ്കിക്കെതിരെ ചുമത്തിയ കാപ്പ രണ്ടാഴ്ച മുമ്പാണ്​ റദ്ദാക്കിയത്​. 2017നുശേഷം തന്‍റെ പേരിൽ കേസുകളില്ലെന്നും കസ്​റ്റംസ്​ കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിലായിരുന്നു അഡ്വൈസറി ബോർഡിന്‍റെ ഉത്തരവ്​. 2021ലെ സ്വർണക്കടത്ത്​ കേസ്​ കസ്റ്റംസായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്​. എന്നാൽ, കഴിഞ്ഞ ദിവസം ​ആയങ്കിക്കെതിരെ പൊലീസാണ്​ കേസ്​ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നത്​ പ്രാധാന്യമുള്ളതാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story