വീൽചെയറിലെത്തി ആടിയും പാടിയും അവരുടെ ഓണാഘോഷം
text_fieldsഓണപ്പുലരി-2023 ഓണാഘോഷ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കെ.എം. അശ്റഫ് ഉദ്ഘാടനം ചെയ്യുന്നു
താമരശ്ശേരി: വീൽചെയറുകളിലെത്തി ഒത്തുകൂടി പാടിയും താളം പിടിച്ചും അവർ ഓണാഘോഷം കെങ്കേമമാക്കി. സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഓണാഘോഷം ഓണപ്പുലരി-2023 സംഘടിപ്പിച്ചത്. ഓമശ്ശേരി റൊയാർഡ് ഫാം ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറോളം വീൽചെയറുകളിൽ കഴിയുന്നവർ പങ്കെടുത്തു.
പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജാനു തമാശ ഫെയിം ലിധിലാൽ, സുധൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഓമശ്ശേരി ശാന്തി ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്, ഓണസദ്യ, ഓണക്കിറ്റ് വിതരണം എന്നിവയുമുണ്ടായി. എസ്.ഡബ്ല്യു.എസ് പ്രസിഡന്റ് വി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് എം.ടി. മജീദിനെ ആദരിച്ചു.
കൺവീനർ ബവീഷ് ബാൽ സ്വാഗതം പറഞ്ഞു. സിനി ആർട്ടിസ്റ്റ് അമൽ ഇഖ്ബാൽ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി, മിസ്റ വാവാട്, പി. ഇന്ദു, സന്തോഷ് എളേറ്റിൽ, അനസ് കട്ടിപ്പാറ, വി.കെ. മുഹമ്മദ് നഈം, ഉസ്മാൻ പി. ചെമ്പ്ര, എസ്.ഐ. രാധാകൃഷ്ണൻ, അഡ്വ. ശ്രീജിത്ത്, സഫീന, വിനോദ് താമരശ്ശേരി തുടങ്ങിയവർ സംസാരിച്ചു.