കോഴിക്കോട്: അമൃത് പദ്ധതിയിൽ മലിനജല പ്ലാൻറുകൾക്കുൾപ്പെടെ സർക്കാർ അനുമതി ലഭിച്ചത് നഗരത്തിെൻറ മാലിന്യസംസ്കരണ മേഖലക്ക് വലിയ പ്രതീക്ഷയായി. ശുചിമുറിമാലിന്യം ഉൾപ്പെടെ സംസ്കരിക്കാൻ കോതി, ആവിക്കൽതോട് എന്നിവിടങ്ങളിൽ പ്ലാൻറുകളും ജലവിതരണ ശൃംഖലകളും നിർമിക്കുന്ന ടെൻഡറുകൾക്കാണ് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി അനുമതി നൽകിയത്.
നേരേത്ത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയും പദ്ധതിക്ക് അനുമതി നൽകിയിരുന്നു. നഗരസഭ ഉടൻ പദ്ധതിയുടെ ടെൻഡർ ഉറപ്പിച്ച് തുടർനടപടി കൈക്കൊള്ളും. മാർച്ച് 31നുള്ളിൽ കരാറുണ്ടാക്കാനായാൽ അനുവദിച്ച തുക നഷ്ടപ്പെടുകയുമില്ല. പദ്ധതിക്ക് അധികമായി വരുന്ന 30 കോടിയോളം രൂപ സംസ്ഥാന സർക്കാറും നഗരസഭയും ചേർന്നു വഹിക്കാം എന്നാണ് ഉന്നതാധികാര സമിതി തീരുമാനിച്ചത്.
നാലു ഭാഗങ്ങളായി തിരിച്ച പദ്ധതിക്ക് മഹാരാഷ്ട്രയിലെ സീമാക് ഹൈടെക് പ്രൊഡക്ട്സ്, അഹ്മദാബാദ് നാസിത് ഇൻഫ്രാസ്ട്രെക്ച്ചർ എന്നീ കമ്പനികളാണ് ടെൻഡർ സമർപ്പിച്ചത്. പ്ലാൻറുകളുടെ നിർമാണത്തിനുള്ള തുക എസ്റ്റിമേറ്റിലും കുറവാണ് കമ്പനികൾ കാണിച്ചിരിക്കുന്നെതങ്കിലും ജലവിതരണ ശൃംഖലക്ക് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനാണ് 30 കോടിയോളം അധികതുക രേഖപ്പെടുത്തിയത്. ഈ തുകയാണ് സർക്കാറും നഗരസഭയും വീതിച്ചെടുക്കുന്നത്. രണ്ടരവർഷം മുമ്പ് വിശദ പദ്ധതിരേഖ തയാറാക്കിയ പദ്ധതിയിൽ കോതിയിലും ആവിക്കല്‍ തോടുമാണ് മലിനജല സംസ്കരണ പ്ലാൻറുകൾ വിഭാവനം ചെയ്തത്. ഇതിന് 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് രണ്ടു ഘട്ടമായി 5.8 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് 98 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിടും. 90,000 പേര്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടും. ജൈവിക രീതിയിലുള്ള (മോഡിഫൈഡ് മൂവിങ് ബെഡ് ബയോ റിയാക്ടര്‍) സംസ്കരണ പ്രക്രിയയാണ് പ്ലാൻറിനായി ഒരുക്കിയത്. പദ്ധതിക്ക് നാലുതവണ ടെൻഡർ വിളിക്കുകയും 13 തവണ തീയതി ദീർഘിപ്പിക്കുകയും ചെയ്തിരുന്നു.