Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബജറ്റിന് യാഥാർഥ്യ...

ബജറ്റിന് യാഥാർഥ്യ ബോധമില്ല: കെട്ടിട നമ്പർ സോഫ്റ്റ് വെയർ പരിഷ്ക്കരിക്കണം

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാർ ഓഡിറ്റ് വകുപ്പിന്‍റെ 2020 -21 സാമ്പത്തിക വർഷത്തെ കോഴിക്കോട് കോർപറേഷൻ ഓഡിറ്റ് റിപ്പോർട്ടിൽ നഗരസഭയിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. രണ്ട് മാസത്തിനകം ക്രമക്കേടുകൾ പരിഹരിച്ച് ഓഡിറ്റ് തടസ്സങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞ മാസം പുറത്തുവിട്ട ഓഡിറ്റ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. റിപ്പോർട്ടിലെ പരാമർശങ്ങളിൽ ചിലത്: -നഗരസഭയുടെ ബജറ്റ് യാഥാർഥ്യ ബോധമില്ലാതെയാണ് തയാറാക്കിയത്. വരവ് ചെലവ് കണക്കുകൾ യഥാർഥ വരവ് ചെലവ് കണക്കുമായി അന്തരമുണ്ട്. വസ്തു നികുതിയിൽ മാത്രം കണക്ക് പ്രകാരമുള്ള വരുമാനവും പ്രതീക്ഷിതവരുമാനവും തമ്മിൽ 13.2 കോടിയിലേറെ രൂപയുടെ വ്യത്യാസമുണ്ട്. യഥാർഥ ബജറ്റിനേക്കാൾ പെരുപ്പിച്ച്കാണിക്കുന്ന ബജറ്റ് ചെലവ് തുക കണ്ടെത്താൻ പറ്റാത്തയവസ്ഥയുണ്ടാക്കും. ബജറ്റിൽ വകയിരുത്താത്ത പദ്ധതികൾക്ക് തുക ചെലവഴിച്ചു. വൻതുക പ്രഖ്യാപിച്ച ഇനങ്ങൾക്ക് നാമ മാത്ര തുകയാണ് ചെലവിട്ടത്. ബജറ്റ് വെറും കടമ തീർക്കൽ മാത്രമായി. -നഗരസഭയുടെ വിവിധ വിഭാഗങ്ങളുടെ ഏകോപനമില്ലായ്മ സുഗമമായ പ്രവർത്തനത്തിന് വിഘാതമാവുന്നു. പല വകുപ്പുകളും അവരവരുടെ ചുമതലയിൽ നിന്ന് വ്യതിചലിക്കുന്നു. 1286 പദ്ധതികൾ ആസൂത്രണം ചെയ്തതിൽ 428 എണ്ണം നടപ്പായിട്ടില്ല. എല്ലാവർഷവും വരുന്ന ഓഡിറ്റ് റിപ്പോർട്ടിലെ പരാതികൾക്ക് പരിഹാരമുണ്ടാവുന്നില്ല. -കെട്ടിട നമ്പർ തട്ടിപ്പ് വഴി വിവാദമായ സഞ്ചയ സോഫ്റ്റ് വെയറിലേക്ക് ഓഡിറ്റ് വിഭാഗത്തിന് കോർപറേഷൻ ലോഗിൻ അനുവദിച്ചിട്ടില്ല. ഒ.ടി.പി അധിഷ്ഠിതമായ ലോഗിൻ സംവിധാനം വരുത്തണം. ജീവനക്കാരന് കോർപറേഷനിലെ മൊത്തം ഫയലുകൾ കാണാനുള്ള രീതിമാറ്റി തന്‍റെ പരിധിയിലുള്ളത് മാത്രം കൈകാര്യം ചെയ്യും വിധമാക്കണം. ഓൺലൈനായി ഏതൊരാൾക്കും നികുതി വിവരങ്ങൾ കാണാനാവണം. ഓൺലൈൻവഴി നികുതിയീടാക്കുമ്പോൾ നിരവധി പ്രയാസങ്ങളുണ്ടാവുന്നു. തൊഴിൽ നികുതി നിശ്ചയിക്കുന്നതിലും ഈടാക്കുന്നതിലും അപാകതയുണ്ട്. -ചെറുവണ്ണൂർ നല്ലളം മേഖല കാര്യാലയത്തിൽ രജിസ്റ്ററുകളും മറ്റും കൃത്യമായി സൂക്ഷിക്കുന്നില്ല. നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ നടപടിയെടുത്തില്ല. പാർപ്പിടാവശ്യത്തിന് നമ്പറിട്ടകെട്ടിടങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. -അനധികൃത കെട്ടിടങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. നഗരസഭയുടെ കെട്ടിടത്തിൽ മരിച്ചയാളുടെ പേരിൽ ലൈസൻസ് ഫീസ് അടക്കുന്നു. സെൻട്രൽ മാർക്കറ്റിന്‍റെ ഓപൺ ടെറസ് അനധികൃതമായി ഗുണഭോക്താക്കൾ ഉപയോഗിക്കുന്നു. സ്റ്റേഡിയം ബിൽഡിങ്ങിൽ പട്ടികജാതിക്കാർക്ക് നൽകിയ മുറി കീഴ്വാടകക്ക് നൽകി. പാളയം സ്റ്റാൻഡ് നൈറ്റ് ഷെൽട്ടർ ലൈസൻസ് ഫീസ് ഈടാക്കുന്നതിലും അപാകത. ബേപ്പൂർ ബസ് സ്റ്റാൻഡ് ലേലത്തിൽ 18.6ലക്ഷം നഷ്ടമുണ്ടാക്കി. ലൈസൻസില്ലാതെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. -റോഡിന്‍റെയും തെരുവിന്‍റെയും അരികുകൾ ലീസിന് നൽകുന്നതിന് പ്രത്യേക നിയമാവലിയുണ്ടാക്കിയില്ല. സർക്കാർ അനുമതിയില്ലാതെ വിവിധയിടങ്ങളിൽ താൽകാലിക ജീവനക്കാരെ നിയമിച്ചു. -വിവരങ്ങൾ ഡിജിറ്റൽ ചെയ്യുമ്പോഴും ഡേറ്റ എൻട്രി നടത്തുമ്പോഴും സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണം. -മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിയിൽ വൻ ക്രമക്കേട്. കാടയും കൂടും, പശുവളർത്തൽ പദ്ധതിയിലും അപാകതകൾ. -മൃഗാശുപത്രികളിൽ ടെക്നിക്കൽ ജീവനക്കാരുടെ സേവനം ഉറപ്പാക്കാതെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി വെറുതെയിട്ടു. -സർക്കാർ അനുമതിയില്ലാതെയാണ് 'സമഗ്ര വിദ്യാഭ്യാസം' പദ്ധതി നടപ്പാക്കിയത്. തുമ്പൂർ മുഴി മാതൃകയിൽ മാലിന്യ സംരക്ഷണ സംവിധാനം ഒരുക്കിയതിൽ അപാകത. -ബേപ്പൂരിൽ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് അധിക തുക നൽകിയിട്ടും തിരിച്ചടച്ചില്ല. -ബസ് സ്റ്റാൻഡ് ലേലത്തിൽ 16.8 ലക്ഷം നഷ്ടമുണ്ടാക്കി. BOX- അമൃത് ലക്ഷ്യം പൂർത്തിയാക്കിയില്ല, പ്ലാന്‍റുകളെപ്പറ്റി ബോധവത്കരിച്ചില്ല അമൃത് പദ്ധതിൽ ഉദ്ദേശ്യ ലക്ഷ്യം കൈവരിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 308.14 രൂപയുടെ ഭരണാനുമതി കിട്ടിയ 50ൽ 45 പദ്ധതികൾ പൂർത്തിയായെങ്കിലും അഞ്ചെണ്ണം തീർന്നില്ല. 118.55 കോടി (38.47 ശതമാനം) മാത്രമെ ചെലവാക്കിയുള്ളൂ. മെഡിക്കൽ കോളജ് സീവേജ് പ്ലാന്‍റിന് കൺസൾട്ടൻസിയായി റാം ബയോളജിക്കൽസിനെ തിരഞ്ഞെടുത്തതിൽ അപാകതയുണ്ട്. ഓപൺ ടെൻഡർ വഴി തിരഞ്ഞെടുക്കുന്നതിന് പകരം താൽപര്യ പത്രം ക്ഷണിച്ചാണ് വിശദ പദ്ധതിരേഖക്കായി കൺസൾട്ടൻസിയെ തിരഞ്ഞെടുത്തത്. ക്വട്ടേഷൻ അംഗീകരിക്കും മുമ്പ് ഡി.പി.ആർ. തയാറാക്കി. മുൻ പരിചയമില്ലാത്തവരെയാണ് തിരഞ്ഞെടുത്തത്. റാം ബയേളജിക്കൽസിന്‍റെ മുൻ പരിചയം കാണിക്കുന്ന രേഖയൊന്നുമില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും പുതിയ കരാർ വെച്ചില്ല. കരാർ വ്യവസ്ഥക്ക് വിരുദ്ധമായി കൺസൾട്ടൻസി ഫീ നൽകി. നിർമാണ കാലാവധി നീട്ടിക്കൊടുക്കുന്നതിലും അപാകത. സ്ഥലം കൈമാറിയതിന് രേഖയില്ല. ഓപറേഷൻ ആൻഡ് മെയിന്‍റനൻസ് കരാറില്ല. മെഡിക്കൽ കോളജ് പ്ലാന്‍റിന്‍റെ കരാറെടുത്ത സ്ഥാപനവുമായി അനധികൃതമായി ഒത്തുതീർപ്പ് നടത്തി. ആവിക്കൽ, കോതി മലിന ജല പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിലും ക്രമക്കേടുണ്ട്. ഇവിടെയും റാം ബയോളജിക്കൽസ് എന്ന സ്ഥാപനത്തെ പദ്ധതിരേഖ തയാറാക്കാൻ നിശ്ചയിച്ചത് ക്രമം വിട്ടാണ്. യോഗ്യതയില്ലാത്ത സ്ഥാപനത്തെയാണ് ഏൽപിച്ചത്. നഗരം വില്ലേജിലുള്ള കോതി പ്ലാന്‍റ് സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് പ്രവൃത്തി ടെൻഡർ നടത്തി. ജനങ്ങളെ ബോധവത്കരിക്കുന്നതിൽ കരാറുകാർ വീഴ്ച വരുത്തിയതിനാൽ കോതി, ആവിക്കൽ പ്ലാന്‍റുകൾ കേസിലേക്കും പ്രതിഷേധത്തിലേക്കും നീങ്ങി. അമൃതിലുള്ള മാവൂർ റോഡിലെ ഓട നിർമാണത്തിലും ക്രമക്കേട്. കരാറുകാരന്‍റെ വീഴ്ചക്ക് നഗരസഭ നഷ്ടം നൽകി. വൈ.എം.സി.എ റോഡ് മില്ലത്ത് കോളനി ഓവുചാൽ നിർമാണത്തിലും. മാനാഞ്ചിറയിൽ സി.സി.ടി.വി, സൗണ്ട് സിസ്റ്റം എന്നിവ പൂർത്തിയാക്കാതെ കരാറുകാരന് പണം നൽകി. അമൃതിൽ പെട്ട പാർക്കുകളിൽ കളി ഉപകരണങ്ങൾ വാങ്ങിയതിലും കുടിവെള്ള പദ്ധതിയിലും അപാകതയുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. BOX ഓഡിറ്റ് റിപ്പോർട്ട് കുറവുകൾ കണ്ടെത്താനുള്ളത്- ഡെ.മേയർ ഓഡിറ്റ് റിപ്പോർട്ടുകൾ കുറവുകൾ കണ്ടെത്താനുള്ളതാണെന്ന് കോർപറേഷൻ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. അത് തിരുത്തി മുന്നോട്ട് പോവും. ഓഡിറ്റ് റിപ്പോർട്ടുകളിൽ പറയുന്നതെല്ലാം ക്രമക്കേടുകളല്ല. സാങ്കേതികമായ കുറവുകളുണ്ടെങ്കിൽ പരിഹരിക്കും. റിപ്പോർട്ട് കൗൺസിലിൽവെച്ചിട്ടില്ല. അത് പരിശോധിച്ച് മറുപടിയിലേക്കുമെത്തിയിട്ടില്ല. അതിനിടക്ക് റിപ്പോർട്ട് പുറത്ത് വരുന്നത് ഓഡിറ്റ് കൊണ്ടുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് എതിരാണ്. റിപ്പോർട്ടിൽ വസ്തുതയല്ലാത്ത കാര്യങ്ങളുമുണ്ടെന്നാണ് മനസ്സിലാവുന്നത്. ഓഡിറ്റിങ്ങിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുംവിധമാണ് വാർത്തകൾ വരുന്നത്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കിനെപ്പറ്റി പരിശോധിക്കേണ്ടിവരുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story