Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'പടനയിച്ച്​' പിണറായി;...

'പടനയിച്ച്​' പിണറായി; പ്രതിരോധിച്ച്​ യുവജനസംഘടനകൾ

text_fields
bookmark_border
കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു​ ചടങ്ങുകളിൽ പ​ങ്കെടുക്കാനെത്തിയതോടെ നഗരം സുരക്ഷാവലയത്തിലായി. മുഖ്യമന്ത്രിയെന്ന നിലയിൽ ഇത്രയും സുരക്ഷ ആദ്യമായിട്ടാണ്​ പിണറായി വിജയന്​ കോഴിക്കോട്​ ലഭിച്ചത്​. എം.എസ്​.പിയിലേതടക്കം 500ലേറെ പൊലീസുകാർ മൂന്നു​ കിലോമീറ്റർ ചുറ്റളവിൽ നിരന്നുനിന്നു. ഡിവൈ.എസ്​.പി റാങ്കിലുള്ള 12 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷയൊരുക്കിയത്​. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, പഴുതുകളില്ലാത്ത സുരക്ഷസംവിധാനങ്ങൾക്കിടയിലും പ്രതിപക്ഷ യുവജനസംഘടനകൾ കരി​​​ങ്കൊടിയുമായി പലയിടത്തും ഇറങ്ങി. പതിവിന്​ വിപരീതമായി പൊലീസും അതിക്രമത്തിന്​ തയാറായില്ല. ഗതാഗതം കർശനമായി നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യാതിരുന്നതിനാൽ മുഖ്യമന്ത്രിയുടെ വരവും യുവജന പ്രതിഷേധവും യാത്രക്കാരെ കാര്യമായി ബാധിച്ചില്ല. ഗസ്റ്റ്​ഹൗസിൽ നിന്ന്​ എരഞ്ഞിപ്പാലം ട്രൈപ്പന്‍റ ഹോട്ടലിലേക്ക്​ വരുന്നതിനിടെ കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും സരോവരത്തിന്​ സമീപവും​ യൂത്ത്​ കോൺഗ്രസ്​, യൂത്ത്​ ലീഗ്​, യുവമോർച്ച, കെ.എസ്​.യു പ്രവർത്തകർ കരി​​​​ങ്കൊടി കാട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം. ധനീഷ് ലാൽ, കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ. വി.ടി. നിഹാൽ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ശ്രീയേഷ് ചെലവൂർ, സി.ടി. ജെറിൽ ബോസ്, വി.ടി. സൂരജ്, മുരളി അമ്പലക്കോത്ത്, എം.പി. രാഗിൻ, ശ്രീകേഷ് കുരുവട്ടൂർ, ആകാശ് ചേളന്നൂർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത്​ ലീഗ്​ ജില്ല പ്രസിഡന്റ്​ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സി. ജാഫർ സാദിക്ക്, എ. ഷിജിത്ത് ഖാൻ, ഷഫീഖ് അരക്കിണർ, എസ്.വി. ഷൗലീക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ച ജില്ല പ്രസിഡന്റ് ടി. രനീഷ്, ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, സംസ്ഥാനസമിതി അംഗങ്ങളായ ലിബിൻ ബാലുശ്ശേരി, രഗിലേഷ്‌, പ്രവീൺ ശങ്കർ, ജില്ല കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരി തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു. സഹകരണ ആശുപത്രിയിലെ ചടങ്ങ്​ നടക്കുന്ന വേദിയിലാണ്​ വിസ്മയ ഒറ്റക്ക്​ പ്രതിഷേധിക്കാനെത്തിയത്​. നേരത്തേ, മലപ്പുറത്ത്​ നിന്ന്​ വരുന്ന വഴി പന്തീരാങ്കാവിലും യുവമോർച്ച കരി​​ങ്കൊടി കാട്ടിയിരുന്നു. കോഴിക്കോട്​ രൂപതയുടെ ശതാബ്​ദിയാഘോഷ ചടങ്ങിലേക്ക്​ പോകു​ന്ന വഴിയിലും ചടങ്ങ്​ നടക്കുന്നയിടത്തും പ്രതിഷേധിക്കരുതെന്ന്​ സംഘടനകൾ പ്രവർത്തകർക്ക്​ നിർദേശം നൽകിയിരുന്നു. ചടങ്ങ്​ നടന്ന ​സെന്‍റ്​ ജോസഫ്​സ്​ ദേവാലയത്തിന്​ പുറത്ത്​ ഗാന്ധിറോഡിൽ അഭിവാദ്യവുമായി സി.പി.എം പ്രവർത്തകർ അണിനിരന്നു. കറുപ്പിന്‍റെ പേടി മാറാതെ​ പൊലീസ്​​ കോഴിക്കോട്​: കറുത്ത മാസ്കും വസ്​ത്രവും കണ്ടാൽ സംശയം തീരാതെ പൊലീസ്​. മുഖ്യമന്ത്രി പിണറായി വിജയൻ പ​ങ്കെടുത്ത ചടങ്ങുകളിൽ കറുപ്പ്​ മാസ്കിനോടുള്ള അലർജി പൊലീസിന്​ പൂർണമായും മാറിയിരുന്നില്ല. ഹോട്ടൽ ട്രൈപ്പന്‍റയിലെ പുസ്തക പ്രകാശന ചടങ്ങിനെത്തിയ ദൃശ്യമാധ്യമപ്രവർത്തകന്‍റെ ബാഗിലുണ്ടായിരുന്ന കറുത്ത മാസ്ക്​ സുരക്ഷ ഉദ്യോഗസ്ഥർ എടുത്ത്​ കൊട്ടയിലിട്ടു. മറ്റൊരു മാധ്യമപ്രവർത്തകന്‍റെ നീല മാസ്ക്​ കറുപ്പ്​ നിറമാണോയെന്ന സംശയത്തിലായിരുന്നു പൊലീസ്​. കറുത്ത മാസ്ക്​ 'മൂപ്പർക്ക്​' ഇഷ്​ടപ്പെടില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥന്‍റെ പ്രതികരണം. വളഞ്ഞകാലുള്ള കറുത്ത കുടയുമായെത്തിയ വയോധികനെയും വിശദമായി പരിശോധിച്ചു. കറുത്ത കുടയുമായെത്തിയ മറ്റൊരാളെയും പരിശോധിച്ചു. പുസ്തക പ്രകാശന ചടങ്ങിലെ സംഘാടകരിലൊരാളായ അഭിഭാഷകൻ ആദ്യം കറുപ്പ്​ മാസ്ക്​ ധരിച്ചായിരുന്നു അതിഥികളെ സ്വീകരിച്ചത്​. മുഖ്യമന്ത്രി എത്താൻ നേരം ഇദ്ദേഹത്തിന്​ ആരോ വെള്ള മാസ്ക്​ എത്തിച്ചുകൊടുത്തു. എരഞ്ഞിപ്പാലത്ത്​ സഹകരണാശുപത്രിയുടെ ചടങ്ങിൽ കറുപ്പ്​ മാസ്​ക് ​അണിഞ്ഞവർ കുറവായിരുന്നു. കോഴിക്കോട്​ രൂപതയുടെ ശതാബ്​ദി ആഘോഷ ചടങ്ങിനെത്തുന്നവർ കറുപ്പ്​ മാസ്കും വസ്ത്രങ്ങളും ധരിക്കരുതെന്ന സ​ന്ദേശം വിവിധ ഇടവകകൾക്ക്​ നൽകിയിരുന്നു. ഇത്തരം നിർദേശം നൽകിയിട്ടില്ലെന്നാണ്​ പൊലീസിന്‍റെ നിർദേശം. എന്നാൽ, കറുപ്പ്​ മാസ്ക്​ അഴിപ്പിക്കാൻ ഇവിടെയും ശ്രമമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story