Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുങ്ങുന്ന ജീവിതങ്ങൾ;...

മുങ്ങുന്ന ജീവിതങ്ങൾ; കൈകാലിട്ടടിച്ച് നീന്തൽ പരിശീലനം

text_fields
bookmark_border
മുങ്ങുന്ന ജീവിതങ്ങൾ; കൈകാലിട്ടടിച്ച് നീന്തൽ പരിശീലനം
cancel

കോട്ടയം: റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം മരണങ്ങൾ വെള്ളത്തിൽ മുങ്ങിയാണെന്നാണ് കണക്കുകൾ. ശരാശരി 1250പേരാണ് ഓരോവർഷവും സംസ്ഥാനത്ത് മുങ്ങിമരിക്കുന്നത്. ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.

കോട്ടയം ഫയർഫോഴ്സ് സ്റ്റേഷൻ പരിധിയിൽ മാത്രം ഒന്നര വർഷത്തിനിടെ 22പേരാണ് മുങ്ങിമരിച്ചത്. ഇതിലേറെയും വിദ്യാർഥികളാണ്. മധ്യവേനൽ അവധിക്കാലത്താണ് മരണങ്ങളിൽ കൂടുതൽ. ഇതിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ദിവസങ്ങൾക്ക് മുമ്പ് മീനച്ചിലാറ്റില്‍ പേരൂരില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളുടെ മരണം.

ശ്രദ്ധക്കുറവും നീന്തൽ അറിയാത്തതുമാണ് മുങ്ങിമരണങ്ങളുടെ പ്രധാന കാരണങ്ങൾ. അതിസാഹസികതയും ഒഴുക്കിന്‍റെ ശക്തിയറിയാതെ വെള്ളത്തിൽ ഇറങ്ങുന്നതും അപകടങ്ങൾക്കിടയാക്കുന്നു. ജില്ലയിൽ ഏറ്റവുമധികം പേരെ മരണം കവർന്നത് മീനച്ചിലാറാണ്.

നീന്തൽ അറിയാത്ത കുട്ടികളെ വെള്ളക്കെട്ടിനടുത്തേക്ക് ഒറ്റക്ക് പറഞ്ഞുവിടരുതെന്ന അടിസ്ഥാനപാഠം മറക്കുന്നതാണ് പല അപകടങ്ങൾക്കും കാരണമെന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ പറയുന്നു. വെള്ളം കെട്ടിനിൽക്കുന്ന ക്വാറികൾക്കു ചുറ്റും സുരക്ഷാവേലി സ്ഥാപിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ജലാശയങ്ങളിലെ മരണങ്ങൾ വ്യാപകമായിട്ടും ജലസുരക്ഷ വേണ്ടത്ര ചർച്ചയാവുന്നില്ല. കുട്ടികൾക്കെല്ലാം നീന്തൽ പരിശീലനം നൽകുമെന്നും നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ ഇടക്കിടെ ആവർത്തിക്കുന്നെങ്കിലും നടപടിയൊന്നുമില്ല.

ജലാശയങ്ങളിൽ മുങ്ങിമരിക്കുന്നതിലേറെയും കുട്ടികളായതിനാൽ പുതിയ വർഷത്തെ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തണമെന്നും വീണ്ടും ആവശ്യം ഉയർത്തുന്നുണ്ട്. ഫ്ലാറ്റുകളിലെ നീന്തൽ കുളങ്ങളിൽ പോലും കുട്ടികൾ മുങ്ങിമരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ സർക്കാർ തലത്തിൽ സംവിധാനമൊരുക്കുകയാണ് പോംവഴിയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ, ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

കുട്ടികൾ അപടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ നീന്തൽ സഹായിക്കും. അവധിക്കാലത്ത് കുട്ടികൾക്കായി നീന്തൽ ക്യാമ്പുകൾ പലയിടത്തും തുടങ്ങി. നാട്ടുകാർ ചേർന്ന് ചെറുകുളങ്ങളിൽ നടത്തുന്ന നീന്തൽ പരിശീലനം മുതൽ മികച്ച സ്വിമ്മിങ് പൂളുകളിൽ നടത്തുന്ന പ്രഫഷനൽ പരിശീലനം വരെയുണ്ട്. ചെലവും അതിനനുസരിച്ചു മാറും. പരിശീലന കേന്ദ്രങ്ങളിൽ ദിവസവും ഓരോ മണിക്കൂർ വീതം 15 ക്ലാസുകളാണ് നടത്തുന്നത്. 1,000 മുതൽ 3,000 രൂപ വരെയാണ് ഫീസ്. സാധാരണക്കാർക്ക് ഇത് താങ്ങാൻ കഴിയാത്തതിനാൽ സ്കൂൾ, പഞ്ചായത്ത് കേന്ദ്രീകരിച്ച് പരിശീലനസൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

മരണക്കയം ഏറെ

കോട്ടയം: മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ, വേമ്പനാട്ടുകായൽ തുടങ്ങി ജലാശയങ്ങൾ ഒട്ടേറെയുള്ള ജില്ലയിൽ, പലതിലും മരണക്കയങ്ങളും ഏറെ. മീനച്ചിലാറാണ് ഏറ്റവും വില്ലൻ. വിദ്യാർഥികളടക്കം നിരവധി പേരെയാണ് മരണതണുപ്പിലേക്ക് മീനച്ചിലാർ വലിച്ചിട്ടിരിക്കുന്നത്. ഏറ്റുമാനൂർ, പേരൂർ, കിടങ്ങൂർ തുടങ്ങിയ പ്രദേശങ്ങളിലെ പല കടവുകളിലുമായി നിരവധി വിദ്യാർഥി ജീവനുകളാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്.

മീനച്ചിലാറ്റിലെ പേരൂർ പള്ളിക്കുന്നേൽ കടവിൽ 10 വർഷത്തിനിടെ 30 ലധികംപേരാണ് മരിച്ചത്. ദിവസങ്ങൾക്ക്മുമ്പ് രണ്ടു വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞതും ഇവിടെയായിരുന്നു.

മൂന്നുവർഷത്തിനിടെ എട്ട് ജീവനുകളാണ് ഏറ്റുമാനൂർ പട്ടർമഠം പാലത്തിനുസമീപത്തെ കടവിൽ മുങ്ങിത്താഴ്ന്നത്. പൂവത്തുംമൂട് മഞ്ചാടിക്കവലയിൽ തൂക്കുപാലത്തിനു സമീപം മൈലപ്പള്ളിക്കടവാണ് മറ്റൊരു വില്ലൻ. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ നാല് വിദ്യാർഥികളാണ് ഇവിടെ മരണപ്പെട്ടത്. തൂക്കുപാലവും മനോഹരമായ അന്തരീക്ഷവും ഉള്ള മൈലപ്പള്ളിക്കടവിലെ അപകടസാധ്യത പരിചയമില്ലാത്തവർക്ക് തിരിച്ചറിയാൻ സാധിക്കില്ല. പുറമേനിന്ന് നോക്കുമ്പോൾ ശാന്തമായി ഒഴുകുന്ന ഇവിടെ അപകടക്കെണിയായി നിലയില്ലാത്ത ഒട്ടേറെ കുഴികളാണ് ഉള്ളതെന്നു സമീപവാസികൾ പറയുന്നു.

മീനച്ചിലാറിന്‍റെ കൈവഴികളിലുള്ള കട്ടിക്കയം വെള്ളച്ചാട്ടം, മാർ‌മല അരുവി എന്നിവിടങ്ങളിലും നിരവധി പേരാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. കയങ്ങൾ അറിയാതെ വെള്ളത്തിൽ കുളിക്കാനിറങ്ങുന്നവർ ആഴത്തിലേക്ക് മറയുകയാണ്.

മണിമലയിലെ മൂരിക്കയത്തും ജലം വില്ലനാണ്. എസ്റ്റേറ്റുകളാൽ ചുറ്റപ്പെട്ട് വിജനമായ പ്രദേശമായതിനാൽ അപകടം പുറത്തറിയാൻ വൈകുന്നതും പതിവ്. പുറമേ അപകടകരമായി തോന്നില്ല. ശക്തമായ അടിയൊഴുക്കിൽ ചുഴി രൂപപ്പെടുകയും കയത്തിൽ ഇറങ്ങുന്നവരെ ആഴത്തിലേക്ക് വലിച്ചെടുക്കുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.

വൈക്കപ്രയാർ, തോട്ടകം കുപ്പേടിക്കാവ്, വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം, തലയോലപ്പറമ്പ് ഭൂതപുരം, വടയാർ എന്നിവിടങ്ങളിലായും പലർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. വേമ്പനാട്ട് കായൽ യാത്രക്കിടയിലും കുളിക്കാനിറങ്ങിയും മരണത്തിലേക്ക് മുങ്ങിത്താഴ്ന്നവർ ഏറെ. ഈ മരണങ്ങളുടെ പ്രധാന കാരണം അശ്രദ്ധയാണ്. അബദ്ധത്തിൽ കാൽവഴുതി കായലിൽവീണ് മരിച്ച സംഭവങ്ങളും ഒട്ടേറെ.

വെള്ളത്തിൽ മുങ്ങിയാലുള്ള പ്രഥമ ശുശ്രൂഷ അറിയാം

വെള്ളത്തിൽ മുങ്ങിപ്പോയ ആളെ പുറത്തെടുത്തുകഴിഞ്ഞാൽ കമിഴ്ത്തിക്കിടത്തി കൈ രണ്ടും ശരീരത്തിന്‍റെ ഇരുവശത്തും വെച്ച് തല ഒരുവശത്തേക്ക് ചരിച്ചുവെക്കണം. വായിൽ കല്ല്, മണ്ണ് ചളി എന്നിവയുണ്ടെങ്കിൽ മാറ്റണം.

കിടക്കുന്നയാളുടെ ഇടതുവശത്തു മുട്ടുകുത്തിനിന്ന് രണ്ടുകൈകളും വാരിയെല്ലിന്‍റെ ഇടതുവശത്തും ചേർത്തുവിടർത്തിപ്പിടിച്ച് നെഞ്ച് തറയോടുചേർത്ത് അമർത്തണം. ശരീരത്തിന്‍റെ ഭാരം മുഴുവൻ കൈകളിൽ നൽകിവേണം ചെയ്യാൻ. ഇങ്ങനെ 16, 20 പ്രാവശ്യം ചെയ്യാം.

മലർത്തിക്കിടത്തി വായോടു വായ് ചേർത്തുവെച്ച് ശക്തിയായി ഊതി ശ്വാസം കൊടുക്കാം. തുടർന്ന് ഒരാൾ നെഞ്ചിന്‍റെ ഇരുവശത്തും ശക്തിയായി അമർത്തുക.

ശരീരം തിരുമ്മി ചൂടാക്കുക, രക്തസ്രാവം ഉണ്ടെങ്കിൽ തടയാൻ വേണ്ടതു ചെയ്യുക, മുഷ്ടി ചുരുട്ടി നെഞ്ചിന്റെ നടുവിലായി കുത്തുക

ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കാൻ

മദ്യപിച്ചോ ലഹരിപദാർഥങ്ങൾ ഉപയോഗിച്ചതിനു ശേഷമോ ജലാശയങ്ങളിൽ ഇറങ്ങരുത്

വള്ളത്തിൽ യാത്ര ചെയ്യുന്നത് ഇരുന്നുമാത്രം.

അപസ്മാര ബാധ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ ഇറങ്ങരുത്.

സാഹസിക രംഗങ്ങൾ അഭിനയിക്കുന്നതിനായി കൈകാലുകൾ കെട്ടിയും മുഖം മറച്ചും ഉള്ള അഭ്യാസങ്ങൾ ജലാശയങ്ങളിൽ നടത്തരുത്.

കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണം. വീടിനടുത്ത് ജല സ്രോതസ്സുകളുള്ളവർ പ്രത്യേകിച്ചും

പരിചിതമോ, അപരിചിതമോ ആയ വെള്ളക്കെട്ടുകളിൽ രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ഇറങ്ങരുതെന്ന് കുട്ടികളെ പഠിപ്പിക്കണം

വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള ലളിതമായ സുരക്ഷ മാർഗനിർദേശങ്ങൾ കുട്ടികളെ പരിശീലിപ്പിക്കണം.

നീന്തലറിയില്ലെങ്കിൽ വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി പിന്നാലെ ചാടുന്നതും അപകടത്തിന് ഇടയാക്കും.

സമൂഹ മാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്യാനായി വെള്ളക്കെട്ടുകൾക്കരികിൽ അപകടകരമായി പോസ് ചെയ്യുന്നത് ഒഴിവാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swimming
News Summary - Drowning lives; Hand and foot swimming training
Next Story