സീതാംഗോളി 110 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ വഴി തെളിയുന്നു
text_fieldsകുമ്പള: സീതാംഗോളി 110 കെ.വി സബ്സ്റ്റേഷൻ നിർദിഷ്ട സ്ഥലത്തു സ്ഥാപിക്കാൻ വഴി തെളിയുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മൂന്നു വർഷം മുമ്പ് നിർദേശിച്ചതാണ് സീതാംഗോളി 110 കെ.വി സബ്സ്റ്റേഷൻ. ഇതിനായി സീതാംഗോളിയിൽ 2.40 ഏക്കർ റവന്യൂ സ്ഥലം പാട്ടത്തിന് എടുക്കാൻ തീരുമാനിച്ചുവെങ്കിലും സ്ഥലത്തേക്ക് ഉചിതമായ വഴി ഇല്ലാത്തത് തടസ്സമായി. 50 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിലാണ് വഴി വേണ്ടത്. ഇത് ലഭ്യമായാൽ സബ്സ്റ്റേഷനു വേണ്ടി ഈ സ്ഥലംതന്നെ മതി. വഴി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സ്ഥലം സന്ദർശിച്ചു.
ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷൻ സൗമ്യ മഹേഷ്, വാർഡ് അംഗം ബി. ശങ്കര, കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ പി. ജയകൃഷ്ണൻ, പ്രോജക്ട് മാനേജ്മെന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ കെ.ടി. കരുണാകരൻ, കാസർകോട് ഇലക്ട്രിക്കൽ ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. നാഗരാജ ഭട്ട്, ട്രാൻസ്മിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ഇ. പ്രഭാകരൻ നായർ, കെ. പ്രദീപ് കുമാർ തുടങ്ങിയവരുമായി കലക്ടർ ചർച്ച നടത്തി. തുടർയോഗം വിളിച്ചുചേർത്ത് പ്രശ്നം പരിഹരിക്കാനുള്ള നടപടികളിലാണ് അധികൃതർ.
12 കോടി രൂപ ചെലവിലാണ് സബ്സ്റ്റേഷൻ നിർമിക്കുക. ബദിയടുക്ക, പുത്തിഗെ പഞ്ചായത്തുകളിൽ ഏറെ വികസനം സാധ്യമാകുന്ന 110 കെ.വി സബ്സ്റ്റേഷൻ 6 ലൈൻ, 11 കെ.വി ലൈൻ, 33 കെ.വി ലൈൻ ട്രാൻസ്ഫോർമർ സഹിതമുള്ളതാണ് പദ്ധതി. കിൻഫ്ര വ്യവസായ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനും വിദ്യാനഗർ സബ്സ്റ്റേഷനിൽ വൈദ്യുതി മുടങ്ങിയാൽ നിർദിഷ്ട സീതാംഗോളി സബ് സ്റ്റേഷനിൽനിന്ന് ബാക്ക്അപ് നൽകാനും ഇതു സഹായിക്കും.