മഴയിൽ വീട് തകർന്നു, കുടുംബം രക്ഷപ്പെട്ടു
text_fieldsകാഞ്ഞങ്ങാട്: അജാനൂർ കൊളവയലിൽ വീട് തകർന്നു വീണു. കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊത്തിക്കാലിലെ ഹനീഫയുടെ വീടാണ് ശക്തമായ മഴയിൽ വ്യാഴാഴ്ച വൈകീട്ട് തകർന്നത്. ഓടിട്ട വീടിന്റെ മുകൾഭാഗം പാടെ തകർന്നു. തളർന്നു കിടക്കുന്ന ഹനീഫയും രോഗിയായ സഹോദരൻ ജമാലും ഹനീഫയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.
നീലേശ്വരം: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. മടിക്കൈ പഞ്ചായത്തിലെ പത്താം വാർഡ് തെക്കൻ ബങ്കളത്തെ ടി.വി. ദേവകിയുടെ വീടാണ് തകർന്നത്. ഓടിട്ട വീടിന്റെ മേൽക്കൂര നിലംപതിച്ചു.
വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവം. ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ ദേവകിയും കുടുംബാംഗങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ എന്നിവർ സന്ദർശിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.