
ചൂടുതേടി പെരുമ്പാമ്പുകൾ വീടുകളിലേക്ക്; മഴക്കാലത്ത് പിടിയിലായത് 200ലേറെ
text_fieldsകാഞ്ഞങ്ങാട്: മഴക്കാലത്ത് മുമ്പെങ്ങുമില്ലാത്ത രീതിയിൽ പെരുമ്പാമ്പുകൾ കൂട്ടത്തോടെ വീടുകളിലെത്തുകയാണ്. മേയ് മാസം മഴ ആരംഭംതൊട്ട് ഇന്നലെ വരെ 200ലേറെ പെരുമ്പാമ്പുകളെ വീടുകളിൽനിന്നും പിടികൂടിയിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷറഫ് പറഞ്ഞു. ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇത്രയേറെ പെരുമ്പാമ്പുകളെ പിടികൂടിയത്. കോഴിക്കൂടുകളിൽ നിന്നാണ് ഏറെയും പിടികൂടിയത്. മാളത്തിൽ വെള്ളം കയറി ഭക്ഷണം കിട്ടാതാകുന്നതോടെ പെരുമ്പാമ്പുകൾ പുറത്തുചാടുന്നു. തീറ്റ ലഭിച്ചുകഴിഞ്ഞാൽ ചൂടേറ്റ് കോഴിക്കൂടിൽ ഉറങ്ങിപ്പോകാറാണ് പതിവെന്ന് വനപാലകർ പറഞ്ഞു.
100 മുതൽ 200 കിലോ ഭാരമുള്ള പെരുമ്പാമ്പുകളെ വരെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിട്ടുണ്ട്. വ്യാഴാഴ്ച നീലേശ്വരം ചായ്യോം ഭാഗത്ത് നാല് പെരുമ്പാമ്പുകളെ കണ്ടെത്തി പിടികൂടി. കൂട്ടിലാക്കി ചെമ്മട്ടംവയലിലെ റേഞ്ച് ഓഫിസിലെത്തിച്ചശേഷം റാണിപുരം, പാണത്തൂർ, കോട്ടഞ്ചേരി ഉൾപ്പെടെ വനത്തിൽ ഉപേക്ഷിക്കാറാണ് പതിവ്. സ്കൂളുകളിലും വീടുകളിലും മഴക്കാലത്ത് വ്യാപകമായി പരുന്ത് ഉൾപ്പെടെ പക്ഷികളെത്തുന്നുണ്ട്. ഇവയെ പിടികൂടി വനപാലകർ കാട്ടിൽ ഉപേക്ഷിക്കും. വിദ്യാലയങ്ങളിൽ കാണാറുള്ള മരപ്പട്ടികളെയും പിടികൂടിയിട്ടുണ്ട്. വിഷപ്പാമ്പുകൾ മഴക്കാലത്ത് ധാരാളമായി വീട്ടിൽ കണ്ടുവരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടുകാർ സൂക്ഷ്മത പാലിക്കണം. പാമ്പുകളെ കണ്ടാൽ വിവരം അറിയിക്കണം. പരിശീലനം ലഭിച്ച പാമ്പുപിടുത്തക്കാർ കാഞ്ഞങ്ങാട് സെക്ഷന് കീഴിലുണ്ടെന്ന് ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.