കാസർകോട്: സാധാരണക്കാർക്ക് ഏറെ പ്രയോജനകരവും ആശ്വാസകരവുമായിരുന്ന കോയമ്പത്തൂർ പാസഞ്ചർ ഇനി എക്സ്പ്രസ്. കാസർകോടുനിന്നും മംഗളൂരുവിലേക്ക് 10 രൂപക്ക് പോയിരുന്ന വണ്ടിയിൽ ഇനി 45 രൂപക്കു മുൻകൂർ റിസർവ് ചെയ്തു പോകണം. പുതുതായി രണ്ടു ട്രെയിനുകൾ കൂടി അടുത്തയാഴ്ച മംഗളൂരുവിൽ നിന്നു തെക്കോട്ട് ഓടിത്തുടങ്ങും. കോവിഡ് മഹാമാരി മൂലം നിർത്തിവെച്ചിരുന്ന വണ്ടികളിൽ ജനുവരി ആറിനു നാഗർകോവിൽ ഏറനാട് എക്സ്പ്രസും പിറ്റേ ദിവസം കോയമ്പത്തൂർ പാസഞ്ചർ വണ്ടിയുമാണ് സർവിസ് പുനരാരംഭിക്കുന്നത്. എന്നാൽ, കോയമ്പത്തൂർ പാസഞ്ചർ ഇനി മുതൽ എക്സ്പ്രസായാണ് ഓടുക. പാവപ്പെട്ടവർ കുടുംബസമേതം ഗുരുവായൂർ ക്ഷേത്രത്തിലേക്കും ചുരുങ്ങിയ ചെലവിൽ നേത്ര ചികിത്സക്കായി കോയമ്പത്തൂർ നഗരത്തിലെ കണ്ണാശുപത്രിയിലേക്കും പോകാനുമൊക്കെ ആശ്രയിച്ചിരുന്ന വണ്ടിയാണിത്. കാസർകോട്ടുനിന്ന് ഇനി മംഗളൂരുവിലേക്ക് പോകണമെങ്കിൽ ഈ വണ്ടിയിൽ പത്തിന് പകരം 115 രൂപക്ക് മുൻകൂർ ടിക്കറ്റ് റിസർവ് ചെയ്യണം. പ്ലാറ്റ്ഫോമിൽനിന്നു ടിക്കറ്റ് കൊടുക്കുന്നത് പുനരാരംഭിച്ചിട്ടില്ല. മുൻകൂർ ബുക്ക് ചെയ്തു മാത്രമേ പോകാവൂ എന്നതിനാൽ എക്സ്പ്രസ് ചാർജ് കൂടാതെ റിസർവേഷൻ ചാർജ് കൂടി കൊടുക്കണം.ഈ വണ്ടിയുടെ കളനാട് സ്റ്റോപ് എടുത്തു കളഞ്ഞിട്ടുമുണ്ട്. കൂടാതെ മംഗളൂരുവിൽനിന്നു പുറപ്പെടുന്ന സമയം രാവിലെ 7.40നു പകരം ഒമ്പത്മണിയാക്കിയിട്ടുണ്ട്. കാസർകോട്ട് 10 മണിക്കാണ് എത്തിച്ചേരുക. ഈ സമയമാറ്റം യാത്രക്കാർക്ക് സൗകര്യപ്രദമാണ്. പക്ഷേ, പാവപ്പെട്ടവർ ഏറെ ആശ്രയിച്ചിരുന്ന ഈ പാസഞ്ചർ വണ്ടിയെ മറ്റു സൗകര്യങ്ങൾ ഒന്നും വർധിപ്പിക്കാതെ ഒറ്റയടിക്ക് എക്സ്പ്രസാക്കി യാത്രക്കാരോട് അധിക ചാർജ് ഈടാക്കുന്നത് അനീതിയാണെന്നും ഈ വണ്ടി പാസഞ്ചർ ഗണത്തിൽ തന്നെ നിലനിർത്തി റെയിൽവേയുടെ ചൂഷണം അവസാനിപ്പിക്കാൻ കാസർകോട് എം.പിയും ജനപ്രതിനിധികളും മുന്നോട്ടുവരണമെന്നും കുമ്പള റെയിൽവേ പാസേഞ്ചഴ്സ് അസോസിയേഷൻ പ്രസിഡൻറ് നിസാർ പെറുവാഡ്, കാസർകോട് പാസഞ്ചർ അസോസിയേഷൻ പ്രസിഡൻറ് പ്രശാന്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 11:59 PM GMT Updated On
date_range 2021-01-03T05:29:40+05:30പാസഞ്ചർ എക്സ്പ്രസായി; 10രൂപ 45 ആയി
text_fieldsNext Story