അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറിയില്ലെങ്കിൽ പിഴ
text_fieldsതലശ്ശേരി: നഗരപരിധിയിലെ അജൈവ മാലിന്യങ്ങൾ ഹരിതകർമ സേനക്ക് കൈമാറിയില്ലെങ്കിൽ 50,000 രൂപ വരെ പിഴ ചുമത്താൻ തീരുമാനം. അജൈവ മാലിന്യ ശേഖരണത്തിന് നഗരസഭ ഹരിതകർമ സേനയുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും അജൈവ മാലിന്യശേഖരണം സമ്പൂർണമാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. യൂസർ ഫീ എല്ലാ മാസവും നൽകാതിരിക്കുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കുന്നതിനും ഖരമാലിന്യ സംസ്കരണ നിയമപ്രകാരം വ്യവസ്ഥയുണ്ട്.
ഹരിതകർമ സേനക്ക് അജൈവ മാലിന്യം കൈമാറാതിരിക്കുകയും യൂസർ ഫീ നൽകാതിരിക്കുകയും ചെയ്താൽ നഗരസഭ നടപടി എടുക്കും. ചട്ടപ്രകാരം 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴിയീടാക്കനോ ആറു മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യുന്ന കുറ്റമാണ്.
യൂസർ ഫീ കുടിശ്ശിക വരുത്തുന്നവർക്കെതിരെ സർക്കാർ ഉത്തരവ് പ്രകാരം പ്രസ്തുത തുക വസ്തു നികുതിയോടൊപ്പം കണക്കാക്കി ഈടാക്കാനാണ് തീരുമാനം. വ്യാഴാഴ്ച ചേർന്ന നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ പരിസ്ഥിതി ദിനത്തിൽ നടക്കുന്ന ഹരിതസഭ സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു.