ഇടുക്കി: ഹരിതകേരളം വിഭാവനം ചെയ്യുന്ന ഹരിത ടൂറിസം പദ്ധതി മൂന്നാറിലും നടപ്പാക്കുന്നതിന് അനുമതി. മൂന്നാഴ്ചക്കുള്ളില്‍ മൂന്നാര്‍, ദേവികുളം ഗ്രാമപഞ്ചായത്ത് അതിര്‍ത്തികളിലെ പ്രധാന പാതകളില്‍ ഹരിത ചെക്പോസ്റ്റുകളുള്പ്പെടെ സ്ഥാപിക്കാന്‍ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലതല യോഗം തീരുമാനിച്ചു. എവിടെയൊക്കെയാണ് ചെക്പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടതെന്ന് രണ്ടാഴ്ചക്കകം കണ്ടെത്തി അറിയിക്കാന്‍ ജില്ല ഹരിതകേരളം മിഷന് കലക്ടർ നിർദേശം നല്‍കി. സ്‌നഗികളും സാനിറ്ററി നാപ്കിന് അടക്കമുള്ളവ സംസ്‌കരിക്കുന്നതിനായി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കണമെന്നും യോഗം തീരുമാനിച്ചു. തുടക്കമെന്ന നിലയിലാണ് രണ്ടു പഞ്ചായത്ത് അതിര്‍ത്തികളില്‍ ചെക്പോസ്റ്റുകള്‍ സ്ഥാപിക്കുന്നതെന്ന് കലക്ടർ എച്ച്. ദിനേശന്‍ പറഞ്ഞു. ഇവ ഒരുമാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് ആഗ്രഹം. നടത്തിപ്പ് വിലയിരുത്തിയശേഷം കൂടുതല്‍ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ഹരിത ടൂറിസം പദ്ധതി വിപുലീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കല്ലാറിലെ 50 സൻെറ് ഭൂമിയില്‍ ഗ്രാമപഞ്ചായത്തിന് മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കുന്നതിന് യോഗം അനുമതി നല്‍കി. അനുയോജ്യരായ ആളുകളെ ഉള്‍പ്പെടുത്തി മൂന്നാറില്‍ ഹരിതകര്‍മ സേന രൂപവത്കരിച്ച് പ്രവര്‍ത്തനം ശക്തമാക്കും. ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍ വിവിധ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവക്ക് ശാസ്ത്രീയ മാലിന്യപരിപാലനം സംബന്ധിച്ച് പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തണം. മൂന്നാര്‍ പഞ്ചായത്തിലെ എല്ലാ വീടുകളിലും മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ലഭ്യമാക്കും. ദേവികുളം താലൂക്കിലെ പ്ലാസ്റ്റിക് നിരോധനം ഫലപ്രദവും കാര്യക്ഷമവുമാക്കാനും യോഗം തീരുമാനിച്ചു. വനംവകുപ്പ് ചെക്പോസ്റ്റും ഉപയോഗിക്കാം ഹരിത ടൂറിസം പദ്ധതിയുടെ വിജയത്തിനായി വനംവകുപ്പിൻെറ ചെക്പോസ്റ്റുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് മൂന്നാര്‍ ഡി.എഫ്.ഒ എം.വി ജി. കണ്ണന്‍ യോഗത്തില്‍ അറിയിച്ചു. ഇവിടെ ഹരിതകര്‍മ സേനയെ നിയോഗിച്ചാല്‍ അവരുമായി സഹകരിച്ച് വാഹന പരിശോധന നടത്താനാകും. മൂന്നാറിലേക്കുള്ള പ്രധാന പാതകളില്‍ ചെക്പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് തടസ്സമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.പി. ജാഫര്‍ഖാനും പറഞ്ഞു. ദേവികുളം സബ്കലക്ടര്‍ പ്രേംകൃഷ്ണൻ, സംസ്ഥാന ഹരിതകേരളം പ്രതിനിധി എന്‍. ജഗജീവന്‍ എന്നിവര്‍ ഓണ്‍ലൈനിലൂടെയും ഹരിതകേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ്. മധു, ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ പി.വി. ജസീര്‍, കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ ടി.ജി. അജീഷ്,പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മൻെറല്‍ എന്‍ജിനീയര്‍ എബി വര്‍ഗീസ്, യു.എന്‍.ഡി.പി പ്രോജക്ട് ഓഫിസര്‍ അരുണ്‍ രാമചന്ദ്രന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ആര്‍ അജിത് കുമാര്‍, കെ.എച്ച്.ഡി.പി കമ്പനി പ്രതിനിധികളായ വി. തങ്കരാജ്, സി. അജയകുമാര്‍ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രതിനിധി, ഡി.ടി.പി.സി സെക്രട്ടറി പി.എസ് ഗിരീഷ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലും സംബന്ധിച്ചു. പദ്ധതി നടത്തിപ്പിന് ജില്ല സമിതി മൂന്നാര്‍ ഹരിത ടൂറിസം പദ്ധതി നടത്തിപ്പിനായി കലക്ടര്‍ അധ്യക്ഷനായി ജില്ലതല മേല്‍നോട്ട നിര്‍വഹണ സമിതി രൂപവത്കരിക്കും. സബ്കലക്ടര്‍, പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടര്‍, ഹരിതകേരളം, കുടുംബശ്രീ, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍മാര്‍, മൂന്നാര്‍ ദേവികുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, കെ.ഡി.എച്ച്.പി പ്രതിനിധി, പി.സി.ബി എന്‍വയോണ്‍മൻെറല്‍ എന്‍ജിനീയര്‍, ദേശീയപാത-പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍, യു.എൻ.ഡി.പി പ്രോജക്ട് ഓഫിസര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 11:59 PM GMT Updated On
date_range 2021-01-13T05:29:01+05:30ഹരിത ടൂറിസം പദ്ധതി മൂന്നാറിലും; ദേവികുളത്തടക്കം ഹരിത െചക്പോസ്റ്റ്
text_fieldsNext Story