Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലക്കും ലഗാനുമില്ലാതെ...

ലക്കും ലഗാനുമില്ലാതെ ലഹരി കടത്ത്​

text_fields
bookmark_border
P/2 Lead.... തൊടുപുഴ: ജില്ലയിൽ ലഹരി കടത്ത്​ സംഘങ്ങളുടെ പ്രവർത്തനവും ലഹരി ഇടപാടുകളും വർധിക്കുന്നു. എക്​സൈസും പൊലീസും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടും ലഹരിമാഫിയയുടെ പ്രവർത്തനം കൂടുതൽ സജീവമാകുകയാണ്​. പൊലീസുകാർവരെ ലഹരി കടത്ത്​ സംഘങ്ങളിലെ കണ്ണികളായി പ്രവർത്തിക്കുന്നു എന്നതാണ്​ ഏറ്റവും ഒടുവിലത്തെ സംഭവങ്ങൾ തെളിയിക്കുന്നത്​. ശനിയാഴ്ച തൊടുപുഴ മുതലക്കോടത്ത്​ മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ്​ ഓഫിസറും സുഹൃത്തും പിടിയിലായ സംഭവം ജില്ലയിലെ ലഹരിമാഫിയ ശൃംഖലയുടെ സ്വാധീനവും ശക്തിയും വിളിച്ചോതുന്നതാണ്​. ലഹരി ഇടപാടുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നയാളാണ്​ പിടിയിലായ സിവിൽ പൊലീസ്​ ഓഫിസർ എം.ജെ. ഷാനവാസ്​ എന്നാണ്​ പുറത്തുവരുന്ന വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട്​ പഴുതടച്ച ആസൂത്രണത്തോടെ ജില്ലയിലേക്ക്​ ഇതര സംസ്ഥാനങ്ങളിൽനിന്ന്​ ലഹരി പദാർഥങ്ങൾ കടത്തുന്നതായാണ്​ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്​. ഇടുക്കിയിൽ വിതരണം ചെയ്യുന്നതിന്​ പുറമെ എറണാകുളമടക്കം മറ്റ്​ ജില്ലകളിലേക്കും ജില്ല വഴി കഞ്ചാവും ഹഷീഷ്​ ഓയിലും എം.ഡി.എം.എയും കടത്തുന്നുണ്ട്​. എക്​സൈസ്​ വല വിരിക്കുന്തോറും ലഹരി കടത്തിന്​ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചാണ്​ മാഫിയയുടെ പ്രവർത്തനം. കഞ്ചാവ്​ കടത്തും വിൽപനയുമാണ്​ ജില്ല കേന്ദ്രീകരിച്ച്​ ഏറ്റവും കൂടുതൽ നടക്കുന്നത്​. കഴിഞ്ഞ വർഷം ഒക്​ടോബറിൽ തൊടുപുഴയിൽ നിർത്തിയിട്ട കാറിൽനിന്ന്​ 43 കിലോയോളം കഞ്ചാവ്​ പിടിയിലായിരുന്നു. ജൂലൈയിൽ തൊടുപുഴയിൽതന്നെ 35 കിലോ കഞ്ചാവുമായി യുവാവ്​ പിടിയിലായി. തുടർന്ന്​, കഞ്ചാവ്​ കടത്തുന്ന വൻ സംഘം തൊടുപുഴ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ്​ അന്വേഷണം ശക്തമാക്കിയിരുന്നു. എക്​സൈസ്​ വകുപ്പിന്‍റെ കണക്കനുസരിച്ച്​ ഈ വർഷം ജനുവരി മുതൽ ജൂൺവരെ ജില്ലയിൽ 58.02 കിലോ കഞ്ചാവ്​ പിടികൂടി. ഇതിന്​ പുറമെ ഇതേ കാലയളവിൽ 4.804 ഗ്രാം എം.ഡി.എം.എയും 17.592 ഗ്രാം ഹഷീഷും 23.86 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്​. ലഹരി കടത്തുമായി ബന്ധപ്പെട്ട 235 കേസുകളാണ്​ ഇതേ കാലയളവിൽ രജിസ്റ്റർ​ ചെയ്തത്​. പ്രതികളിൽനിന്ന്​ 26,930 രൂപയും പിടികൂടിയിട്ടുണ്ട്​. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും വർധനയുണ്ടായിട്ടുണ്ടെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന്​ തമിഴ്​നാട്​ വഴി ഇടുക്കിയിലെത്തിച്ച ശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക്​ കഞ്ചാവ്​ കൊണ്ടുപോകുന്നതായി പൊലീസിന്​ നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കിയതോടെ പലയിടത്തുനിന്നും കഞ്ചാവുമായി യുവാക്കളടക്കം പിടിയിലായി. തൊടുപുഴയിലെത്തിച്ച ശേഷം വിവിധ ജില്ലകളിലേക്ക്​ കൊണ്ടുപോകുന്ന രീതിയാണ്​ ലഹരി കടത്തുസംഘങ്ങൾ സ്വീകരിക്കുന്നതെന്ന്​ 35 കിലോ കഞ്ചാവുമായി പിടിയിലായ പ്രതി വെളി​പ്പെടുത്തിയിരുന്നു. ലഹരി കടത്തുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവരിലേറെയും വർഷങ്ങളായി ഈ രംഗത്ത്​ തുടരുന്നവരും ഒന്നിലധികം തവണ കേസിൽ പ്രതികളായവരുമാണ്​. ഇവർക്ക്​ സഹായം നൽകാൻ അതത്​ സ്ഥലങ്ങളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായും വിവരമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story