Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലിനീകരണ നിയന്ത്രണ...

മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കാത്ത ഫ്ലാറ്റുകളുടെ വിവരം ശേഖരിക്കുന്നു

text_fields
bookmark_border
തൊടുപുഴ: മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത ഫ്ലാറ്റുകൾക്കെതിരെ നടപടിക്ക്​ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. ഇതിന്‍റെ ഭാഗമായി മലിനജല സംസ്കരണ പ്ലാന്‍റ്​ സ്ഥാപിക്കണമെന്ന നിബന്ധന പാലിക്കാത്തതും മാനദണ്ഡങ്ങൾ പാലിക്കാതെ പ്ലാന്‍റ്​ നിർമിച്ചതുമായ ഫ്ലാറ്റുകളുടെ വിവരം ശേഖരിച്ച്​ തുടങ്ങി. നിയമം ലംഘിച്ച ഫ്ലാറ്റുകൾക്കെതിരെ പിഴയടക്കം കർശന നടപടികൾ സ്വീകരിക്കാനാണ്​ തീരുമാനം. 20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഫ്ലാറ്റ്​ സമുച്ചയങ്ങളിൽ മലിനജല സംസ്കരണ പ്ലാന്‍റുകൾ നിർബന്ധമാണ്​. പ്ലാന്‍റ്​ സ്ഥാപിക്കുമെന്ന ഉറപ്പിൽ ഫ്ലാറ്റ്​ നിർമാണത്തിന്​ അനുമതി നേടിയശേഷം ഇത്​ സ്ഥാപിക്കാത്തവരും നിർദിഷ്ട വ്യവസ്ഥകൾക്ക്​ വിരുദ്ധമായി നിർമിച്ചവരും ഉണ്ടെന്നാണ്​​ ​ബോർഡിന്‍റെ കണ്ടെത്തൽ. ചില നിർമാതാക്കൾ ബോർഡിന്‍റെ അനുമതി പോലും വാങ്ങാതെ ഫ്ലാറ്റ്​ നിർമാണം പൂർത്തിയാക്കിയ സംഭവങ്ങളുമുണ്ട്​. സംസ്കരണ പ്ലാന്‍റില്ലാത്ത ഫ്ലാറ്റ്​ സമുച്ചയങ്ങളിൽനിന്ന്​ സമീപത്തെ പുഴകളടക്കം ജലാശയങ്ങളിലേക്ക്​ വൻ തോതിൽ മലിനജലം ഒഴുക്കുകയാണ്​. ഇത്തരത്തിൽ നിയമലംഘനം നടത്തിയ ഫ്ലാറ്റുകളുടെ വിവരങ്ങളാണ്​ ഓരോ ജില്ലയിൽനിന്നും ശേഖരിക്കുന്നതെന്ന്​ ബോർഡ്​ ചെയർമാൻ എ.ബി.​ പ്രദീപ്​കുമാർ 'മാധ്യമ'ത്തോട്​ പറഞ്ഞു​. വൻകിട ഫ്ലാറ്റുകളാണ്​ നിയമലംഘനം കൂടുതൽ നടത്തിയിരിക്കുന്നത്​. വ്യവസ്ഥകൾക്ക്​ വിരുദ്ധമായി പണിത പ്ലാന്‍റുകൾ ഉൾപ്പെടുന്ന ഫ്ലാറ്റുകൾ നിർമാതാക്കൾ വിറ്റ്​ കൈയൊഴിയുമ്പോൾ പുതിയ ഉടമകളാണ്​ ഇതുമായി ബന്ധപ്പെട്ട നടപടികൾ നേരിടേണ്ടിവരുന്നത്​. മലിനജല സംസ്കരണ പ്ലാന്‍റ്​ എങ്ങനെ, എത്ര മീറ്റർ അകലത്തിൽ, എത്ര വലുപ്പത്തിൽ പണിയണമെന്ന്​ വ്യക്​തമായ മാർഗനിർദേശങ്ങളുണ്ട്​. ഇത്​ കൃത്യമായി പാലിച്ച്​ നിർമാണം പൂർത്തിയാക്കിയ ഫ്ലാറ്റുകൾക്ക്​ മാത്രമേ അനുമതി നൽകാവൂ എന്നാണ്​ ചട്ടം. എന്നാൽ, നിയമം ലംഘിച്ച്​ നിർമിച്ച ചില ഫ്ലാറ്റുകൾ പിന്നീട്​ അധികൃതരെ സ്വാധീനിച്ച്​ നിർമാണം​ ക്രമപ്പെടുത്തിയെടുക്കുന്ന പ്രവണതയുമുണ്ട്​. ഇത്തരം നിയമലംഘനങ്ങൾക്ക്​ പിഴ കണക്കാക്കുന്നത്​ സംബന്ധിച്ച കൃത്യമായ മാർഗനിർദേശം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്​ പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന ബോർഡ്​ കേന്ദ്ര ബോർഡിന്‍റെ സഹായം തേടിയിട്ടുമുണ്ട്​. -പി.പി. കബീർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story