കൊച്ചി: പത്തനംതിട്ട പോപുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഹൈകോടതി നിർദേശിച്ചിട്ടും അന്വേഷണം ഏറ്റെടുത്തില്ലെന്നാരോപിച്ച് സി.ബി.ഐക്കെതിരെ നിക്ഷേപകർ നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈകോടതി തള്ളി. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങിയെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി. സോമരാജൻ ഹരജി തള്ളിയത്. സി.ബി.ഐ അന്വേഷിക്കണമെന്ന് ഉത്തരവുണ്ടായിട്ടും കേസ് ഏറ്റെടുക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ സി.ബി.ഐ തയാറായില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം. കോടതിയലക്ഷ്യ നടപടി ഡിവിഷൻ ബെഞ്ച് നേരത്തേ താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഹരജി വീണ്ടും സിംഗിൾ ബെഞ്ച് മുമ്പാകെ എത്തുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ പല കേസുകളായാണ് രജിസ്റ്റർ ചെയ്തതെന്നും ഇവ ഒറ്റക്കേസായി പരിഗണിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുള്ളത് കൂടി പരിഗണിച്ചാണ് കോടതിയലക്ഷ്യ ഹരജി തള്ളിയത്. അതേസമയം, വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യാനും ഇവയിൽ റിമാൻഡ് റിപ്പോർട്ട് ഫയൽ ചെയ്യാനും നിർദേശമുണ്ടെങ്കിലും ചില മജിസ്േട്രറ്റുമാർ റിമാൻഡ് അപേക്ഷ തള്ളുകയും ചിലർ അനുവദിക്കുന്നതും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹരജി ജസ്റ്റിസ് വി.ജി. അരുൺ പരിഗണിച്ചു. 2020 നവംബർ 23ന് ശേഷം ഹരജിക്കാരായ പ്രതികൾക്കെതിരെ ബഡ്സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, റിമാൻഡ് അപേക്ഷ ഏതെങ്കിലും മജിസ്േട്രറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ പൊലീസ് ഏകീകൃത വിശദീകരണ പത്രിക നൽകണമെന്ന് കോടതി നിർദേശിച്ചു. ഹരജി വീണ്ടും ഫെബ്രുവരി എട്ടിന് പരിഗണിക്കും. സ്ഥാപന ഉടമകളായ റോയ് തോമസ് ഡാനിയൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റീബ മേരി, റിയ ആൻ തോമസ്, ഡോ. റിനു മറിയം തോമസ് എന്നവരാണ് ഹരജി നൽകിയിട്ടുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 12:04 AM GMT Updated On
date_range 2021-01-30T05:34:08+05:30പോപുലർ ഫിനാൻസ് തട്ടിപ്പ്: സി.ബി.ഐക്കെതിരായ കോടതിയലക്ഷ്യ ഹരജി തള്ളി
text_fieldsNext Story