കായലിൽ ചാടിയ യുവാവിനെ രക്ഷിച്ചു
text_fieldsയുവാവിനെ രക്ഷപ്പെടുത്തിയ ബോട്ട് ജീവനക്കാരായ അതുൽ ഉത്തമൻ, സി.പി. സതീശൻ, മുഹമ്മദ് ഷരീഫ്, ആർ. ജിഗ്‌നേഷ്
പൂച്ചാക്കൽ: കായലിൽ ചാടിയ യുവാവിനെ ബോട്ട് ജീവനക്കാർ രക്ഷിച്ചു. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് പുറപ്പെട്ട എ 90 നമ്പർ ബോട്ടിലെ ജീവനക്കാരാണ് നടുക്കായലിൽ ചാടിയ യുവാവിനെ രക്ഷിച്ചത്.വൈക്കം കീച്ചേരി ചെമ്പകശ്ശേരിൽ ശ്രീരാജാണ് (കുട്ടായി -42) കായലിൽ ചാടിയത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വൈക്കം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ബോട്ടിലെ യാത്രക്കാരനായിരുന്നു ഇയാൾ.
നടുക്കായലിലെ ബോട്ട് ചാലിലേക്ക് ചാടിയ ഇയാളെ ജീവനക്കാർ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ട് സ്രാങ്ക് അതുൽ ഉത്തമൻ, ഡ്രൈവർ സി.പി. സതീശൻ, ലാസ്കർമാരായ മുഹമ്മദ് ഷരീഫ്, ആർ. ജിഗ്‌നേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ട് തവണക്കടവിലെത്തിയ ഉടൻ ഇയാളെ ചേർത്തല പൊലീസിന് കൈമാറി. കുടുംബപ്രശ്നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.