ആനവണ്ടിയില്ലാത്ത യാത്രാസംവിധാനം ആലോചിക്കുക അസാധ്യം. കെ.എസ്.ആർ.ടി.സി ബസ് അഭിമാനവും ആശ്രയവും. എന്നാൽ, പണ്ടേ ദുർബല പിന്നെ... എന്ന രീതിയാണ് കോവിഡുകാലത്ത് ഇതിെൻറ സ്ഥിതി. കോവിഡിെൻറ ഭാരം യാത്രക്കാരുടെ തലയിൽ മാത്രം വെക്കുന്ന പുതിയ ഫോർമുലയുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. ബസുകൾ വെട്ടിക്കുറച്ചത് യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായല്ല. പ്രതിച്ഛായ കൂട്ടുന്ന മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കുന്ന നടപടികളിലാണ് സർക്കാറെങ്കിലും സർവിസ് കാര്യക്ഷമമാകാതെ ദുരിതം തീരില്ല.
കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ സ്ഥിതിയും യാത്രക്കാരുടെ പ്രശ്നങ്ങളും അന്വേഷിക്കുന്ന പരമ്പര...
ബസുകൾ കുറച്ച് 'സമൂഹ അകലം'
ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഇപ്പോൾ ഓടുന്നത് പകുതി മാത്രം ബസുകൾ. 102ന് പകരം 53 ബസ് ഓടുന്നതായാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതൊന്നും കണക്കിലെടുക്കാൻ അധികൃതർ തയാറല്ല. യാത്രക്കാർ കുറഞ്ഞിട്ടല്ല പകുതി ബസുകൾ കയറ്റിയിട്ട് കുറച്ചുമാത്രം ഓടിക്കുന്നത്. യാത്രക്കാർ ബുദ്ധിമുട്ടിയാലും ലാഭം എന്ന അധികൃതരുടെ കോവിഡുകാല ആശയമാണ് ഇതിന് പിന്നിൽ. സമൂഹ അകലം പാലിക്കൽ പോയിട്ട് കോവിഡുകാല പ്രോട്ടോകോൾ ഒന്നുപോലും (യാത്രക്കാർ മാസ്ക് ഉപയോഗിക്കുന്നതൊഴികെ) പാലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന 'തുറന്ന പ്രഖ്യാപന'മാണ് സർവിസുകൾ തീർത്തും വെട്ടിക്കുറച്ച് യാത്രക്കാരെ കുത്തിനിറച്ചുള്ള പുതിയ രീതി.
ഒഴിവാക്കിയതിൽ ഏറെയും ലോക്കൽ സർവിസുകളായതോടെ തീർത്തും ദുരിതത്തിലാണ് ജില്ലയുടെ ഗ്രാമീണമേഖല. ഉപജീവനാർഥം രാവിലെ പുറപ്പെട്ട് രാത്രി വീടണയേണ്ടവർ കോവിഡുകാല ദുരിതത്തിനുപുറമെ കരകയറാനും വിഷമിക്കുന്ന സ്ഥിതിയാണിപ്പോൾ.
ഓർഡിനറി ബസുകൾ നീക്കി പേരിന് ഓടിക്കുന്നതാകട്ടെ ഫാസ്റ്റ് പാസഞ്ചർ. ഇതോടെ ഇരട്ടി പൈസ മുടക്കണം യാത്ര ചെയ്യാൻ. രാവിലെ മീൻ എടുത്ത് വിൽപനക്ക് പോകേണ്ടവർക്ക് അടക്കം പല റൂട്ടിലും യാത്രാ സൗകര്യമില്ലാതെയും അഥവാ ബസ് കിട്ടിയാൽ കൂടിയ ടിക്കറ്റിൽ പോകേണ്ടിയും വരുകയാണ്. ഇതുവരെ ഇല്ലാതിരുന്ന ലാഭം കോവിഡ് മറവിൽ ഉണ്ടാക്കാൻ കെ.എസ്.ആർ.ടി.സി തുനിഞ്ഞിറങ്ങിയതിെൻറ പരിണിതഫലം.
സ്റ്റേ ബസുകൾ കുറച്ചത് ബാധിക്കുന്നതും ദരിദ്രരെയും സാധാരണക്കാരെയുമാണ്. മുഹമ്മ, തണ്ണീർമുക്കം പ്രദേശത്തെ കൂടുതൽ പേരും ആശ്രയിക്കുന്ന മീൻവിൽപന മേഖലയിൽ സ്റ്റേ സർവിസുകൾ ഒഴിവാക്കിയതോടെ പുലർച്ച ട്രിപ് ഒഴിവായി. ഇത് സ്ത്രീകളടക്കം മീൻ കച്ചവടക്കാരുടെ ദുരിതം ഇരട്ടിപ്പിച്ചു. ചേർത്തല റൂട്ടിൽ അഞ്ച് ഓർഡിനറി ഓടിയിരുന്നത് രണ്ട് ഫാസ്റ്റിന് വഴിമാറി. വൈക്കം, തണ്ണീർമുക്കം, മുഹമ്മ മേഖലയിലേക്കൊക്കെ പേരിനാണ് സർവിസ്. ചില റൂട്ടിൽ ഓട്ടംതന്നെ നിർത്തി. തൊടുപുഴ, കോട്ടയം റൂട്ടിലെ സ്ഥിതിയും മറിച്ചല്ല. ഓർഡിനറി ബസുകൾ പത്തിലൊന്നുപോലുമില്ല. വാഹനസൗകര്യം തീരെയില്ലാത്തിടങ്ങളിൽ ജനം ഓർഡിനറി ബസിൽ തിങ്ങിക്കയറുന്ന സ്ഥിതിയാണ്. കൈനകരി, പുളിങ്കുന്ന് പ്രദേശം ചങ്ങനാശ്ശേരി-ആലപ്പുഴ റോഡ് നവീകരണ ഭാഗമായി അടച്ചതോടെയും ക്ലേശത്തിലായി. ഹരിപ്പാട് ലോക്കൽ സർവിസും കുറച്ചിരിക്കുന്നു.
കലക്ഷനിൽ വർധന
ആലപ്പുഴ: കോവിഡുകാലത്ത് ലക്ഷ്യമിട്ട പ്രതിദിന വരുമാനത്തിെൻറ പകുതി കടന്ന് കെ.എസ്.ആർ.ടി.സി. ഏതാനും ദിവസങ്ങളായി ലക്ഷ്യമിടുന്നതിെൻറ പകുതിയിൽ താഴെ മാത്രം നേടിയിരുന്ന സ്ഥാനത്താണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ 59 ശതമാനത്തിലെത്തിയത്. 7.06 കോടി രൂപയായിരുന്നു ലക്ഷ്യം; ലഭിച്ച വരുമാനം 3.95 കോടി രൂപ. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തി സ്കൂളുകളും കോളജുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചത് ഇനി കൂടുതൽ നേട്ടമാകും. ലോക്ഡൗണിന് ശേഷം ഇതുവരെ ലക്ഷ്യമിട്ട വരുമാനം നേടിയെടുക്കാനാകാതിരിക്കെ കഴിഞ്ഞ ദിവസങ്ങളിലെ വരുമാനവർധന പ്രതീക്ഷയാണ്. ദക്ഷിണമേഖലയാണ് മികച്ച നേട്ടമുണ്ടാക്കിയത് -59.42 ശതമാനം. കോവിഡ് കാലത്തിന് മുമ്പുള്ള ബസ്- വരുമാനം അനുപാതെത്തക്കാൾ കലക്ഷൻ അവസാന ലോക്ഡൗണിനുശേഷം ഇരട്ടിയിലധികവുമാണ്. കോവിഡുകാല ചാർജ് വർധനയും ബസുകളുടെ എണ്ണം കുറച്ച് കൂടുതൽ യാത്രക്കാരെ ഉറപ്പുവരുത്തുന്നതും വഴിയാണ് കലക്ഷനിലെ വർധന.
മൊബിലിറ്റി ഹബ്: ആലപ്പുഴയുടെ പ്രതീക്ഷ
ചുണ്ടന് വള്ളത്തിെൻറ ആകൃതിയിലാകും കെ.എസ്.ആർ.ടി.സി വിഭാവനം ചെയ്യുന്ന മൊബിലിറ്റി ഹബ് സമുച്ചയം. അത്യാധുനിക സൗകര്യങ്ങളുള്ളതും. ടെസ്റ്റ് പൈലിങ് ജോലികള്‍ പൂർത്തിയായിരിക്കെ ഫലം വന്നാലുടൻ അതിവേഗ പൂർത്തീകരണത്തിനാണ് നീക്കം. 129 കോടിയുടെ കിഫ്ബി വഴിയുള്ള തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍വഹണ ഏജന്‍സി ഇൻകലാണ്. 2.88 കോടി ചെലവഴിച്ച് വളവനാട്ട് യാര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1, 75,000 ചതുരശ്ര അടി വിസ്തീർണത്തിൽ 4.07 ഏക്കർ സ്ഥലത്ത് മൊബിലിറ്റി ഹബ് വ്യാപിച്ചുകിടക്കും.
58,000 ചതുരശ്രയടി ബസ് ടെർമിനൽ ഏരിയയാണ് ഉണ്ടാകുക. ബസ് പാതകളിലൂടെയുള്ള വൺവേ ഡ്രൈവ് ആയിരിക്കും. യാത്രക്കാരെ കയറ്റാനും ഇറക്കാനും 17 സ്ഥലങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്. താഴത്തെ നിലയിൽ ഒരു കഫ്തീരിയ, എ/സി, നോൺ എ/സി വെയ്റ്റിങ് ലോഞ്ചുകൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ടോയ്ലറ്റ്, ഇൻഫർമേഷൻ ഡെസ്ക്, വെയ്റ്റിങ് ഏരിയ, ഒന്നാംനിലയിൽ 37 ബസ് പാർക്കിങ്ങിന് പ്രത്യേക പ്രവേശനവും എക്സിറ്റ് വേ എന്നിവയും പ്രത്യേക ഡോർമിറ്ററി സൗകര്യം, സ്റ്റാർ ഹോട്ടൽ, വിവിധ പാചക റസ്റ്റാറൻറുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപ്ലക്സ് തിയറ്റർ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് കെ.എസ്.ആര്.ടി.സി സ്റ്റാൻഡിൽ നിര്‍മിക്കുന്ന കെട്ടിടം.
(തുടരും)