Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറേഷൻ കടകളിൽ പുഴുക്കലരി...

റേഷൻ കടകളിൽ പുഴുക്കലരി ക്ഷാമം; എത്തിയതിൽ 65 ശതമാനവും പച്ചരി

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ റേഷൻ കടകളിൽ വിതരണത്തിന്​ എത്തിയതിൽ 65 ശതമാനവും പച്ചരി. പുഴുക്കലരിക്ക്​ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ്​ ആഗസ്റ്റിൽ വിതരണത്തിനെത്തിച്ചതിന്റെ 65 ശതമാനവും പച്ചരിയായത്​. പുഴുക്കലരിയില്ലാത്തതിനാൽ റേഷൻ വേണ്ടെന്നുവെച്ചു മടങ്ങുകയാണ്​ ഏറെപ്പേരും. ഇക്കാര്യം കടയുടമകൾ സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. സംസ്ഥാനത്തെ പാടശേഖരങ്ങളിൽനിന്ന്​ സംഭരിക്കുന്ന നെല്ലിൽനിന്നുള്ള കുത്തരി കൂടുതലായി എത്തിക്കാൻ സിവിൽ സപ്ലൈസിന്​ കഴിഞ്ഞില്ല. മഞ്ഞ, പിങ്ക്, നീല, കാർഡുകാർക്കെല്ലാം പച്ചരിയാണ് ഇക്കുറി കൂടുതൽ. പൊതുവിഭാഗം വെള്ളക്കാർഡുകാരുടെ എട്ട്​ കിലോ വിഹിതത്തിൽ ആറും പച്ചരിയാണ്. കേന്ദ്രം നൽകുന്ന റേഷനിലും കൂടുതൽ പച്ചരിയാണ്. പച്ചരി കൂടുതലായി എത്തിയത് റേഷൻ കരിഞ്ചന്തക്ക്​ സാധ്യതയേറും. പച്ചരി വേണ്ടാത്തതിനാൽ ചില കാർഡുടമകളും കടക്കാരും മറിച്ചുവിൽക്കുമെന്നാണ് ആശങ്ക. അടുത്തിടെ മുൻഗണന കാർഡുടമകൾ റേഷൻ മറിച്ചുവിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുത്തിരുന്നു. പൊതുവിഭാഗത്തിൽപെട്ട വെള്ള, നീല കാർഡുകാർക്കുള്ള ആട്ടയും ഈ മാസം ലഭിച്ചില്ല. ഒരു കിലോമുതൽ രണ്ടുകിലോ വരെ ആട്ടയാണ് കാർഡൊന്നിന്​ നൽകാൻ നിർദേശിച്ചിരുന്നത്. ആട്ട കിട്ടാത്തതിനാൽ വിതരണം മുടങ്ങി. ഗോതമ്പ്​ ക്ഷാമം രൂക്ഷമായതാണ് തിരിച്ചടിയായത്. മുൻ മാസങ്ങളിൽ നാലുകിലോ വരെ ആട്ടയാണ്​ ലഭിച്ചത്​. റേഷൻ കടകളിലെ കെ-സ്റ്റോർ: ആദ്യം അഞ്ചിടത്ത്​ ആലപ്പുഴ: റേഷൻ കടകളുടെ വൈവിധ്യവത്​കരണം ലക്ഷ്യമിട്ട്​ തുടങ്ങുന്ന കെ-സ്റ്റോർ ആദ്യഘട്ടത്തിൽ ജില്ലയിൽ അഞ്ചിടത്തുമാത്രമാകും. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ഓരോ റേഷൻ കടകൾ തെരഞ്ഞെടുത്തത്. ആദ്യഘട്ടത്തിൽ 53 റേഷൻ കടകളിൽ കെ-സ്റ്റോർ ആണ്​ പദ്ധതിയിട്ടത്​. ഇത്രയധികം കടകളിൽ ഒന്നിച്ചു സൗകര്യമെത്തിക്കാനുള്ള​ ബുദ്ധിമുട്ട്​ കണക്കിലെടുത്താണ്​ അഞ്ചിടത്ത്​ മാത്രമാക്കിയത്​. ഈ മാസം പ്രവർത്തനം തുടങ്ങാനാണ് നിശ്ചയിച്ചതെങ്കിലും നടപ്പാകില്ല. ലോഗോ ലഭ്യമാക്കിയെങ്കിലും മറ്റുനടപടികൾ ആരംഭിച്ചിട്ടില്ല. മിനി ബാങ്ക്, പാൽ വിതരണം, ഗ്യാസ് വിതരണം, അക്ഷയ സേവനങ്ങൾ, സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളുടെ വിൽപന തുടങ്ങിയവയാണ് കെ-സ്റ്റോർ ലക്ഷ്യമിട്ടിരുന്നത്. 5000 രൂപ വരെയുള്ള ബാങ്കിടപാടുകളാണ് കെ-സ്റ്റോറിലൂടെ നടത്താൻ അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നുവീതം തുടങ്ങാനാണ് ലക്ഷ്യമിട്ടത്. അങ്ങനെയെങ്കിൽ ജില്ലയിൽ 72 പഞ്ചായത്തും ആറു നഗരസഭയുമുൾപ്പെടെ 78 സ്റ്റോറുകളാണ് തുടങ്ങേണ്ടത്. ചേർത്തല-41, അമ്പലപ്പുഴ-111, കുട്ടനാട്-248, കാർത്തികപ്പള്ളി-32, മാവേലിക്കര-167 എന്നീ നമ്പറുകളിലെ അഞ്ച്​ റേഷൻ കടകളിലാണ്​ കെ-സ്റ്റോർ ഉടൻ തുടങ്ങുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story