ആംബുലൻസിന്‍റെ വഴി മുടക്കിയ കാറുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsനന്മണ്ട ജോ. ആർ.ടി.ഒ കാര്യാലയത്തിലെത്തിയ തരുൺ
നന്മണ്ട (കോഴിക്കോട്): രോഗിയെയും കൊണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ വഴിമുടക്കിയ കാർഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് ജോസഫ് റോഡിലെ കരിമ്പാൽ പറമ്മ തരുണിനെതിരെയാണ് നന്മണ്ട ജോ. ആർ.ടി.ഒ പി. രാജേഷ് നടപടിയെടുത്തത്.
ജോ. ആർ.ടി.ഒ.വിന് തരുൺ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയെങ്കിലും സ്വീകാര്യമായില്ല. മൂന്നു മാസത്തേക്ക് തരുണിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പുറമെ രണ്ടു ദിവസം മെഡിക്കൽ കോളജ് ആശുപത്രി പാലിയേറ്റിവ് കെയറിൽ നിർബന്ധിത സേവനമനുഷ്ഠിക്കണം. കൂടാതെ രണ്ടു ദിവസം റോഡ് സുരക്ഷ റിഫ്രഷ്മെൻറ് പരിശീലനത്തിന് ഹാജരാവാനും നിർദേശിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് 2.45ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്ന് അത്യാസന്ന നിലയിലായ രോഗിയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് ചേളന്നൂർ ഏഴെ ആറ് മുതൽ കക്കോടി വരെ തരുൺ ഓടിച്ച കെ.എൽ 11 എ.ആർ 3542 മാരുതി സ്വിഫ്റ്റ് കാർ വഴിയൊരുക്കാതെ മാർഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ പ്രചരിക്കുകയും ചെയ്തു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി.