Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ദ കേരള സ്റ്റോറി'...

'ദ കേരള സ്റ്റോറി' പ്രദർശനം തടയണമെന്ന ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
kerala story
cancel

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന ആവശ്യം അനുവദിക്കാതെ ഹൈകോടതി. വെള്ളിയാഴ്ചത്തെ റിലീസിങ്​ തടയണമെന്നതടക്കം ഇടക്കാല ആവശ്യം അനുവദിക്കാതിരുന്ന ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, ഹരജി പിന്നീട്​ പരിഗണിക്കാൻ മാറ്റി.

സിനിമയുടെ ടീസർ തങ്ങളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിൽനിന്ന് നീക്കുമെന്നും യഥാർഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള സാങ്കൽപിക കഥയാണിതെന്ന്​ സിനിമയുടെ തുടക്കത്തിൽതന്നെ വ്യക്തമാക്കുന്നുണ്ടെന്നുമുള്ള നിർമാതാക്കളുടെ വിശദീകരണം പരിഗണിച്ചാണ്​ കോടതി ഇടക്കാല ആവശ്യം തള്ളിയത്​. ഈ വിശദീകരണം രേഖപ്പെടുത്തുകയും ചെയ്തു.

ചിത്രത്തിന്‍റെ പ്രദർശനം വിലക്കണമെന്ന്​ ആവശ്യപ്പെട്ട് അഡ്വ. വി.ആർ. അനൂപ്, ജി.ഐ.ഒ സംസ്ഥാന പ്രസഡന്‍റ് തമന്ന സുൽത്താന, നാഷനലിസ്റ്റ്‌ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി സിജിൻ സ്റ്റാൻലി, മുസ്​ലിം ലീഗ് സെക്രട്ടേറിയറ്റ്​ അംഗം സി. ശ്യാംസുന്ദർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ്​ പാലേരി എന്നിവർ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

സിനിമയുടെ ടീസർ കോടതിമുറിയിൽവെച്ച് കണ്ട ഡിവിഷൻ ബെഞ്ച്,​ ഏതെങ്കിലും സമുദായത്തെ ഇതിൽ മോശമായി ചിത്രീകരിക്കുന്നില്ലെന്ന്​ വിലയിരുത്തിയാണ്​ പ്രദർശനം തടയണമെന്ന ആവശ്യം നിരാകരിച്ചത്​​. മുസ്​ലിംകൾക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. മതേതരത്വം എന്ന ഭരണഘടനാ മൂല്യത്തിനുതന്നെ എതിരായ സിനിമയുടെ പ്രദർശനം വിലക്കണമെന്ന്​ ജി.ഐ.ഒ, വെൽഫെയർ പാർട്ടി എന്നീ ഹരജിക്കാർക്കുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു.

എന്നാൽ, സാങ്കൽപിക കഥയുടെ അടിസ്ഥാനത്തിലുള്ളതാണ്​ ഇതെന്നും വിഗ്രഹത്തിൽ വെളിച്ചപ്പാട് തുപ്പുന്ന സന്ദർഭങ്ങളടക്കം ചിത്രീകരിച്ച സിനിമ മലയാളത്തിലുണ്ടായിട്ടുണ്ടെന്നും അതിന്​ അവാർഡ് ലഭിച്ചിട്ടുണ്ടെന്നും ‘നിർമാല്യം’ എന്ന ചിത്രം പരാമർശിച്ച്​ കോടതി അഭിപ്രായപ്പെട്ടു.

അതേസമയം, നിർമാല്യം സിനിമയിൽ ഏതെങ്കിലും സമുദായത്തിനെതിരായ വ്യാജ പ്രചാരണം ഉണ്ടായിരുന്നില്ലെന്ന് ദുഷ്യന്ത് ദവെ വ്യക്തമാക്കി. എന്തായാലും മതേതരസ്വഭാവമുള്ള കേരളസമൂഹം ചിത്രം കണ്ട്​ വിലയിരുത്തട്ടെയെന്നും ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും കോടതി പറഞ്ഞു. ചരിത്രസിനിമയല്ലിത്​. നവംബറിൽ ടീസർ ഇറങ്ങിയിട്ടും ഇപ്പോഴാണ്​ ഹരജിക്കാർ ആരോപണം ഉയർത്തുന്നതെന്നും കോടതി പറഞ്ഞു.

ലവ്​ ജിഹാദോ നിർബന്ധിത മതപരിവർത്തനമോ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് എൻ.ഐ.എ അന്വേഷിച്ച്​ റിപ്പോർട്ട്​ സമർപ്പിച്ചിട്ടുള്ളതാണെന്ന്​ ഹൈകോടതി സീനിയർ അഭിഭാഷകൻ ജോർജ്​ പൂന്തോട്ടവും യഥാർഥ സംഭവമാണെന്ന്​ തെറ്റിദ്ധരിപ്പിച്ച്​ തെറ്റായ കാര്യങ്ങൾ സിനിമയിലൂടെ പ്രചരിപ്പിക്കുകയാണെന്ന്​ മുസ്​ലിം ലീഗിനുവേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷായും വാദിച്ചു. സിനിമയുടെ ലക്ഷ്യംതന്നെ വിദ്വേഷ പ്രചാരണമാണെന്ന്​ അഡ്വ. കാളീശ്വരം രാജ് കോടതിയെ അറിയിച്ചു.

ഒട്ടേറെ മാറ്റങ്ങളോടെയാണ്​ പ്രദർശനത്തിന്​ അനുമതി നൽകി​യതെന്നും അനുമതി നൽകിയ തീരുമാനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്. മനു മുഖേന സെൻസർ ബോർഡ് നൽകിയ സത്യവാങ്മൂലവും കോടതി പരിഗണിച്ചു. എതിർ കക്ഷികളുടെയെല്ലാം വിശദീകരണം തേടിയാണ്​ ഹരജി മാറ്റിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The Kerala Story
News Summary - The Kerala Story is not a film that tells history, it is just a story - High Court
Next Story