ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ തിരിച്ചറിഞ്ഞു, പിന്നിൽ പത്തനംതിട്ട സ്വദേശിനിയും
text_fieldsകാണാതായ ഇർഷാദ്
കോഴിക്കോട്: പന്തിരിക്കര സ്വദേശി മുത്തു എന്ന ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ്. വിദേശത്തുള്ള കൈതപ്പൊയിൽ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയത്. പത്തനംതിട്ട സ്വദേശിയായ യുവതിക്കും തട്ടിക്കൊണ്ടു പോയതിൽ ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന.
ഇന്നലെ ഉച്ചക്ക് മൂന്നു മണിക്ക് സംഘം വിളിച്ചതായി ഇർഷാദിന്‍റെ പിതാവ് നാസർ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ ഫോട്ടോയും ശവവും വിട്ടുതരാമെന്നാണ് വാട്ട്സ്ആപ്പ് കോളിൽ പറഞ്ഞതായും നാസർ വ്യക്തമാക്കി.
വിദേശത്ത് ജോലിയാവശ്യാർഥം പോയ ഇര്‍ഷാദ് മേയ് 14നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസംതന്നെ യുവാവിനെ കാണാതാവുകയും രക്ഷിതാക്കളുടെ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് അന്വേഷിച്ച് 16ന് വീടിന് സമീപംവെച്ച് ഇയാളെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തതാണ്. തുടർന്ന് പത്തനംതിട്ട സ്വദേശിനിയുടെ സ്വര്‍ണം ഇര്‍ഷാദിന്റെ വശം ഉണ്ടെന്ന ആരോപണവുമായി ഒരു സംഘം വീട്ടിലെത്തി. അത് മധ്യസ്ഥര്‍ ഇടപെട്ട് പറഞ്ഞു തീർക്കുകയായിരുന്നു.
മെയ് 23ന് വീട്ടില്‍നിന്ന് പോയ ഇര്‍ഷാദ് രണ്ടുദിവസം അത്തോളി പറമ്പത്തെ ഭാര്യവീട്ടിലായിരുന്നു. അവിടെ നിന്ന് വയനാട്ടിലേക്ക് ജോലിക്കെന്നു പറഞ്ഞ് പോയ ഇര്‍ഷാദിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതിനു പിന്നാലെയാണ് ഭീഷണിസന്ദേശങ്ങൾ ഭാര്യക്കും മാതാവിനും വന്നത്. പൊലീസില്‍ അറിയിച്ചാല്‍ മകനെ കൊന്നുകളയുമെന്ന ഭീഷണി ഭയന്നാണ് ഇവര്‍ ഇതുവരെ പരാതി നല്‍കാതിരുന്നത്. ഇതിനിടയില്‍ ഇര്‍ഷാദിനെ കെട്ടിയിട്ട് മർദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ഇവര്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇതോടെയാണ് ഭീഷണിയുണ്ടായിട്ടും വെള്ളിയാഴ്ച പൊലീസിന് പരാതി നല്‍കിയത്.
ഇതിനിടെ, മുത്തുവിന്റെ ശബ്ദസന്ദേശത്തില്‍ പരാമര്‍ശിച്ച കടിയങ്ങാട് സൂപ്പിക്കടയിലെ മീത്തലെ എള്ളുപറമ്പില്‍ തറവട്ടത്ത് ഷമീര്‍ എന്ന വരാങ്കി ഷമീർ പൊലീസിനെ കത്തിമുനയിൽ നിർത്തി രക്ഷപ്പെട്ടു. കേസിന്റെ അന്വേഷണാർഥം വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് പെരുവണ്ണാമൂഴി എസ്.എച്ച്.ഒ കെ. സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഷമീറിന്റെ വീട്ടിലെത്തിയത്.
ഷമീര്‍ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് കൈമുറിച്ച് ആത്മഹത്യ ഭീഷണിയും മുഴക്കി. ഈ സമയം ഷമീറിന്റെ മാതാവും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി. വിനോദിന്റെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് ഇവിടെ എത്തി. ഇതിനിടെ, ഷമീര്‍ വീടിന്റെ പിറകുവശത്തു കൂടി ഓടി രക്ഷപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

