‘ഞാൻ സന്യാസിയായ അയ്യപ്പഭക്തൻ, തെറ്റ് ചെയ്തിട്ടില്ല’ -പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ നാരായണസ്വാമി
text_fieldsപൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിക്കുന്ന സിമന്‍റ് തറയിലിരുന്ന് നാരായണ സ്വാമി പൂജ ചെയ്യുന്നു
പത്തനംതിട്ട: മകരവിളക്ക് തെളിക്കുന്ന അതീവ സുരക്ഷാമേഖലയായ ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പൂജാരി. പ്രദേശവാസികൾ വിളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൂജക്കെത്തിയതെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാരായണ സ്വാമി ഫോണിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
നാരായണൻ സ്വാമി പൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തായത്. മകരജ്യോതി തെളിക്കുന്ന സിമന്‍റ് തറയിലിരുന്നാണ് പൂജ ചെയ്യുന്നത്. സന്യാസിയായ താൻ അയ്യപ്പഭക്തനാണെന്നും ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ പൂജ നടത്താറുണ്ടെന്നും ഇയാൾ പറയുന്നു.
ബസിൽ ഗവിവഴി സ്ഥലത്തെത്തി പ്രദേശത്തെ വാച്ചർമാരുടെ സഹായത്തോടെയാണ് പൊന്നമ്പലമേട്ടിൽ എത്തിയതെന്നും സ്വാമി വ്യക്തമാക്കി. ഇയാൾ ഇപ്പോൾ ചെന്നൈ കേന്ദ്രീകരിച്ച് ആധ്യാത്മിക പ്രവർത്തനങ്ങൾ നടത്തുകയാണെന്നാണ് വിവരം. വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയതിന് ശബരിമല കീഴ്ശാന്തിയുടെ സഹായി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട നാരായണസ്വാമി തന്‍റെ വാഹനത്തില്‍ തന്ത്രിയുടെ ബോര്‍ഡ് സ്ഥാപിച്ചതിനും വിവാദത്തിൽപെട്ടിരുന്നു.
പൊന്നമ്പലമേട് ഉൾപ്പെടുന്ന പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയതിന് ഇയാളടക്കം നാലംഗസംഘത്തിനെതിരെ വനം വകുപ്പ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. പൊന്നമ്പലമേട്ടിൽ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.
സംഭവത്തിൽ പൊലീസ്-വനംവകുപ്പ് മേധാവികൾക്ക് പരാതി നൽകിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. വനം വകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് നാലംഗ സംഘം ഇവിടെ എത്തിയതെന്നാണ് സൂചന. ഇതുമൂലം വിഡിയോ പുറത്തായിട്ടും ആ വിവരം മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിനിടെ പുറത്തായത് പഴയ വിഡിയോയാണെന്നും പറയപ്പെടുന്നു. നാലു വർഷമായി പ്രദേശം കാമറ നിരീക്ഷണത്തിലാണ്.
ദേവസ്വം ബോര്‍ഡിന്റെ അടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചിരുന്നു. മൂഴിയാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂജ നടത്തിയത് പൊന്നമ്പലമേട്ടിൽ തന്നെയാണെന്ന് സ്ഥിരീകരിച്ചു. മൂഴിയാര്‍ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പ്രദേശം.