കള്ളക്കടത്തിന് ഉപയോഗിക്കുമെന്ന സംശയത്തിൽ കസ്റ്റംസിന് വാഹനം പിടിച്ചെടുക്കാനാകില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: കള്ളക്കടത്തിന് ഉപയോഗിക്കുമെന്ന സംശയത്തിന്റെ പേരിൽ വാഹനം പിടിച്ചെടുക്കാൻ കസ്റ്റംസിന് അധികാരമില്ലെന്ന് ഹൈകോടതി. കള്ളക്കടത്ത് സാധനങ്ങൾ കണ്ടെത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വാഹനം പരിശോധിക്കാനാവുമെന്നും കള്ളക്കടത്ത് സാധനങ്ങൾ ലഭിച്ചാലേ വാഹനം പിടിച്ചെടുക്കാനാവൂവെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. കൊച്ചി വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത കാർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി പി. സഫീർ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരൻ ഗൾഫിലായിരുന്നതിനാൽ കുടുംബസുഹൃത്തായ മുഹമ്മദ് ജാബിറിനെ ഏൽപിച്ചിരുന്ന കാർ 2022 ജൂലൈ 26നാണ് വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. ദോഹയിൽനിന്ന് എത്തിയ ഒരാൾ കടത്തിക്കൊണ്ടുവന്ന ഒരു കിലോയോളം സ്വർണം വാങ്ങിക്കൊണ്ടു പോകാൻ എത്തിയ പ്രതികൾ സഞ്ചരിച്ചത് ഈ കാറിലാണെന്ന് കണ്ടെത്തിയാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് സംഘമെത്തുമ്പോൾ സ്വർണവുമായി ദോഹയിൽനിന്നെത്തിയ അബ്ദുൽ റഹ്മാൻ കാറിനു പുറത്തു നിൽക്കുകയായിരുന്നു. ഇയാളിൽനിന്ന് സ്വർണം പിടിച്ചെടുത്തു. അബ്ദുൽ റഹ്മാന് പ്രതിഫലം നൽകാനുള്ള 75,000 രൂപയുമായി രണ്ടുപേർ കാറിൽ ഉണ്ടായിരുന്നു. ജാബിർ പറഞ്ഞതനുസരിച്ചാണ് ഇവർ സ്വർണം വാങ്ങാനെത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാർ പിടിച്ചെടുത്തത്.
എന്നാൽ, കാറിനുള്ളിൽനിന്നല്ല സ്വർണം പിടിച്ചെടുത്തതെന്ന ഹരജിക്കാരന്റെ വാദം കോടതി ശരിെവച്ചു. കസ്റ്റംസ് എത്തുമ്പോൾ കാറിനു പുറത്തു നിൽക്കുകയായിരുന്ന അബ്ദുൽ റഹ്മാൻ സ്വർണവുമായി ഇതേ കാറിൽ മടങ്ങി പോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വിലയിരുത്തി കസ്റ്റംസ് വാഹനം പിടിച്ചെടുത്തത് നിയമപരമല്ല. കാർ എത്രയും വേഗം വിട്ടു നൽകാനും കോടതി നിർദേശിച്ചു.