Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യ സംസ്‌ക്കരണം:...

മാലിന്യ സംസ്‌ക്കരണം: അടിയന്തര കര്‍മ്മ പദ്ധതി ഒന്നാംഘട്ടം വിജയത്തിലേക്കെന്ന് എം.ബി രാജേഷ്

text_fields
bookmark_border
മാലിന്യ സംസ്‌ക്കരണം: അടിയന്തര കര്‍മ്മ പദ്ധതി ഒന്നാംഘട്ടം വിജയത്തിലേക്കെന്ന് എം.ബി രാജേഷ്
cancel

കൊച്ചി: ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ അഞ്ചിന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണയും സഹകരണവും സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കുന്നതോടെ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുമെന്നും ജൈവ മാലിന്യസംസ്‌ക്കരണത്തിന് ഒരു വര്‍ഷത്തിനകം ഇവിടെ പുതിയ പ്ലാന്റ് കോര്‍പറേഷന്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ അഞ്ചിന് ശേഷം മാലിന്യസംസ്‌ക്കരണത്തിന് ഹ്രസ്വകാല, ദീര്‍ഘകാല കര്‍മ്മ പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കും. അടിയന്തര കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ കൗണ്‍സിലര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളുമായി ആറ് മേഖലാതല യോഗങ്ങള്‍ നടത്തി. യോഗങ്ങളില്‍ മികച്ച പങ്കാളിത്തവും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുര്‍ണ പിന്തുണയുമാണ് ലഭിച്ചത്.

വ്യാപാരി സമൂഹം, വ്യവസായികള്‍, മാലിന്യസംസ്‌ക്കരണ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുമായും താന്‍ പ്രത്യേകം ചര്‍ച്ച നടത്തിയതായി മന്ത്രി പറഞ്ഞു.

വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ നിക്ഷേപിക്കാന്‍ കൊച്ചി നഗരസഭയിലെ 40 ഡിവിഷനുകളില്‍ മെറ്റിരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്) ഒരു മാസത്തിനകം സ്ഥാപിക്കും. ഇതിനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി. മറ്റ് 34 ഡിവിഷനുകളിലും സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് അനുസരിച്ച് എം.സി.എഫ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യം ശേഖരിക്കുന്നതിന് ഏകീകൃത സംവിധാനവും കോര്‍പറേഷനില്‍ നടപ്പിലാക്കി. നിലവില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പെടെ 746 ഹരിത കര്‍മ സേനാംഗങ്ങളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കി. മേയ് ഒന്നു മുതല്‍ വീടുകളില്‍ നിന്നും പൂർണമായ തോതില്‍ മാലിന്യങ്ങള്‍ ശേഖരിക്കും. യൂസര്‍ ഫീയും ഈടാക്കും. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ പരമാവധി സംസ്‌ക്കരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പൂർണതോതില്‍ നടപ്പിലാക്കുന്നതുവരെ ജൈവ മാലിന്യവും വീടുകളില്‍ നിന്നു ശേഖരിക്കും. എന്നാല്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

അജൈവ മാലിന്യങ്ങളുടെ രണ്ടാംഘട്ട തരംതിരിക്കലിനും മറ്റുമായി നഗരസഭയില്‍ ഏഴ് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആര്‍.ആര്‍.എഫ്) കേന്ദ്രങ്ങള്‍ ഏപ്രില്‍ 30നകം ആരംഭിക്കും. ആദ്യത്തേത് ആരംഭിച്ചു. കൊച്ചിയില്‍ ഒരു ദിവസം 70 ടണ്‍ പ്ലാറ്റിക് മാലിന്യമാണ് ഉണ്ടാകുന്നത്. ഈ മാലിന്യങ്ങള്‍ പ്രോസസ് ചെയ്യുന്നതിനാണ് ഏഴ് ആര്‍.ആര്‍.എഫുകള്‍ ആരംഭിക്കുന്നത്. ഇതോടെ മേയ് ഒന്നുമുതല്‍ കൊച്ചി നഗരത്തില്‍ ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രോസസ് ചെയ്യാനും ബെയ്ല്‍ ചെയ്ത് നീക്കുന്നതിനും കഴിയും.

ദിവസവും 100 ടണ്‍ ജൈവ മാലിന്യമാണ് കൊച്ചിയില്‍ ഉണ്ടാകുന്നത്. വിവിധ ഏജന്‍സികളുമായി സഹകരിച്ച് ഇവ വികേന്ദ്രീകൃതമായി സംസ്‌ക്കരിക്കുന്നതിന് മേയ് 15-20 നകം തുടക്കംകുറിക്കും. ബ്രഹ്മപുരത്ത് പ്രതിദിനം 150 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ കഴിയുന്ന വിന്‍ഡ്രോ കംപോസ്റ്റ് മാലിന്യ സംസ്‌കരണ പ്ലാന്റ് ആരംഭിക്കുന്നതുവരെ ഈ രീതിയിലാകും ജൈവ മാലിന്യസംസ്‌ക്കരണം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവര്‍ സ്വന്തം നിലക്ക് മാലിന്യം സംസ്‌ക്കരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലിക്കാത്തവര്‍ക്കെതിതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മഴക്കാലത്തിന് മുമ്പ് തെരുവുകള്‍ വൃത്തിയാക്കും. വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിന് സ്മാര്‍ട്ട് സിറ്റി മിഷനുമായി സഹകരിച്ച് ഹോട്ട് സ്‌പോട്ടുകളില്‍ 100 കാമറകള്‍ സ്ഥാപിക്കും. കൂടുതല്‍ കാമറകള്‍ ആവശ്യമെങ്കില്‍ സ്ഥാപിക്കും. രാത്രികാല പൊലീസ് പട്രോളിങും ഉണ്ടാകും. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌ക്കരണത്തില്‍ ജനങ്ങളുടെ മനോഭാവത്തിലും ഗുണപരമായ മാറ്റം ഉണ്ടാകണം. ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും സഹകരണവും ആവശ്യമാണ്. മാധ്യമങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കൊച്ചി ഒറ്റക്കെട്ടായാണ് നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ച് 10 മുതല്‍ തുടങ്ങിയ കര്‍മ്മ പദ്ധതിയുടെ ഭാഗമായി മന്ത്രി പി.രാജീവ്, മേയര്‍, കലക്ടര്‍ എന്നിവരുമായി ചേര്‍ന്ന് റിവ്യു മീറ്റിങ്ങുകള്‍ കൃത്യമായി നടത്തുന്നുണ്ടെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ എം.അനില്‍കുമാറും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister MB Rajesh
News Summary - Garbage treatment: MB Rajesh says that the first phase of the emergency action plan is a success
Next Story