ബസിനുമുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
text_fieldsകൊല്ലം: വിനോദയാത്രക്ക് മുമ്പ് ബസിനുമുകളിൽ പൂത്തിരി കത്തിച്ചതിനെ തുടർന്ന് തീ പടർന്ന സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ. ബസിൽ സ്ഥിരമായി ഏർപ്പെടുത്തിയ ഇലക്ട്രിക് സംവിധാനമുപയോഗിച്ചാണ് പൂത്തിരികത്തിക്കുന്നത്. എന്നാൽ ബസ്സിനകത്തേക്ക് തീപടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ മാസം 26 നായിരുന്നു സംഭവം. പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ടൂര്‍ പുറപ്പെടുന്നതിന് മുൻപായി കുട്ടികളെ ആവേശത്തിലാക്കാൻ ബസ് ജീവനക്കാർ തന്നെയാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. എന്നാൽ ബസിലേക്ക് തീ പടരുകയായിരുന്നു. തീ അണച്ചതോടെ വലിയ ദുരന്തമൊഴിവാകുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ബസുകൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
മൂന്ന് വണ്ടികളിലാണ് കോളേജിൽ നിന്ന് ടൂർ പോയത്. ഇതിൽ കൊമ്പൻ എന്നപേരുള്ള ബസും ഉൾപ്പെടും. അനധികൃതമായി ഘടിപ്പിച്ച ലേസര്‍, വർണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരിൽ മുമ്പും പലതവണ മോട്ടോർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽപെട്ട വാഹനമാണ് കൊമ്പൻ.
ഇന്നലെ ഹൈക്കോടതി സംഭവത്തിൽ സ്വമേധയ കേസെടുത്തിരുന്നു. മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് രണ്ട് ബസുകൾക്കുമായി എം.വി.ഡി 36,000 രൂപ പിഴ ചുമത്തി.