മുൻ സി.പി.എം എം.എൽ.എ എം.കെ കണ്ണൻ പ്രസിഡന്‍റായ സഹകരണ ബാങ്കിലും ഇ.ഡി റെയ്ഡ്
text_fieldsതൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ സി.പി.എം എം.എൽ.എ പ്രസിഡന്‍റായ സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) റെയ്ഡ്. സി.പി.എം സംസ്ഥാന സമിതിയംഗം എം.കെ കണ്ണൻ പ്രസിഡന്‍റായ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലാണ് ഇ.ഡി റെയ്ഡ് നടക്കുന്നത്. എം.കെ കണ്ണന്‍റെ സാന്നിധ്യത്തിലാണ് പരിശോധന. 1980-82ൽ തൃശ്ശൂർ നിയമസഭാംഗമായിരുന്ന എം.കെ കണ്ണൻ കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് കൂടിയാണ്.
ഇന്ന് രാവിലെയാണ് കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപണ ഇടപാട് കേസിൽ തൃശൂരിലും കൊച്ചിയിലുമായി ഒമ്പതിടത്ത് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. തൃശൂരിലെ അയ്യന്തോൾ, കുട്ടനെല്ലൂർ, അരണാട്ടുകര, പെരിങ്ങണ്ടൂർ, പാട്ടുരായ്ക്കൽ സഹകരണ ബാങ്കുകളിലും കൊച്ചിയിലെ വ്യവസായിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടക്കുന്നത്.
ഒന്നാം പ്രതി സതീശ് കുമാർ കള്ളപണം വെളുപ്പിച്ചത് അയ്യന്തോൾ ബാങ്കിലാണെന്ന് ഇ.ഡി കണ്ടെത്തിയതിനെ തുടർന്ന് സതീശന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ 2013 ഡിസംബർ 27 വരെ സതീശൻ നടത്തിയ ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.
50,000 രൂപ വീതം 25 തവണ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. 2014 മെയിലും ജൂണിലും സമാന രീതിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇത് കള്ളപണം വെളിപ്പിക്കുന്നതിന്‍റെ ഭാഗമായാണെന്ന് ഇ.ഡി നിഗമനം.
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി.പി.എം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീനോട് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മൊയ്തീനെ ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്ന് റെയ്ഡ് നടക്കുന്നത്.