Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണസദ്യ കളഞ്ഞ...

ഓണസദ്യ കളഞ്ഞ ജീവനക്കാർക്കെതിരായ മേയറുടെ നടപടി തിരുത്താൻ സമ്മർദവുമായി സി.ഐ.ടി.യു

text_fields
bookmark_border
arya rajendran
cancel
camera_alt

ആര്യ രാജേന്ദ്രൻ 

തിരുവനന്തപുരം: പ്രതിഷേധത്തിന്‍റെ ഭാഗമായി ഓണസദ്യ കളഞ്ഞ ജീവനക്കാർക്കെതിരായ മേയറുടെ നടപടി തിരുത്താൻ സമ്മർദവുമായി സി.ഐ.ടി.യുവും രംഗത്ത്. മേയറുടെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യൂണിയൻ കത്ത് നൽകും. നടപടി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങാനാണ് ശുചീകരണ തൊഴിലാളി യൂണിയന്‍റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധത്തിനൊപ്പം പാർട്ടിയിലെ ഒരു വിഭാഗം തന്നെയും മേയറുടെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വസ്തുത അറിയാതെയാണ് മേയറുടെ ഏകപക്ഷീയമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് നിരവധി പരാതികളാണ് കിട്ടിയത്.

തൊഴിലാളി വർഗത്തിനൊപ്പമെന്ന് പറയുന്നവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട നടപടിയല്ല ഇതെന്നാണ് പ്രധാന വിമർശനം. മറ്റുള്ളവർക്കൊപ്പം ആഘോഷത്തിൽ പ​​ങ്കെടുപ്പിക്കാതെ ജോലിക്കയക്കുകയും മടങ്ങിയെത്തിയപ്പോൾ ഔദാര്യം പോലെ ഭക്ഷണം നൽകിയപ്പോഴുണ്ടായ വികാരത്തിൽ അത് ഉപേക്ഷിക്കുകയും ചെയ്തവർക്കെതിരായ കടുത്ത നടപടി ഇടതുപക്ഷ മേയർക്ക് ചേർന്നതല്ലെന്നും വിമർശനമുണ്ട്. സെറ്റ് സാരിയും കരയിട്ട മുണ്ടും ഒക്കെയായി ഓഫിസുകളിൽ ഡ്യൂട്ടി സമയത്ത് ഓണാഘോഷം തകൃതിയായി നടക്കുമ്പോൾ മാലിന്യം എടുക്കുന്ന താഴേക്കിടയിലുള്ള കുറച്ചുപേർ മാലിന്യത്തിൽ ഉരുണ്ട് കുളിച്ചുവന്ന് നാറിയ വേഷത്തിൽ ഔദാര്യമായി നൽകുന്ന സദ്യ ഉണ്ട് ആഘോഷിച്ചാൽ മതിയെന്ന് പറയുന്നത് എത്ര റി​ഗ്രസീവ് ആണെന്ന് സമൂഹ മാധ്യമങ്ങൾ ചോദിക്കുന്നു. ഓരോ മനുഷ്യനും അവന്റേതായ സ്വാഭിമാനമുണ്ട്, അത് കിട്ടാതിരിക്കുമ്പോൾ മനുഷ്യൻ പ്രതികരിക്കും. വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ തക്കവണ്ണം നിങ്ങളാരും വളർന്നിട്ടില്ലെന്നും വൈറ്റ് കോളർ ജോലിക്കാർക്ക് മാത്രമുള്ളതല്ല ആഘോഷങ്ങളെന്നും വിവേചനം കാണിച്ചതിൽ മനംനൊന്ത് പ്രതിഷേധിച്ച് ഭക്ഷണം വേസ്റ്റിൽ എറിഞ്ഞ് സമരം നടത്തിയ തൊഴിലാളികൾക്ക് ഐക്യദാർഢ്യമെന്നും കുറിച്ച ഫേസ്ബുക്ക് പോസ്റ്റുകളുമുണ്ട്.

ഭക്തിയുടെ പേരിൽ പാൽ അടക്കമുള്ള എത്രയോ ഭക്ഷ്യ വസ്തുക്കൾ പാഴാക്കിക്കളയുന്നുണ്ടെന്നും ഫാനിസത്തിന്റെ ഭാഗമായി പോലും പാലഭിഷേകം നടന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നും മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ ഉൽപന്നങ്ങളുടെ വിലക്കുറവിനെതിരെ പ്രതിഷേധിക്കാൻ അവ കുഴിച്ചു മൂടിയിട്ടുണ്ട് നമ്മുടെ നാട്ടിൽ. അവിടെയാണ് പ്രതിഷേധത്തിന്റെ പേരിൽ ഭക്ഷണം കളഞ്ഞു എന്ന കാരണം പറഞ്ഞ് നടപടിയെന്നും ഇപ്പോൾ 11 കുടുംബങ്ങളുടെ ഉപജീവന മാർഗത്തിൽ കൈവെച്ചിരിക്കുകയാണെന്നും ഈ കുറിപ്പിൽ പറയുന്നു.

ഓടയിലേക്ക് ഭക്ഷണം കളഞ്ഞ കുറ്റത്തിന് ജോലി നഷ്ടമായ സന്തോഷ് എഴുതിയ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ''ഭക്ഷണം വലിച്ചെറിഞ്ഞ അഹങ്കാരിക്കൂട്ടങ്ങളായി ഞങ്ങളെ കാണുന്നവരോട് എന്ത് പറയാനാണ്? അവർക്ക് അറിയില്ലല്ലോ ഞങ്ങളുടെ ദുരിതം. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കുമാണ് ഞങ്ങൾ ജോലിക്ക് വരുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ ഞങ്ങൾ ഓണപരിപ്പാടിക്കായി അനുമതി വാങ്ങിയിരുന്നു. അത്യാവശ്യമുള്ള ജോലികളെല്ലാം തീർത്ത് പരിപാടി തുടങ്ങാനും പറഞ്ഞിരുന്നു. ഇതുപ്രകാരം രാവിലെ നാലുമണിക്ക് തന്നെ ഞങ്ങൾ ഡ്യൂട്ടിക്ക് കയറി. വേഗം തീർത്ത് വരാമല്ലോ എന്നായിരുന്നു ചിന്ത. വാർഡിലെല്ലാം പോയി മാലിന്യമെല്ലാം നീക്കിയിരുന്നു. അത്യാവശ്യം ചെയ്യേണ്ട പണികളൊന്നും ഞങ്ങൾ മുടക്കിയിരുന്നില്ല. ഇതെല്ലാം കഴിഞ്ഞ് ഓഫിസിൽ ഏഴ് മണിക്ക് എത്തിയപ്പോഴാണ് ടിപ്പറിൽ പോയി ഓടയിലെ മാലിന്യം നീക്കണമെന്ന പറയുന്നത്. പിറ്റേന്ന് ഞായറാഴ്ചയാണെന്നും അന്ന് ഞങ്ങൾ ആ പണി ചെയ്തോളാമെന്നും സാറിനോട് കഴിവതും പറഞ്ഞു നോക്കിയിരുന്നു. പോണമെന്നായിരുന്നു നിർബന്ധം. നിവൃത്തിയില്ലാതെ ഞങ്ങൾക്ക് ടിപ്പറിൽ പോവേണ്ടി വന്നു. തലേ ദിവസം മഴ പെയ്തതിനാൽ വെള്ളത്തിൽ കുതിർന്ന നിലയിലായിരുന്നു കോഴി വേസ്റ്റടക്കം. ഞങ്ങൾ ആ അഴുക്ക് വെള്ളത്തിൽ ആകെ കുതിർന്ന് പോയി. ഓഫിസിൽ എത്തിയപ്പോഴേക്ക് ഞങ്ങൾ നാറിപ്പോയിരുന്നു. ഡ്രസ് മാറ്റി കുളിച്ച് വരാനുള്ള സൗകര്യമൊന്നും ഓഫിസിൽ ഇല്ല. വേണമെങ്കിൽ കൈയും കാലും കഴുകാം അത്ര മാത്രം. പക്ഷേ അഴുക്കിൽ പൊതിഞ്ഞ് നിൽക്കുന്ന ഞങ്ങളെങ്ങനെയാണ് ഈ ഭക്ഷണം കഴിക്കുക, ഞങ്ങൾ ഇത് പുറത്ത് ആർക്കെങ്കിലും കൊടുത്താൽ വാങ്ങിക്കുമോ. വേറെ നിവൃത്തിയില്ലാതെയാണ് ഞങ്ങൾ ഭക്ഷണം ബിന്നിൽ ഉപേക്ഷിച്ചത്. വഴിയിൽ തള്ളാതെ വേണ്ട വിധം സംസ്കരിക്കുകയാണ് ഞങ്ങൾ ചെയ്തത്. ചങ്ക് പിടച്ചിട്ടാ ഞങ്ങൾ മുദ്രാവാക്യം വിളിച്ചത്. അതെങ്കിലും ഞങ്ങൾ ചെയ്യേണ്ട. ഞങ്ങളൊക്കെ പാവങ്ങളാണ്. പിടിത്തം കഴിഞ്ഞ് കിട്ടുന്ന പൈസ കൊണ്ട് അരിഷ്ടിച്ചാണ് ജീവിതം. അതിൽനിന്ന് ഒരു വിഹിതം എടുത്താണ് ഒരു നേരത്തെ സദ്യ കഴിക്കാൻ നിന്നത്. ഇപ്പോൾ ഞങ്ങൾ അഹങ്കാരികൾ. ഞങ്ങളുടെ ചങ്ക് കത്തുന്നത് ആർക്കും കാണണ്ടല്ലേ. ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലെന്നുണ്ടോ'' എന്നിങ്ങനെയായിരുന്നു കുറിപ്പ്.

ചാല സർക്കിളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തയാറാക്കിയ ഓണസദ്യ വലിച്ചെറിഞ്ഞ 11 പേർക്കെതിരെയാണ് മേയർ നടപടിയെടുത്തത്. ഓണാഘോഷം രാവിലെ ആരംഭിച്ചെങ്കിലും തങ്ങളെ പ​​ങ്കെടുപ്പിക്കാതെ ജോലിക്കയച്ചതിനെതിരെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞെത്തിയ ജീവനക്കാർ ഭക്ഷണം കഴിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് മാലിന്യത്തിൽ തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷ ജമീല ശ്രീധർ ചാല സർക്കിൾ ഹെൽത്ത് ഇൻസ്‍പെക്ടറോട് റിപ്പോർട്ട് തേടി. എച്ച്.ഐയുടെ റിപ്പോർട്ടിലും സെക്രട്ടറിതല അന്വേഷണത്തിലും ജീവനക്കാർ കുറ്റക്കാരാണെന്ന് പരാമർശിച്ചതോടെ, സ്ഥിരം ജീവനക്കാരായ ഏഴു പേരെ സസ്പെൻഡ് ചെയ്യാനും താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽനിന്ന് പിരിച്ചുവിടാനും മേയർ നിർദേശം നൽകുകയായിരുന്നു.

ഭക്ഷണത്തോട് കാണിച്ച നിന്ദ്യമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുവെന്ന് മേയർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. നടപടിയെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

മേയറുടെ കുറിപ്പ് ഇങ്ങനെയായിരുന്നു:

''ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാർക്ക് എതിരെ കർശന നടപടി. ചാല സർക്കിളിൽ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തയാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാർ സമരം എന്ന പേരിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവൃത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തിൽ അനുവദനീയമാണ്, അത് ആവശ്യവുമാണ്. എന്നാൽ, ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ, ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുള്ള സാധാരണ ജനങ്ങൾക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കൂ. ഓണാഘോഷത്തിന്റെ ഭാഗമായി തയാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തിൽ ആ ജീവനക്കാർ ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓർത്തിരുന്നുവെങ്കിൽ ക്രൂരവും നിന്ദ്യവുമായ ഈ പ്രവൃത്തി ചെയ്യാൻ നിശ്ചയമായും അറയ്ക്കുമായിരുന്നു. യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാൻ അനുവദിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്. 11 പേരാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടത്. അവരിൽ ഏഴുപേർ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി. ബാക്കി നാലുപേർ താൽക്കാലിക ജീവനക്കാരാണ്, അവരെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ തന്നെ തീരുമാനിക്കുകയും ചെയ്തു. ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകരുത് ഇനി ആരും''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CITUOnasadyaArya Rajendran
News Summary - CITU with pressure to correct the action against the employees who threw away the Onasadya
Next Story