പതിനേഴുകാരിക്ക് പീഡനം മാതാവിന്റെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്ന് ശിശുക്ഷേമ സമിതി
text_fieldsതൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ മാതാവിനും മുത്തശ്ശിക്കും പങ്കെന്ന് ജില്ല ശിശുക്ഷേമ സമിതി. ഇവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, ബന്ധുക്കളടക്കം കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 2020ൽ പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. 2020 അവസാനത്തോടെയാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുമാരമംഗലം സ്വദേശി ബേബിയെന്ന രഘു കുട്ടിയുടെ കുടുംബത്തെ സമീപിക്കുന്നത്. ഇയാളുടെ കൂടെയുള്ള തങ്കച്ചനാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്.
തുടർന്ന് പണം വാങ്ങി പെൺകുട്ടിയെ പലരുടെയും അടുത്ത് എത്തിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായ വിവരവും ബന്ധുക്കൾ മറച്ചുവെച്ചതായി സി.ഡബ്ല്യു.സി അധികൃതർ പറയുന്നു. എന്നാൽ, ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് പീഡനവിവരം പുറത്തായത്. പതിനഞ്ചോളം പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
കേസിൽ ആറ് പ്രതികളെ പോക്സോ ചുമത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുമാരമംഗലം മംഗലത്ത് വീട്ടില്‍ ബേബിയെന്ന രഘു (51), വർക്ഷോപ് ജീവനക്കാരൻ പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടില്‍ തോമസ് ചാക്കോ (27), തൊടുപുഴ ടൗണില്‍ ലോട്ടറി വില്പനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്ത് വീട്ടില്‍ ബിനു (43), വാഴക്കുളത്ത് കെ.എസ്.ഇ.ബി ജീവനക്കാരനായ കല്ലൂര്‍ക്കാട് വെള്ളാരംകല്ല് ഭാഗത്ത് വാളമ്പിള്ളില്‍ വീട്ടില്‍ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂര്‍ വീട്ടില്‍ തങ്കച്ചന് (56), മലപ്പുറം പെരിന്തല്‍മണ്ണ ചേതന റോഡില്‍ കെ.എസ്.ആര്.ടി.സി ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ ജോണ്സണ് (50) എന്നിവരാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നും തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു.