Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങറ പാക്കേജ്:...

ചെങ്ങറ പാക്കേജ്: റവന്യൂ മന്ത്രിയുടെ "പ്രയോറിറ്റി പ്രോഗ്രാമിൽ "ഉൾപ്പെടുത്താൻ തീരുമാനം

text_fields
bookmark_border
ചെങ്ങറ പാക്കേജ്: റവന്യൂ മന്ത്രിയുടെ പ്രയോറിറ്റി പ്രോഗ്രാമിൽ ഉൾപ്പെടുത്താൻ തീരുമാനം
cancel

തിരുവനന്തപുരം: ചെങ്ങറ പുനഃരധിവാസ പാക്കേജ് നടപ്പിലാക്കുന്ന വിഷയം റവന്യൂ മന്ത്രിയുടെ "പ്രയോറിറ്റി പ്രോഗ്രാമിൽ " ഉൾപ്പെടുത്താൻ ഉന്നതതലയോഗത്തിൽ തീരുമാനം. മന്ത്രി കെ. രാജന്റെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ ഈ വിഷയം 92 ാം റവന്യൂ സെക്രട്ടേറിയറ്റിന്റെ അജണ്ടയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. പത്തനംതിട്ട ഹാരിസൺസ് കമ്പനിയുടെ കൈവശമുള്ള കുമ്പഴ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സിവിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കും.

ഇടുക്കി കീഴാന്തൂർ വില്ലേജിൽ ചെങ്ങറ പുനഃരധിവാസത്തിനായി അനുവദിച്ച 350 ഏക്കർ റവന്യൂ ഭൂമി വാസയോഗ്യമല്ല. അതിനാൽ ഈ ഭൂമി വനവൽക്കരണത്തിന് നൽകും. ഇതിന് പകരമായി തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉഴമലയ്ക്കൽ വില്ലേജിൽ വനം വകുപ്പിന്റെ അധീനതയിലുള്ള 87.1 ഏക്കറും പാങ്ങോട് വില്ലേജിൽ 'കുമിൾ റിസർവി'ൽ ഉൾപ്പെട്ട 129.87 ഏക്കറും വനംവകുപ്പിൽനിന്ന് ഏറ്റെടുക്കണം. ആകെ 216.97 ഏക്കർ ഭൂമി, അർഹരായവർക്ക് പതിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.

വിവിധ താലൂക്ക് ലാൻഡ് ബോർഡുകൾ തീർപ്പാക്കിയതും അന്തിമഘട്ട നടപടികൾ ശേഷിക്കുന്നതും അന്യവശങ്ങളിൽ അല്ലാത്തതുമായ ഭൂമിയുടെ വിവരങ്ങൾ സംസ്ഥാന ലാൻഡ് ബോർഡിൽ നിന്നും ശേഖരിക്കും. സർക്കാർ പുറമ്പോക്ക് ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളുടെ ലഭ്യതയും പുനരധിവാസത്തിനായി പതിച്ചുനൽകാനുള്ള സാധ്യതയും പരിശോധിക്കാനും യോഗത്തിൽ തീരുമാനമായി.

പത്തനംതിട്ട ഹാരിസൺസ് കമ്പനിയുടെ കൈവശമുള്ള കുമ്പഴ എസ്റ്റേറ്റിലെ ചെങ്ങറയിൽ കുടിൽ കെട്ടി സമരം നടത്തിവന്നിരുന്ന ഭൂരഹിതരായ 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 10 ജില്ലകളിലായി 831 ഏക്കർ പുറമ്പോക്ക് ഭൂമി ചതിച്ച് നൽകുന്നതിന് 2017 ൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഭൂരഹിതരായ പട്ടിക വർഗ കുടുംബങ്ങൾക്ക് ഒരേക്കർ വീതവും, പട്ടികജാതി കുടുംബങ്ങൾക്ക് 50 സെന്റ് വീതവും, മറ്റ് വിഭാഗത്തിൽപ്പെട്ടവർക്ക് 25 സെന്റ് വീതവും ഭൂമി നൽകുവാനും അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ള കുടുംബങ്ങളേയും ഭൂരഹിതരായവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുവാനും പട്ടികവർഗ കുടുംബത്തിന് ഒന്നേകാൽ ലക്ഷവും പട്ടികജാതി കുടുംബത്തിന് ഒരു ലക്ഷവും മറ്റ് വിഭാഗക്കാർക്ക് 75,000 രൂപയും വീതം വീടു വെക്കുന്നതിന് നൽകാനുമാണ് തീരുമാനിച്ചത്.

ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം 945 പട്ടയം അനുവദിച്ചിരുന്നുവെങ്കിലും 912 പേർ മാത്രമാണ് പട്ടയം കൈപ്പറ്റിയത്. ലഭിച്ച ഭൂമി വാസയോഗ്യവും കൃഷിയോഗ്യവും അല്ലായെന്ന് പരാതി ഉയർന്നു. ഗുണഭോക്താക്കളിൽ പലരും ഭൂമിയിൽ താമസിക്കാതെ ചെങ്ങറ സമരഭൂമിയിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി.

499 കുടുംബങ്ങൾക്ക് അനുവദിച്ച ഭൂമി വാസയോഗ്യമാണെങ്കിലും നിലവിൽ 181 കുടുംബങ്ങൾ മാത്രമാണ് അനുവദിച്ച ഭൂമി താസമിക്കുന്നതിനോ കൃഷിക്കോ വിനിയോഗിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ജനസാന്ദ്രത കൂടിയതും ഭൂമിയുടെ ദൗർലഭ്യവും നേരിടുന്ന സംസ്ഥാനത്ത് ചെങ്ങറ പുനരധിവാസ പാക്കേജിലും സമാനമായ ഭൂസമരങ്ങളിലും ഉൾപ്പെട്ടവർക്ക് വാസയോഗ്യമായ ഭൂമി അനുവദിക്കുവാൻ നിലവിൽ സർക്കാരിന്റെ കൈവശം പുറമ്പോക്ക് ഭൂമി ലഭ്യമല്ല.

പുനരധിവാസ പാക്കേജ് പ്രകാരം അനുവദിച്ചതിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ പ്ലോട്ടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി വാസയോഗ്യമാക്കി മാറ്റാനാകുമോ എന്നത് പരിശോധിക്കണമെന്ന് 2022 ലെ ഇടക്കാല വിധിയിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിൻ പ്രകാരം സർക്കാർ ചുമതലപ്പെടുത്തിയ ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം സ്ഥലപരിശോധന നടത്തി. അവർ സമർപ്പിച്ച വിശദമായ റിപ്പോർട്ട് പ്രകാരം വയനാട് ജില്ലയിൽ അനുവദിച്ച ഭൂമി വാസയോഗ്യമല്ല.

എന്നാൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അനുവദിച്ച ഭൂമിയിൽ റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി വാസയോഗ്യമാക്കിക്കാൻ കഴിയുമെന്നും റിപ്പോർട്ട് ചെയ്തു. അതിനായി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 28.06 കോടി രൂപ ചെലവ് വരും. ഇക്കാര്യം ഹൈകോടതിയുടെ പരിഗണനയിലാണ്.

പുനരധിവാസത്തിനായി സർക്കാർ ഉത്തരവ് നൽകി 13 വർഷം കഴിഞ്ഞിട്ടും ഭൂരിഭാഗം ഗുണഭോക്താക്കൾക്കും വാസയോഗ്യമായ ഭൂമി പതിച്ച് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനുതകുന്ന നടപടികൾ സമയബന്ധിതമായി സ്വീകരിക്കണമെന്ന് മന്ത്രി കെ.രാജൻ നിർദേശിച്ചു. ചെങ്ങറ പുനരധിവാസ പാക്കേജ് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മേൽനോട്ടത്തിനായി സംസ്ഥാനതലത്തിൽ ഒരു സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തണെന്ന് ലാൻഡ് റവന്യൂ കമീഷണർ അഭിപ്രായപ്പെട്ടു. ഇക്കാര്യവും റവന്യൂ സെക്രട്ടേറിയറ്റിൽ ഉന്നയിക്കാൻ മന്ത്രി കെ. രാജൻ നിർദേശിച്ചു.

യോഗത്തിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യൂ കമീഷണർ ഡോ.എ. കൗശികൻ, ജോയിന്റ് കമീഷണർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chengara PackageRevenue Minister
News Summary - Chengara Package: Decision to include it in the "Priority Program" of the Revenue Minister
Next Story