തദ്ദേശസ്ഥാപനങ്ങൾക്ക് അഞ്ചുലക്ഷം വരെ സമൂഹമാധ്യമച്ചെലവിന് അനുമതി
text_fieldsകോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ ചെലവഴിക്കാൻ സർക്കാർ അനുമതി.
ഇതിന് വ്യക്തികളെ നിയോഗിക്കാൻ പാടില്ലെന്നും വിഷയത്തിൽ പ്രാവീണ്യമുള്ള സ്ഥാപനങ്ങളെയോ ഏജൻസികളെയോ ടെന്ററിലൂടെയോ, ക്വട്ടേഷൻ അടിസ്ഥാനത്തിലോ കരാർ അടിസ്ഥാനത്തിൽ നിമയമിക്കണമെന്നുമാണ് വ്യവസ്ഥ. കോഴിക്കോട്, കൊച്ചി കോർപറേഷൻ മേയർമാരുടെ അപേക്ഷകളിലാണ് സർക്കാർ അനുമതി. കോർപറേഷന് അഞ്ച് ലക്ഷം, മുനിസിപ്പാലിറ്റികൾക്ക് മൂന്ന് ലക്ഷം, ഗ്രാമപഞ്ചായത്തുകൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് പരമാവധി ചെലവഴിക്കാവുന്ന തുക.
തനത് ഫണ്ടിൽനിന്ന് പണ ലഭ്യതക്കനുസരിച്ച് കമ്മിറ്റി തീരുമാനത്തിന് വിധേയമായുമാണ് തുക ചെലവഴിക്കുന്നതിന് അനുമതി. ക്ഷേമ പദ്ധതികളെയും വികസന പദ്ധതികളെയും സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്.