കോഴിക്കോട്: പലഹാരങ്ങൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടെത്തിയ സംഭവത്തിൽ ബേക്കറി അടച്ചുപൂട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്‍സ് എന്ന ബേക്കറിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്‍റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
ബേക്കറിയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് കൂട്ടില്‍ ഓടിനടക്കുന്ന വലിയ എലിയെ കണ്ടത്. ഇവര്‍ മൊബൈലിൽ വിഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറുകയായിരുന്നു.
വിഡിയോ ലഭിച്ചതിന് പിന്നാലെ ഡോ.വിഷ്ണു, എസ്. ഷാജി, ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് ബേക്കറിയില്‍ മിന്നല്‍ പരിശോധന നടത്തി. ഇവരുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി. കമീഷണര്‍ എം.ടി. ബേബിച്ചന്‍ ബേക്കറിയുടെ ലൈസന്‍സ് റദ്ദാക്കി.
ബേക്കറിയുടെ അടുക്കളയിലും മറ്റും എലിയുടെ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണവിപണനം നടത്തുന്നുവെന്നും ഈ സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കുന്നത് മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം പറഞ്ഞു.
വിഡിയോ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് കൈമാറിയ വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.