വിള നഷ്ടപരിഹാരം തുച്ഛം; വര്‍ഷങ്ങളായി പണവുമില്ല
text_fieldsആലപ്പുഴ: കാര്‍ഷിക മേഖലക്ക് ഉണര്‍വ് പകരുന്ന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും വിള നഷ്ടം സംഭവിച്ച കര്‍ഷകരോട് അധികാരികള്‍ക്ക് ചിറ്റമ്മ നയം. തുച്ഛമായ സഹായം മാത്രമാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതുതന്നെ കൊടുക്കുന്നുമില്ല. ആയിരക്കണക്കിന് വിള നഷ്ട അപേക്ഷകളാണ് സംസ്ഥാനത്തെ കൃഷിഭവനുകളില്‍ കെട്ടിക്കിടക്കുന്നത്. കാലവര്‍ഷം ഉള്‍പ്പെടെയുള്ള കെടുതികളില്‍ വന്‍ നഷ്ടമാണ് ഓരോ വര്‍ഷവും കാര്‍ഷിക മേഖലക്ക് സംഭവിക്കുന്നത്. ചെലവിന് ആനുപാതികമായ നഷ്ടപരിഹാരം എന്ന കര്‍ഷകരുടെ ആവശ്യത്തിന് ഇതുവരെ ഒരു പരിഗണനയും ലഭിച്ചിട്ടില്ല.
കേന്ദ്ര സര്‍ക്കാറിന്‍െറ നിഷേധ നിലപാടാണ് വിലങ്ങുതടിയെന്ന് പറഞ്ഞ് കൃഷിവകുപ്പ് തടിയൂരുകയാണ്. ഭാരിച്ച ചെലവിന്‍െറയും അനുബന്ധമായ പ്രയാസങ്ങളുടെയും കണക്കുകള്‍ നഷ്ടപരിഹാര കണക്കില്‍ വരുന്നതേയില്ല. കുലച്ച വാഴ വീണാല്‍ ഒന്നിന് 100 രൂപ, കുലക്കാത്തതിന് 75 രൂപ, 25 സെന്‍റിലെ മരച്ചീനി നശിച്ചാല്‍ 150 രൂപ, പത്തുസെന്‍റിലെ മഞ്ഞള്‍ നശിച്ചാല്‍ 120 രൂപ, ഇഞ്ചി നശിച്ചാല്‍ 150 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാര നിരക്ക്. ഒരു ഹെക്ടറിലെ പയറുവര്‍ഗ വിള മോശമായാല്‍ 100 രൂപയാണ് കിട്ടുക. പത്തുസെന്‍റിലെ പച്ചക്കറി പോയാല്‍ 200 രൂപയെ കര്‍ഷകന് നഷ്ടപരിഹാരം ലഭിക്കൂ. ഇത്തരം വിചിത്രമായ വിളനഷ്ട സഹായ കണക്കുകളാണ് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കൊപ്പം ഉള്ളത്.
ചെലവിന്‍െറയും വിലക്കുറവിന്‍െറയും വിള നഷ്ടത്തിന്‍െറയും പേരിലാണ് കര്‍ഷകര്‍ കാര്‍ഷിക മേഖലയില്‍നിന്ന് പിന്തിരിയുന്നത്. കൂലിച്ചെലവ് മാത്രമല്ല, വളം, മരുന്ന്, കീടനാശിനി എന്നിവക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. കാറ്റിലും മഴയിലും വേനലിലും കൃഷി നശിക്കുമ്പോള്‍ കര്‍ഷകരുടെ ചെലവിന് അനുസൃതമായ മാനദണ്ഡത്തിന്‍െറ അടിസ്ഥാനം സഹായധനത്തില്‍ ഉണ്ടാകുന്നില്ല. ഇടിമിന്നലില്‍ തെങ്ങ് നശിച്ചാല്‍ അത് കെടുതിയുടെ കണക്കില്‍ പെടുത്താറുമില്ല.
കഴിഞ്ഞ രണ്ടുവര്‍ഷമായി നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതിനാലാണ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത്. അപേക്ഷ കൊടുക്കാനും സഹായം എത്തിയോ എന്ന് അറിയാനും കര്‍ഷകര്‍ കൃഷിഭവനുകളിലേക്ക് നടത്തുന്ന യാത്രാക്കൂലി പോലും അവര്‍ക്ക് സഹായകമായി ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഒട്ടേറെ നൂലാമാലകളും നിബന്ധനകളുമാണ് ഇക്കാര്യത്തില്‍ ഉള്ളത്. അല്‍പമെങ്കിലും ആശ്വാസം നെല്‍കര്‍ഷകര്‍ക്ക് മാത്രമാണ്. പച്ചക്കറി കൃഷിയില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് അവകാശപ്പെടുമ്പോഴാണ് വിളനഷ്ടത്തിന്‍െറ കാര്യത്തില്‍ പിന്തിരിപ്പന്‍ സമീപനം. അപേക്ഷകളില്‍ എന്ന് തീര്‍പ്പുണ്ടാകുമെന്ന് പറയാനും കഴിയാത്ത അവസ്ഥയാണ്.
വിളനഷ്ടത്തിനുള്ള സഹായം പരിമിതമാണെന്നും കാലാനുസൃതമായി അതിന് മാറ്റമുണ്ടാകുമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സര്‍ക്കാറാണ് ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതെന്നും വിള നഷ്ട സഹായത്തോട് അവര്‍ക്ക് യാതൊരു പ്രതിബദ്ധതയും ഇല്ളെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഉല്‍പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കുന്ന കേന്ദ്രം ഇക്കാര്യത്തില്‍ ആത്മാര്‍ഥത കാണിക്കുന്നില്ല. കേന്ദ്ര സഹായവും നിലച്ചമട്ടാണ്. വാഴ, മരച്ചീനി, പച്ചക്കറി എന്നിവക്കുള്ള നഷ്ടപരിഹാരം കാലത്തിന് അനുസൃതമായി ഉയര്‍ത്തേണ്ടതാണ്. സര്‍ക്കാര്‍ അത് ഗൗരവമായി പരിശോധിക്കുമെന്നും സമഗ്ര ഇന്‍ഷുറന്‍സിന്‍െറ പരിധിയില്‍ കര്‍ഷകരെ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.